ഗോളടിച്ച് പിണറായി തുടങ്ങി

ഫിഫ അണ്ടർ- 17 ഫുട്ബോൾ ലോകകപ്പിന്റെ പ്രചരണത്തിനായി സംഘടിപ്പിച്ച വൺ മില്യൻ ഗോൾ പരിപാടിക്ക് തുടക്കമായി. ഇന്ന് ഉച്ചതിരിഞ്ഞ് മൂന്ന് മണിയോടെ തിരുവനന്തപുരം ചന്ദ്രശേഖരൻ നായർ സ്റ്റേഡിയത്തിൽ ഗോളടിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ സംസ്ഥാനതല ഉദ്ഘാടനം നിർവഹിച്ചു. ഇന്ന് വൈകീട്ട് ഏഴ് മണി വരെ സംസ്ഥാനത്തിന്റെ വിവിധയിടങ്ങളിലായി വൺ മില്യൻ ഗോൾ പരിപാടി നടക്കുന്നത്. കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽ തയ്യാറാക്കിയ ഗോൾ പോസ്റ്റുകളിൽ പത്തു ലക്ഷം പേർ ഗോളടിക്കും. സ്പോർട്സ് കൗൺസിൽ, കായിക യുവജനകാര്യ വകുപ്പ്, നെഹ്‌റു യുവകേന്ദ്ര, യുവജനക്ഷേമ ബോർഡ് എന്നിവരുടെ സഹകരണത്തോടെയാണ് പരിപാടി സംഘടിപ്പിക്കുന്നത്.
മുഖ്യമന്ത്രിക്കു പുറമെ മന്ത്രി കടന്നപ്പള്ളി രാമചന്ദ്രനും കായികമന്ത്രി എസി മൊയ്തീനും മറ്റ് മന്ത്രിമാരും എംഎൽഎമാരും പരിപാടിയിൽ പങ്കാളികളായി. സിഎം ഇലവനും സ്പീക്കർ ഇലവനും തമ്മിലുള്ള മത്സരവും സംഘടിപ്പിച്ചിട്ടുണ്ട്.ഓരോ പഞ്ചായത്തിലും കുറഞ്ഞത് രണ്ടും മുനിസിപ്പാലിറ്റിയിൽ അഞ്ചും കോർപ്പറേഷനിൽ പത്തും ഗോൾ പോസ്റ്റുകളാണ് ക്രമീകരിക്കുന്നത്. ഓരോ ഗോൾപോസ്റ്റിലും രണ്ടു വീതം വോളന്റിയർമാരെ നിയോഗിച്ചാണ് ഗോളടിക്കുന്നത്.
എല്ലാ വിഭാഗത്തിൽപ്പെട്ടവർക്കും പ്രായലിംഗഭേദമെന്യേ പരിപാടിയിൽ പങ്കെടുക്കാം. ഒരു വ്യക്തിക്ക് ഒരു ഗോൾ മാത്രമേ അനുവദിക്കൂ. ഗോൾ കീപ്പർ ഉണ്ടാകുന്നതല്ല. പെനാൽറ്റി സ്പോട്ടിൽനിന്നാണ് കിക്കുകൾ എടുക്കേണ്ടത്. വൺ മില്യൺ ഗോളിനു വേണ്ടി പ്രത്യേക മൊബൈൽ അപ്ലിക്കേഷൻ തയ്യാറാക്കിയിട്ടുണ്ട്. മൊബൈൽ ആപ്ലിക്കേഷനിലൂടെ ഗോളുകളുടെ എണ്ണം തിട്ടപ്പെടുത്തും. പ്രത്യേകം തയ്യാറാക്കിയ മൊബൈൽ ആപ്ലിക്കേഷൻ വഴിയാണ് ഗോളുകൾ റിപ്പോർട്ട് ചെയ്യേണ്ടത്.
https://www.facebook.com/Malayalivartha





















