ഐ.വി ശശി ഇനി കാണാമറയത്ത്; സംസ്‌കാരം ചെന്നൈ പോരൂര്‍ ശ്മശാനത്തില്‍

കലയും കച്ചവടവും ചേര്‍ത്ത് വെച്ച് മലയാളസിനിമയ്ക്ക് പുതിയ ദൃശ്യഭാഷ നല്‍കിയ സംവിധായകന്‍ ഐ.വി ശശി ഇനി ഓര്‍മ. ചെന്നൈ പോരൂര്‍ വൈദ്യുതി ശ്മശാനത്തില്‍ അദ്ദേഹത്തിന്റെ സംസ്‌കാരം നടത്തി. മകന്‍ അനി ശശിയും അടുത്തചില ബന്ധുക്കളും അന്ത്യകര്‍മങ്ങള്‍ നിര്‍വഹിച്ചു. പ്രിയസംവിധായകന് അന്ത്യാഞ്ജലി അര്‍പ്പിക്കാന്‍ തെന്നിന്ത്യന്‍ സിനിമാലോകത്ത് നിന്നും ധാരാളം പേരെത്തി. ബുധനാഴ്ച രാവിലെ കമലാഹാസന്‍, മമ്മൂട്ടി, മോഹന്‍ലാല്‍, സുരേഷ്‌ഗോപി, റഹ്മാന്‍, അംബിക, അശോകന്‍, ഖുശ്ബു തുടങ്ങി നിരവധി പേരെത്തി. അടുത്ത സുഹൃത്തുക്കളും സംവിധായകരുമായ ഹരിഹരനും പ്രിയദര്‍ശനും മരണവിവരം അറിഞ്ഞത് മുതല്‍ സാലിഗ്രാമിലെ വീട്ടിലുണ്ടായിരുന്നു.
മകള്‍ അനു ഓസ്‌ട്രേയിയയില്‍ നിന്ന് ബുധനാഴ്ച രാവിലെ പതിനൊന്നെരയോടെ ചെന്നൈയിലെ വീട്ടിലെത്തിയിരുന്നു. കഴിഞ്ഞ ദിവസം രാത്രി മകളെ കാണാന്‍ പോകാനിരിക്കെയാണ് മരണം സംഭവിച്ചത്. ദേഹാസ്വാസ്ഥ്യം സംഭവിച്ചതിനെ തുടര്‍ന്ന് അദ്ദേഹത്തെ ആശുപത്രിയിലേക്ക് കൊണ്ടുപോകും വഴിയായിരുന്നു മരണം സംഭവിച്ചത്. ഐ.വി ശശിയുടെ ആദ്യകാല ചിത്രങ്ങളുടെ നിര്‍മാതാക്കളും സുഹൃത്തുക്കളുമായ പി.വി ഗംഗാധരനും ലിബര്‍ട്ടി ബഷീറും ചൊവ്വാഴ്ച ചെന്നൈയിലെ വീട്ടിലെത്തിയിരുന്നു. മലയാളസിനിമാ സംഘടനകളെ പ്രതിനിധീകരിക്ക് നിര്‍മാതാവ് സുരേഷ് കുമാര്‍, ജി.എസ് വിജയന്‍ തുടങ്ങിയവര്‍ അന്ത്യോപചാരം അര്‍പ്പിച്ചു.
https://www.facebook.com/Malayalivartha























