നടി ആക്രമിക്കപ്പെട്ട കേസില്‍ ദിലീപിനെതിരെയുള്ള കുറ്റപത്രത്തിൽ പ്രധാന സാക്ഷികൾ ഭാര്യ കാവ്യാമാധവനും ഉറ്റസുഹൃത്തും

നടി ആക്രമിക്കപ്പെട്ട കേസില്‍ ദിലീപിന്റെ ഭാര്യ കാവ്യാമാധവനും ഉറ്റ സുഹൃത്ത് നാദിര്‍ഷയും സാക്ഷികള്‍. കേസില്‍ ദിലീപിനെതിരെ കുറ്റപത്രം സമര്‍പ്പിക്കാനൊരുങ്ങുന്ന സാഹചര്യത്തിലാണ് ഇരുവരെയും സാക്ഷികളാക്കി അന്വേഷണസംഘം കുറ്റപത്രം സമർപ്പിക്കാൻ ഒരുങ്ങുന്നത്.
ഇവര്‍ക്ക് പുറമേ ദിലീപിന്റെ മാനേജര്‍ അപ്പുണ്ണി ഉള്‍പ്പെടെ അനേകരാണ് സാക്ഷിപ്പട്ടികയില്‍ ഉള്ളത്. അപ്പുണ്ണി നല്‍കിയിരിക്കുന്ന മൊഴി ദിലീപിനെതിരാകുമെന്നും സൂചനയുണ്ട്. ദിലീപിനെതിരേ ഏറ്റവും വലിയ തെളിവു ശേഖരണമാണ് പോലീസ് നടത്തിയിരിക്കുന്നത്.
ഒരു തെളിവ് സാധൂകരിക്കാന്‍ മാത്രം അഞ്ചും ആറും ഉപതെളിവുകളാണ് നല്കിയിരിക്കുന്നത്. കുറ്റപത്രം ഉടന്‍ സമര്‍പ്പിക്കുമെന്നാണ് റിപ്പോര്‍ട്ട്. ഇതിന് പുറമേ ആക്രമിക്കപ്പെട്ട നടി ദിലീപിനെതിരേ നിലപാട് കടുപ്പിച്ചതായും അവര്‍ ഇക്കാര്യം പോലീസില്‍ അറിയിച്ചെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
കുറ്റപത്രത്തില്‍ ദിലീപിനെ ഒന്നാംപ്രതിയാക്കുന്നതിനുള്ള നിയമോപദേശം നേരത്തെ അന്വേഷണ സംഘം തേടിയിരുന്നു. കുറ്റംചെയ്യുന്നതിന് തുല്യമാണ് ഗൂഡാലോചനയെന്നായിരുന്നു വിലയിരുത്തല്‍. നടി ആക്രമിക്കപ്പെട്ടിട്ട് എട്ടുമാസങ്ങള്‍ പിന്നിടുമ്പോൾ കേസിലെ ഗൂഢാലോചനക്കുറ്റത്തിന് അറസ്റ്റിലായ നടന്‍ ദിലീപിനെതിരെയുളള കുറ്റപത്രം തയ്യാറാകുന്നത്.

കൂട്ട മാനഭംഗം, ഗൂഢാലോചന, തട്ടിക്കൊണ്ടുപോകല്‍, തെളിവ് നശിപ്പിക്കല്‍, പ്രതിയെ സംരക്ഷിക്കല്‍, തൊണ്ടി മുതല്‍ സൂക്ഷിക്കല്‍, ഭീഷണി, അന്യായമായി തടങ്കലില്‍ വെയ്ക്കല്‍ എന്നീ വകുപ്പുകളാണ് ദിലീപിനെതിരെ ചുമത്തുന്നത്. കുറ്റപത്രത്തിനൊപ്പം നല്‍കാന്‍ നേരിട്ടുളള തെളിവുകളുടെയും സാഹചര്യ തെളിവുകളുടെയും അനുബന്ധ റിപ്പോര്‍ട്ടും പൊലീസ് തയ്യാറാക്കി.
https://www.facebook.com/Malayalivartha























