തോമസ് ചാണ്ടിക്കെതിരെ നടപടി ആവശ്യപ്പെടരുതെന്ന സി പി ഐ തീരുമാനത്തിനെതിരെ റവന്യുമന്ത്രി രംഗത്ത്; അഴിമതി തടയാന്‍ ഏകാങ്ക സമരത്തിന് തയ്യാറായി ചന്ദ്രശേഖരന്‍

റവന്യു മന്ത്രി ചന്ദ്രശേഖരന്‍ സി പി ഐ നിലപാടിനെതിരെ രംഗത്ത്. മന്ത്രി തോമസ് ചാണ്ടിക്കെതിരെ നടപടി ആവശ്യപ്പെടരുതെന്ന സി പി ഐ തീരുമാനത്തിനെതിരെയാണ് മന്ത്രി ചന്ദ്രശേഖരന്‍ പരസ്യമായി രംഗത്തെത്തിയത്.
കേരള ഹൈക്കോടതിയില്‍ മന്ത്രി തോമസ് ചാണ്ടിയുമായി ബന്ധപ്പെട്ട കേസില്‍ സ്‌റ്റേറ്റ് അറ്റോര്‍ണി കെ.ജി. സോഹനെ ഹാജരാക്കാന്‍ സി പി എം ചരടുവലിക്കുന്ന പശ്ചാത്തലത്തിലാണ് നീക്കം. കേസില്‍ ഹാജരാകുന്നതില്‍ നിന്നും അഡീഷണല്‍ എ.ജി, രഞ്ജിത്ത് തമ്പാനെ അഡ്വക്കേറ്റ് ജനറല്‍ വിലക്കിയതിനെ തുടര്‍ന്ന് തമ്പാന്‍ തന്നെ ഹാജരാകണമെന്ന് കാണിച്ച് റവന്യുമന്ത്രി എ.ജിക്ക് കത്ത് നല്‍കിയിരുന്നു. എന്നാല്‍ കത്ത് അവഗണിക്കാനാണ് എ.ജിയുടെ തീരുമാനം.
റവന്യു കേസുകള്‍ വാദിക്കുന്നത് തമ്പാനാണ്. എന്നാല്‍ തോമസ് ചാണ്ടിയുടെ വിഷയം വന്നപ്പോള്‍ തോമസ് ചാണ്ടി തന്നെയാണ് തമ്പാനെ പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ടത്. തമ്പാന്‍ വാദിച്ചാല്‍ കേസ് തനിക്ക് എതിരാകുമെന്ന് സൂചന ലഭിച്ചതിനെ തുടര്‍ന്നാണ് തോമസ് ചാണ്ടി അഭിഭാഷകനെ പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ടത്. സര്‍ക്കാര്‍ ഇക്കാര്യത്തില്‍ തോമസ് ചാണ്ടിയുടെ ഭാഗത്താണ്.
എ.ജി. സുധാകര്‍ പ്രസാദ് സി പി എം നോമിനിയാണ്. അദ്ദേഹത്തിന്റെ തീരുമാനമാണ് അന്തിമമെങ്കിലും ഒരു മന്ത്രി എഴുതിയ കത്ത് അവഗണിക്കാന്‍ കഴിയുമോ എന്നാണ് സര്‍ക്കാര്‍ വൃത്തങ്ങള്‍ ഉറ്റുനോക്കുന്നത്. എന്നാല്‍ സി പി ഐ ഇക്കാര്യത്തില്‍ കാണിക്കുന്നത് ഇരട്ടത്താപ്പാണെന്ന് പൊതുവേ അഭിപ്രായമുണ്ട്. കാരണം കേസില്‍ പ്രതിയായിരിക്കുന്നത് സംസ്ഥാനത്തെ ഒരു മന്ത്രിയാണ്. അത്തരമൊരു സാഹചര്യത്തില്‍ മന്ത്രിയെ രക്ഷിക്കാന്‍ കൂട്ടുത്തരവാദിത്വമുണ്ട്. സി പി ഐ ഇക്കാര്യത്തിലും വല്യേട്ടന്‍ കളിക്കുകയാണെന്നാണ് സി പി എം ആക്ഷേപം. ജനജാഗ്രതാ യാത്ര നടക്കുന്നത് കാരണം ഇരു പാര്‍ട്ടികളും പരസ്യ പ്രസ്താവനക്ക് തയ്യാറല്ല. എന്നിരുന്നാലും മന്ത്രി ചന്ദ്രശേഖരന്റെ നിലപാട് ശരിയല്ലെന്ന് സി പി എം സംസ്ഥാന സെക്രട്ടറി കാനത്തെ അറിയിച്ചതായാണ് സൂചന.
