കടിഞ്ഞൂല്‍ പ്രസവത്തില്‍ ദമ്പതികള്‍ക്ക് നാല് കുഞ്ഞുങ്ങള്‍

കന്നി പ്രസവത്തില്‍ ദമ്പതികള്‍ക്ക് പിറന്നത് നാല് പിഞ്ചോമനകള്‍. നെടുമങ്ങാട് അരശുപറമ്പ് തച്ചരുകോണം ജീവ ഭവനില്‍ ജിതിന്‍-ആശ ദമ്പതികള്‍ക്കാണ് നാല് കുഞ്ഞുങ്ങളെ ലഭിച്ചത്. തലസ്ഥാനത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു പ്രസവം. ഒന്നരമാസം മുമ്പ് പ്രസവം നടന്നുവെങ്കിലും കുട്ടികളുടെ ആരോഗ്യാവസ്ഥയും പ്രതിരോധ സുരക്ഷയും മുന്‍നിര്‍ത്തി കര്‍ശന നിരീക്ഷണത്തിലായിരുന്നു.
ആശയും കുഞ്ഞുങ്ങളും പൂര്‍ണമായി ആരോഗ്യസ്ഥിതിയിലെത്തിയെന്ന് ആശുപത്രി അധികൃതര്‍ ഉറപ്പാക്കിയശേഷമാണ് വീട്ടിലെത്താന്‍ അനുവാദം നല്‍കിയത്. കഴിഞ്ഞ ദിവസം വീട്ടിലെത്തിയ ആശയെയും കുഞ്ഞുങ്ങളെയും ആഘോഷപൂര്‍വമാണ് ബന്ധുക്കളും അയല്‍വാസികളും വരവേറ്റത്. സന്തോഷം പങ്കുവെച്ച നാട്ടുകാര്‍ മധുരപലഹാരങ്ങള്‍ വിതരണം ചെയ്തു.
ഒരാണ്‍കുഞ്ഞും മൂന്ന് പെണ്‍കുഞ്ഞുങ്ങളുമാണ് ലഭിച്ചത്. അശ്വജിത് എന്നാണ് ആണ്‍കുഞ്ഞിന്റെ പേര്. ആര്യജിത്, അനന്യജിത്, അനഘജിത് എന്നിങ്ങനെയാണ് പെണ്‍കുട്ടികള്‍ക്ക് പേരിട്ടത്. മിനിറ്റുകളുടെ വ്യത്യാസത്തില്‍ നടന്ന പ്രസവത്തില്‍ ലഭിച്ച നാല് കുഞ്ഞുങ്ങളെയും പൂര്‍ണ ആരോഗ്യത്തോടെ ലഭിക്കണമെന്ന പ്രാര്‍ത്ഥനയിലായിരുന്നു ആശയും ജിതിനും.
ദൈവം പ്രാര്‍ത്ഥന കേട്ടുവെന്ന സന്തോഷത്തിലാണ് ആശ. കുരുന്നുകലെ ലാളിക്കാനും കൊഞ്ചിക്കാനുമുള്ള തെരക്കിലാണ് ബന്ധുക്കളും നാട്ടുകാരും. ഒരുമുറിയില്‍ തന്നെ മെത്തയൊരുക്കി നാലുപേരെയും ഒരുമിച്ച് കിടത്തിയാണ് ആശയും മുത്തശ്ശിമാരും കുരുന്നുകളെ ശുശ്രൂഷിക്കുന്നത്. സ്വകാര്യ വ്യവസായ സ്ഥാപനത്തിലെ ജീവനക്കാരനായ ജിതിന്‍ അവധിയെടുത്താണ് മക്കളെ ശുശ്രൂഷിക്കുന്നത്.
https://www.facebook.com/Malayalivartha























