പള്ളിവികാരിയെ ഉറക്കഗുളിക നൽകി മയക്കികിടത്തി സുഹൃത്തുക്കൾ തട്ടിയത് ലക്ഷങ്ങൾ!!

പള്ളിവികാരിക്ക് രാത്രി ഭക്ഷണത്തിൽ മയക്കുമരുന്നു നൽകി വൻകവർച്ച. വിജയപുരം രൂപതയുടെ മറയൂർ സെന്റ് മേരീസ് കത്തോലിക്ക പള്ളിയിൽ നിന്നാണ് ഒന്നരലക്ഷം രൂപയും ഒരുലക്ഷം രൂപ വിലമതിക്കുന്ന കാമറയും ലാപ്പ് ടോപ്പും മൊബൈൽ ഫോണും കവർച്ച ചെയ്തത്. പള്ളിമുറിയിൽ അവശനിലയിൽ കണ്ട വികാരി ഫാ. ഫ്രാൻസിസ് നെടുംപറന്പിനെ മറയൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
വികാരിയുടെ പരിചയക്കാരനായ ബംഗളൂരു സ്വദേശി ഹേമന്ദ്, ഇയാളോടൊപ്പം എത്തിയ സുദേവ് എന്നിവരാണ് വൈദികന് മയക്കുമരുന്ന് നൽകി മോഷണം നടത്തിയത്. മറയൂർ പള്ളിയിലേക്ക് സ്ഥലംമാറി എത്തുന്നതിനുമുൻപ് ഫാ. ഫ്രാൻസിസ് ബംഗളുരുവിലെ സെന്റ് ജോസഫ് മെഡിക്കൽ കോളജിൽ ചാപ്ലിനായിരുന്നു. ഇവിടെവച്ചാണ് ഹേമന്ദിനെ പരിചയപ്പെടുന്നത്. സിംഗപ്പൂരിൽനിന്ന് എംബിബിഎസ് പഠനം നടത്തിയെന്നും എംഡി പഠിക്കുന്നതിനായാണ് ബംഗളുരുവിൽ എത്തിയതെന്നും പറഞ്ഞാണ് പരിചയപ്പെട്ടത്. പിന്നീട് മറയൂരിലേക്ക് സ്ഥലം മാറിയപ്പോഴും ഫോണിലുടെ ഫാ. ഫ്രാൻസിസുമായി ബന്ധപ്പെടുകയും പരിചയം നിലനിർത്തുകയും ചെയ്തിരുന്നു.
24നു പുലർച്ചെ ഹേമന്ദും സുഹൃത്തായ സുദേവും ഉദുമലപേട്ട - മൂന്നാർ കെഎസ്ആർടിസി ബസിൽ മറയൂർ പള്ളിയിലെത്തി. പരിചയക്കാരനായതിനാൽ പള്ളിയിലെ അതിഥിമന്ദിരത്തിൽ താമസിപ്പിച്ചു. അടുത്തദിവസം മറയൂർ മേഖലയിൽ ചുറ്റി സഞ്ചരിച്ചശേഷം വൈകുന്നേരം പള്ളിയിൽ മടങ്ങിയെത്തിയ ഹേമന്ദ് രാത്രിഭക്ഷണം തങ്ങൾ തയാറാക്കാമെന്നു പറഞ്ഞു. ചപ്പാത്തിയും വെജിറ്റബിളും പാകം ചെയ്ത് ഫാ. ഫ്രാൻസിസിനു നൽകി. ഭക്ഷണം കഴിച്ച് കുറച്ചു സമയത്തിനൂള്ളിൽതന്നെ വൈദികൻ മയക്കത്തിലായി. പിന്നീടാണ് കവർച്ച നടത്തിയത്.
പള്ളിവക സ്ഥലത്തുള്ള കരിന്പ് കൃഷിയിലെ ശർക്കര വിറ്റ് ലഭിച്ച ഒന്നരലക്ഷം രൂപയാണ് മുറിയിൽ സൂക്ഷിച്ചിരുന്നത്. ഈ പണവും മൊബൈൽ ഫോണും കാമറയുമാണ് തട്ടിയെടുത്തത്. ഇടവകാംഗങ്ങൾ ഇന്നലെ രാവിലെ കുർബാനക്കെത്തിയപ്പോഴാണ് ഫാ. ഫ്രാൻസിസിനെ അവശനിലയിൽ കണ്ടത്. മുറി പരിശോധിച്ചപ്പോഴാണ് ഹേമന്ദിനേയും സുദേവിനെയും കാണാനില്ലെന്നും മോഷണം നടന്ന വിവരവും അറിയുന്നത്. പിന്നീട് പോലീസിനെ വിവരം അറിയിക്കുകയായിരുന്നു.
https://www.facebook.com/Malayalivartha