റവന്യൂ വകുപ്പ് മന്ത്രിക്കൊപ്പമാണെങ്കിലും റവന്യു സെക്രട്ടറി മുഖ്യമന്ത്രിക്കൊപ്പമാണ്. ജില്ലാ കളക്ടറുടെ റിപ്പോര്‍ട്ട് റവന്യു സെക്രട്ടറി അംഗീകരിച്ചില്ല. അത്ര വലിയ കൈയേറ്റമൊന്നും ഇല്ലെന്ന നിലപാടാണ് റവന്യൂ സെക്രട്ടറിക്കുള്ളത്. എന്നാല്‍ മന്ത്രി അതല്ല പറയുന്നത്. പി.വി.അന്‍വര്‍ എം എല്‍ എ യുടെ കാര്യത്തിലും റവന്യു വകുപ്പ് അന്വേഷണം തുടരുകയാണ്. അതിലും തമ്പാന്‍ തന്നെയാണ് ഹാജരാകേണ്ടത്. സി പി ഐ നോമിനിയായ തമ്പാന്‍ ഹാജരായാല്‍ കേസ് അന്‍വറിന് എതിരാകും.
എന്നാല്‍ കാനം പഴയ കാനമല്ല. പണ്ട് അദ്ദേഹം റവന്യുമന്ത്രിക്ക് ഉറച്ച പിന്തുണ നല്‍കിയിരുന്നു. എന്നാല്‍ ഇപ്പോള്‍ കാനം നീങ്ങുന്നത് സമവായ വഴിയിലൂടെയാണ്. പിണറായിയുമായും കോടിയേരിയായും നല്ല ബന്ധമാണ് അദ്ദേഹം പുലര്‍ത്തി വരുന്നത്. ഈ സാഹചര്യത്തില്‍ തമ്പാനെ കേസ് വാദിക്കാന്‍ കൊണ്ടു വരുമോ എന്ന കാര്യം സംശയമാണ്.
മന്ത്രിസഭാ യോഗത്തില്‍ ചാണ്ടി വിഷയത്തില്‍ നിശബ്ദത പാലിച്ച മന്ത്രി ചന്ദ്രശേഖരന്‍ ഫയലില്‍ ചാണ്ടിക്കെതിരെയാണ് നീങ്ങുന്നത്. മന്ത്രിസഭാ യോഗത്തില്‍ വിവാദത്തിന് നില്‍ക്കാത്തത് കാനം പറഞ്ഞിട്ടാണെന്നാണ് സൂചന. കാനത്തിന്റെ അഭിപ്രായം ഫയല്‍ എഴുത്തില്‍ ആവശ്യമില്ല. മന്ത്രിക്ക് ചാണ്ടിയോട് വിരോധമൊന്നുമില്ല. എന്നിരുന്നാലും തനിക്കെതിരെ ഗതാഗത മന്ത്രി നീങ്ങുകയാണെന്ന് റവന്യൂ മന്ത്രി സംശയിക്കുന്നു. വിവാദങ്ങളില്‍ നിന്നും തലയൂരാന്‍ ഗതാഗത മന്ത്രി കാനത്തെ കണ്ടതായും സൂചനയുണ്ട്.
https://www.facebook.com/Malayalivartha






















