മരുന്നുവാങ്ങാനുള്ള മെഡിക്കല്‍ സര്‍വിസസ് കോര്‍പറേഷന്റെ പട്ടികയില്‍ സ്‌പെഷാലിറ്റി മരുന്നുകള്‍ കൂടി ഉള്‍പ്പെടുത്താന്‍ സര്‍ക്കാര്‍ അനുമതി

ഈവര്‍ഷം മരുന്നുവാങ്ങാനുള്ള മെഡിക്കല്‍ സര്‍വിസസ് കോര്‍പറേഷന്റെ പട്ടികയില്‍ സ്‌പെഷാലിറ്റി മരുന്നുകള്‍ കൂടി ഉള്‍പ്പെടുത്താന്‍ സര്‍ക്കാര്‍ അനുമതി. ഇതോടെ വിലകൂടിയ 246 ഇനം സ്‌പെഷാലിറ്റി മരുന്നുകള്‍ കൂടി സര്‍ക്കാര്‍ ആശുപത്രികളിലെ ഫാര്‍മസികള്‍ വഴി സൗജന്യ വിതരണത്തിന് എത്തുകയാണ്.
മെഡിക്കല്‍ കോളജുകളില്‍ നിന്നും സര്‍ക്കാര്‍ ആശുപത്രികളില്‍ നിന്നും പുറത്തേക്ക് മരുന്നെഴുതി നല്‍കുന്നുവെന്ന പരാതിക്കും ഇതോടെ പരിഹാരമാകുമെന്നാണ് കണക്കുകൂട്ടുന്നത്. ഹൃദ്രോഗം, ന്യൂറോ തുടങ്ങി തീവ്രപരിചരണത്തിന് ആവശ്യമായ വിലപിടിപ്പുള്ള മരുന്നുകളാണ് പുതുതായി ഉള്‍പ്പെടുത്തുന്നത്.
നിലവില്‍ ഇത്തരം മരുന്നുകളില്‍ പലതും മെഡിക്കല്‍ കോളജുകളും മറ്റും നേരിട്ട് വാങ്ങി രോഗികള്‍ക്ക് നല്‍കുന്നുണ്ട്.
ആശുപത്രികള്‍ നേരിട്ട് ഇത്തരത്തില്‍ മരുന്നു വാങ്ങുന്നത് പലപ്പോഴും പരാതികള്‍ക്കും ആരോപണങ്ങള്‍ക്കും കാരണമായിരുന്നു. ആശുപത്രി ഫാര്‍മസികളില്‍ ലഭ്യമല്ലാത്ത വിലകൂടിയ മരുന്നുകള്‍ പുറത്തേക്ക് എഴുതിനല്‍കുന്നതും രോഗികള്‍ക്ക് കടുത്ത ബുദ്ധിമുട്ടാണ് സൃഷ്ടിച്ചിരുന്നത്.
അടുത്ത ഘട്ടമായി കാന്‍സര്‍ മരുന്നുകളും ലഭ്യമാക്കാനുള്ള നടപടി ആരംഭിച്ചിട്ടുണ്ട്. നിലവില്‍ 590 ഇനം അവശ്യമരുന്നുകളാണ് സര്‍ക്കാര്‍ ആശുപത്രികളിലെ വിതരണത്തിന് മെഡിക്കല്‍ സര്‍വിസസ് കോര്‍പറേഷന്‍ വാങ്ങിനല്‍കുന്നത്. മരുന്നു കമ്പനികള്‍ ഇടക്കിടെ മരുന്നിലെ രാസഘടകങ്ങളില്‍ മാറ്റംവരുത്തുന്നതിനാല്‍ പട്ടികയില്‍ ഉള്‍പ്പെടുന്ന മരുന്നും പലപ്പോഴും ലഭ്യമല്ലാതെവരുന്നുണ്ട്. അതിന് പരിഹാരമായിട്ടാണ് സ്‌പെഷാലിറ്റി, സൂപ്പര്‍ സ്‌പെഷാലിറ്റി മരുന്നുകള്‍ പ്രത്യേകം വാങ്ങാന്‍ തീരുമാനിച്ചിട്ടുള്ളത്.
മെഡിക്കല്‍ വിദ്യാഭ്യാസ ഡയറക്ടര്‍ നിര്‍ദേശിച്ച ഡോക്ടര്‍മാരുടെ വിദഗ്ധ സമിതി നല്‍കിയ ശിപാര്‍ശ അനുസരിച്ചാണ് സ്‌പെഷാലിറ്റി മരുന്നുകളുടെ പട്ടിക തയ്യാറാക്കിയത്. സ്‌പെഷാലിറ്റി മരുന്നുകള്‍ വാങ്ങാന്‍ അനുമതി നല്‍കിയതോടെ മരുന്നുവാങ്ങാനുള്ള ടെന്‍ഡര്‍ നടപടിക്ക് മെഡിക്കല്‍ സര്‍വിസസ് കോര്‍പറേഷന്‍ തുടക്കം കുറിച്ചു.
https://www.facebook.com/Malayalivartha
























