യൂബർ ടാക്സി ഡ്രൈവറുടെ അറസ്റ്റ് കോടതി തടഞ്ഞു

സ്ത്രീകളുടെ ആക്രമത്തിനിരയായ യൂബർ ഡ്രൈവർ ഷെഫീഖിന്റെ അറസ്റ്റ് ഹൈക്കോടതി തടഞ്ഞു.അടിയന്തരമായി മുൻ കൂർ ജാമ്യം നൽകണമെന്നാവശ്യപ്പെട്ട് ഷെഫീഖ് നൽകിയ ഹർജി പരിഗണിച്ചപ്പോളാണ് കോടതി അറസ്റ്റ് തടഞ്ഞ് ഉത്തരവിട്ടത്.
ഷെഫീഖിനെതിരെ ജാമ്യമില്ലാ വകുപ്പുകൾ ചുമത്തി പോലീസ് കേസെടുത്തിരുന്നു സ്ത്രീത്വത്തെ അപമാനിച്ചുവെന്ന യുവതികളുടെ പരാതിയിലാണ് മരട് പോലീസിന്റെ നടപടി. ഇതേത്തുടർന്നാണ് ഷെഫീഖ് മുൻകൂർ ജാമ്യാപേക്ഷ നൽകിയത്.
പോലീസിനെതിരെ രൂക്ഷവിമർശമുന്നയിച്ച കോടതി ഏത് സാഹചര്യത്തിലാണ് കേസെടുത്തതെന്ന കാരണം വിശദമാക്കി റിപ്പോർട്ട് നൽകാൻ മരട് സബ് ഇൻസ്പെക്ടറോട് ആവശ്യപ്പെട്ടു. ഈ റിപ്പോർട്ട് ലഭിച്ച ശേഷമായിരിക്കും കേസിലെ തുടർ നടപടി
വൈറ്റില ജങ്ഷനിൽ വച്ചാണ് കഴിഞ്ഞ ബുധനാഴ്ച കുമ്പളം സ്വദേശിയായ ഡ്രൈവർ താനത്ത് വീട്ടിൽ ഷെഫീഖിന് മർദനമേറ്റത്. കരിങ്കല്ലുകൊണ്ട് തലയ്ക്ക് അടിയേറ്റ ഷെഫീഖ് എറണാകുളം ജനറൽ ആശുപത്രിയിൽ ചികിത്സ തേടിയിരുന്നു.
ഡ്രൈവറെ മർദ്ദിച്ച സ്ത്രീകളെ നാട്ടുകാർ തടഞ്ഞുവച്ചാണ് പോലീസിന് കൈമാറിയത്. എന്നാൽ യുവതികൾ ക്കെതിരെ ജാമ്യം ലഭിക്കുന്ന വകുപ്പുകളാണ് പോലീസ് ചുമത്തിയത്. തൊട്ടുപിന്നാലെയാണ് ജാമ്യമില്ലാ വകുപ്പുകൾ ചുമത്തി ഡ്രൈവർക്കെതിരെ കേസെടുത്തിട്ടുള്ളത്.
ഷെയർ ടാക്സി വിളിച്ചതുമായി ബന്ധപ്പെട്ട് നടന്ന തർക്കത്തിനൊടുവിലായിരുന്നു യുവതികളുടെ മർദ്ദനം. അക്രമം നടത്തിയ സ്ത്രീകൾ ഷെഫീഖിന്റെ യൂബർ ടാക്സി ബുക്ക് ചെയ്തിരുന്നു.
ഷെയർ ടാക്സി സംവിധാനത്തിലൂടെയാണ് ബുക്ക് ചെയ്തത്. ഇതിനിടെ, എറണാകുളത്ത് നിന്നും തൃപ്പൂണിത്തറയിലേക്ക് പോവുകയായിരുന്ന ഷെഫീഖിന്റെ വാഹനത്തിൽ മറ്റൊരു യാത്രക്കാരൻ കൂടിയുണ്ടായിരുന്നു.
സ്ത്രീകളെ കയറ്റാൻ വൈറ്റിലയിൽ എത്തിയ ഷെഫീഖിനോട് വണ്ടിയിലെ യാത്രക്കാരനെ ഇറക്കിവിടണമെന്നാവശ്യപ്പെട്ടാണ് സ്ത്രീകൾ തർക്കം തുടങ്ങിയത്. ഷെയർ ടാക്സി സംവിധാനത്തിലൂടെയാണ് നിങ്ങൾ ബുക്ക് ചെയ്തിട്ടുള്ളതെന്ന് ഷെഫീഖ് പറഞ്ഞിട്ടും ഇവർ സമ്മതിച്ചില്ല. തർക്കത്തിനിടെ കരിങ്കല്ല് കൊണ്ട് തലക്കിട്ടടിക്കുകയും കടിക്കുകയും ചെയ്തുവെന്ന് ഷെഫീഖ് പോലീസിന് നല്കിയ പരാതിയിൽ പറയുന്നു.
എന്നാൽ ഡ്രൈവർ തങ്ങളെ അസഭ്യം പറഞ്ഞതാണ് പ്രശ്നങ്ങൾക്ക് കാരണമെന്ന് യുവതികൾ ആരോപിച്ചിരുന്നു. ഡ്രൈവർ ഫോൺ ചെയ്ത് വിളിച്ചുവരുത്തിയ ആളുകളാണ് തങ്ങളെ തടഞ്ഞുവച്ചതെന്നും യുവതികൾ ആരോപിച്ചിരുന്നു.
https://www.facebook.com/Malayalivartha





















