കെ.പി.സി.സി ഭാരവാഹിപട്ടിക ഹൈകമാന്‍ഡ് രണ്ടാമതും വെട്ടി, പട്ടിക വീണ്ടും പുതുക്കേണ്ടി വരും

ഉമ്മന്‍ ചാണ്ടിയും രമേശ് ചെന്നിത്തലയും 'തിരക്കഥ' എഴുതി എം.എം. ഹസന്‍ 'സംവിധാനം' ചെയ്ത കെ.പി.സി.സി ഭാരവാഹിപട്ടിക ഹൈകമാന്‍ഡ് രണ്ടാമതും വെട്ടി. മൂന്നുപേര്‍ക്കും സവിശേഷ താല്‍പര്യമുള്ളവരെ കേന്ദ്രീകരിച്ചുനില്‍ക്കുന്ന പട്ടിക കോണ്‍ഗ്രസിനെ നന്നാക്കാനല്ല, രണ്ട് ഗ്രൂപ്പു നേതാക്കളെ തൃപ്തിപ്പെടുത്താന്‍ മാത്രമാണെന്ന് പാര്‍ട്ടി ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി എം.പിമാരോട് തുറന്നടിച്ചു.
കേരളത്തിലെ ഗ്രൂപ്പുകള്‍ വ്യക്തിതാല്‍പര്യത്തിനുവേണ്ടിയാണെന്നും ഗ്രൂപ്പുകളുടെ അപ്രമാദിത്തം അംഗീകരിക്കാന്‍ പറ്റില്ലെന്നും രാഹുല്‍ ചൂണ്ടിക്കാട്ടി. ഗ്രൂപ്പുകളുടെ അടിത്തറ ആശയപരമല്ല, വ്യക്തിപരമാണ്. ആവശ്യം വരുമ്പോള്‍ ഒന്നിച്ചുനിന്ന് ഇഷ്ടമല്ലാത്തവരെ ഒഴിവാക്കുന്നതാണ് പ്രബല ഗ്രൂപ്പുകളുടെ രീതി. ഇത്തരം പ്രവണത വെച്ചുപൊറുപ്പിക്കാന്‍ പറ്റില്ലെന്നും രാഹുല്‍ വ്യക്തമാക്കി
എ, ഐ ഗ്രൂപ്പുനേതാക്കളുടെ താല്‍പര്യം മാത്രം പരിഗണിക്കുന്നതാണ് 282 അംഗ പി.സി.സി ഭാരവാഹിപട്ടികയെന്നും തങ്ങളുടെ വാദമുഖങ്ങള്‍ കണക്കിലെടുക്കാന്‍ പോലും തയ്യാറാകുന്നില്ലെന്നും പരാതിപ്പെട്ട് നിരവധി എം.പിമാര്‍ വീണ്ടും സമീപിച്ചപ്പോഴാണ് രാഹുല്‍ തുറന്നടിച്ചത്.
മുതിര്‍ന്നനേതാക്കളായ എ.കെ. ആന്റണി, തെരഞ്ഞെടുപ്പ് അതോറിറ്റി ചെയര്‍മാന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍ എന്നിവര്‍ക്കും ഇതേ അഭിപ്രായമാണ്. കെ.പി.സി.സി മുന്‍പ്രസിഡന്റ് വി.എം. സുധീരനും ഗ്രൂപ് വീതംവെപ്പിനെതിരെ ഹൈകമാന്‍ഡിന് കത്തയച്ചിരുന്നു. ഫലത്തില്‍ പട്ടിക വീണ്ടും പുതുക്കേണ്ടി വരും. വനിതാപ്രാതിനിധ്യം കൂട്ടേണ്ടി വരും. എം.പിമാര്‍ നിര്‍ദേശിക്കുന്ന ചിലരെ നിര്‍ബന്ധമായും പരിഗണിക്കേണ്ടി വരും. അതുകൊണ്ട് പട്ടികപ്രഖ്യാപനം വൈകും.
സോണിയ ഗാന്ധിയില്‍ നിന്ന് രാഹുല്‍ ഗാന്ധിയിലേക്ക് തലമുറമാറ്റത്തിന് കോണ്‍ഗ്രസ് ഒരുങ്ങുമ്പോള്‍, ഒത്തുകളിയും അതിനോടുള്ള എതിര്‍പ്പും മൂലം തെരഞ്ഞെടുപ്പുപ്രക്രിയ പൂര്‍ത്തിയാക്കാത്ത ഏക സംസ്ഥാനമെന്ന 'ബഹുമതി'യാണ് കേരളത്തിന് കിട്ടിയിരിക്കുന്നത്. അടുത്തയാഴ്ചയെങ്കിലും പട്ടിക അംഗീകരിക്കാനുള്ള ചര്‍ച്ചകളിലാണ് സംസ്ഥാന ചുമതലയുള്ള എ.ഐ.സി.സി ജനറല്‍ സെക്രട്ടറി മുകുള്‍ വാസ്‌നിക്, സംസ്ഥാന വരണാധികാരി സുദര്‍ശന നാച്ചിയപ്പന്‍ എന്നിവര്‍.
https://www.facebook.com/Malayalivartha



























