പണയ സ്വര്‍ണ്ണത്തിന് പകരമായി മുക്കുപണ്ടം നൽകി തട്ടിപ്പ്; മുഖ്യപ്രതി രമ പിടിയിൽ

കണ്ണൂര്‍ ജില്ലാ സഹകരണ ബാങ്ക് തളിപ്പറമ്പ് ശാഖയില്‍ നിന്നും പണയ സ്വര്‍ണ്ണത്തിന് പകരമായി മുക്കുപണ്ടം തിരികെ നല്‍കി തട്ടിപ്പ് നടത്തിയ കേസില്‍ മുഖ്യപ്രതി അറസ്റ്റില്‍. ബാങ്കിലെ അസി.മാനേജര്‍ ചെറുകുന്ന് ഗേള്‍സ് ഹൈസ്‌കൂളിന് സമീപത്തെ തൂണോളി വീട്ടില്‍ ടി.വി രമ(49) യെയാണ് തളിപ്പറമ്പ് എസ്.ഐ പി.എ ബിനുമോഹനും സംഘവും അറസ്റ്റ് ചെയ്തത്.
സ്വര്‍ണ്ണ പണയ തട്ടിപ്പ് നടത്തിയ കേസിലെ മുഖ്യപ്രതിയാണ് രമ. ഒളിവിലായിരുന്ന ഇവര്‍ കണ്ണപുരത്തെ വീട്ടിലെത്തിയിട്ടുണ്ടെന്ന വിവരത്തെ തുടര്‍ന്ന് തളിപ്പറമ്പ് എസ്. ഐയും സംഘവും വീട്ടിലെത്തി. പൊലീസിനെ കണ്ട രമ രക്ഷപ്പെടാനായി വീട്ടില്‍ നിന്നും ഇറങ്ങിയോടി. തുടര്‍ന്ന് ഇവരെ പിന്തുടര്‍ന്ന് പിടികൂടുകയായിരുന്നു. കേസിനാസ്പദമായ സംഭവം നടന്ന് ഒരു മാസം പിന്നിട്ടതിന് ശേഷമാണ് മുഖ്യപ്രതി പിടിയിലാവുന്നത്.
ഇക്കഴിഞ്ഞ മാസം 21 നാണ് ഞാറ്റുവയലിലെ ഹസന്‍ പണയം വെച്ച സ്വര്‍ണ്ണത്തിന് പകരം മുക്കുപണ്ടം നല്‍കി തട്ടിപ്പ് നടത്തിയത്. ആഭരണവുമായി വീട്ടില്‍ എത്തിയ ഹസന്‍ തൂക്കത്തില്‍ സംശയം തോന്നിയതിനെ തുടര്‍ന്ന് പരിശോധിച്ചപ്പോഴാണ് തട്ടിപ്പ് നടന്നതായി വെളിപ്പെട്ടത്. തുടര്‍ന്ന് ഹസന്‍ പൊലീസില്‍ പരാതി നല്‍കുകയായിരുന്നു.
നേരത്തെ, കേസിലെ മറ്റൊരു പ്രതി പി. ഷഡാനനെ ജില്ലാ സഹകരണ ബാങ്കിന്റെ കണ്ണൂരിലെ ഹെഡാഫീസില്‍ എത്തിയപ്പോള്‍ ജീവനക്കാര്‍ പിടികൂടി പൊലീസില്‍ ഏല്‍പ്പിച്ചിരുന്നു. അപ്രൈസര്‍ കൂടിയായ ഷഡാനനെ കൂട്ടുപിടിച്ചാണ് രമ തട്ടിപ്പ് നടത്തിയത്. കേസിലെ മറ്റൊരു പ്രതി ബാങ്ക് സീനിയര്‍ മാനേജര്‍ ചന്ദ്രന്‍ ഒളിവിലാണ്. അന്വേഷണം തുടങ്ങിയ ഉടന്‍ പ്രതികള്‍ മുന്‍കൂര്‍ ജാമ്യാപേക്ഷയുമായി ഹൈക്കോടതിയെ സമീപിച്ചിരുന്നു.
കോടതി ഹർജി തള്ളിയതോടെ പ്രതികള്‍ ഒളിവില്‍പ്പോയി. ഡിവൈ.എസ്.പി കെ.വി.വേണുഗോപാല്‍, സി.ഐ പി.കെ.സുധാകരന്‍ എന്നിവരുടെ നേതൃത്വത്തില്‍ രമയെ വിശദമായി ചോദ്യം ചെയ്തു. രമയുടെ മകനെയും പൊലീസ് കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്. ഇയാളെയും പൊലീസ് ചോദ്യം ചെയ്തു.
ഒളിവില്‍ കഴിഞ്ഞ ഇടങ്ങളെക്കുറിച്ചും തട്ടിപ്പിന്റെ വിശദാംശങ്ങളെ പറ്റിയുമാണ് ചോദിച്ചത്. രണ്ടു മണിക്കൂര്‍ ചോദ്യം ചെയ്യല്‍ നീണ്ടു. തുടര്‍ന്ന് രാത്രി പ്രതിയെ തളിപ്പറമ്പ് മജിസ്‌ട്രേറ്റ് മുമ്പാകെ ഹാജരാക്കി.
https://www.facebook.com/Malayalivartha



























