റോഡരികിലെ കുഴിയിലിറങ്ങി പൈപ്പിടുന്നതിനിടെ സ്കൂൾ ബസ് കയറി കരാർ ജീവനക്കാരന് ദാരുണാന്ത്യം

റോഡരികിലെ കുഴിയിലിറങ്ങി കുടിവെള്ള പൈപ്പിടുന്നതിനിടെ സ്കൂൾ വാൻ കയറി കരാർ ജീവനക്കാരന് ദാരുണാന്ത്യം. ആലുവ മുപ്പത്തടം ചാളപ്പടി നാൽപതുപാറയിൽ സുബ്രഹ്മണ്യൻ (സുപ്രൻ -55) ആണ് മരിച്ചത്. നെട്ടൂർ ധന്യാ റോഡിൽ ഉച്ചയ്ക്ക് രണ്ടരയോടെയാണ് സംഭവം.
ധന്യാ റോഡിലെ ഒരു വീട്ടിലേക്ക് കുടിവെള്ള പൈപ്പിടാൻ റോഡരികിൽ കുഴിയെടുത്ത് അതിനുള്ളിലിരുന്ന് പൈപ്പുകൾ ബന്ധിപ്പിക്കുന്ന ജോലി ചെയ്യുന്നതിനിടെയായിരുന്നു അപകടം. ഇതേ റോഡിലൂടെ വന്ന് കുട്ടികളെ ഇറക്കിയശേഷം മുന്നോട്ടു പോയ ബസ്, ഈ സമയം തൊട്ടുമുന്നിൽ മൂന്നടിയോളം താഴ്ചയുള്ള കുഴിയിൽ ഇറങ്ങിയിരുന്ന് പൈപ്പ് ബന്ധിപ്പിക്കുകയായിരുന്ന സുപ്രന്റെ ദേഹത്തുകൂടി കയറിയിറങ്ങുകയായിരുന്നു.
സംഭവം അറിഞ്ഞ് ഓടിയെത്തിയവർ കുഴിയിൽ പതിഞ്ഞുപോയ സുപ്രനെ ഉടൻ പുറത്തെടുത്തു. സമീപത്തെ വീട്ടിൽ നിന്നു കൊണ്ടുവന്ന വെള്ളം കുടിക്കുന്നതിനിടെ കുഴഞ്ഞു വീണ ഇദ്ദേഹത്തെ ഉടൻ നെട്ടൂരിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
https://www.facebook.com/Malayalivartha























