ബിനാനിപുരം പോലീസിന്റെ സ്‌പെഷ്യല്‍ നമ്പറുകളില്‍ പരാതി

അങ്ങനെ കട്ടവനെ കിട്ടിയില്ലെങ്കില്‍ കണ്ടവനെ പിടിക്കും എന്നണല്ലോ ചൊല്ല്. ഇക്കഴിഞ്ഞ ദീപാവലി ദിനത്തിലാണ് എറണാകുളത്ത് നടുക്കുന്ന സംഭവമുണ്ടായത്.
ജില്ലയിലെ പാതാളത്താണ് സംഭവം. പാതാളം കാര്‍ത്തിക ജുവലറിയിലേക്ക് ദീപാവലി ദിവസം ബിനാനിപുരം എസ് ഐ കയറി ചെന്നു. ചില മോഷണമുതലുകളെക്കുറിച്ച് അറിയാനുണ്ടെന്നും ജീവനക്കാരെ പോലീസ് സ്‌റ്റേഷനിലേക്ക് അയക്കണമെന്നും ആവശ്യപ്പെട്ടു. ജീവനക്കാരനായ ബാബു സ്‌റ്റേഷനിലെത്തി. സ്‌റ്റേഷനിലുണ്ടായിരുന്ന സ്ത്രീയെ അറിയാമോ എന്ന് ചോദിച്ചു. അറിയില്ലെന്ന് പറഞ്ഞപ്പോള്‍ പൊയ്‌ക്കൊള്ളാന്‍ പറഞ്ഞു.
അന്നു വൈകിട്ട് ജുവലറിയിലെത്തിയ എസ് ഐ മൊബൈല്‍ ഫോണില്‍ ഒരു സ്ത്രീയുടെ ചിത്രം കാണിച്ചു. അറിയില്ലെന്ന് പറഞ്ഞപ്പോള്‍ നിങ്ങളില്‍ തടിയുള്ള ആള്‍ ആരാണെന്ന് ചോദിച്ചു. അത് സുബ്രഹ്മണ്യന്‍ ആണെന്ന് പറഞ്ഞപ്പോള്‍ പച്ച തെറിയായിരുന്നു മറുപടി. ജുവലറിയിലുള്ളവരെല്ലാം സ്‌റ്റേഷനിലെത്താനായിരുന്നു കല്പന. 30 മിനിറ്റിനകം എത്തിയില്ലെങ്കില്‍ കൊന്നുകളയുമെന്ന് ജുവലറി ഉടമയുടെ കഴുത്തില്‍ പിടിച്ച് ആക്രോശിച്ചു. തുടര്‍ന്ന് ഉടമയുടെയും ജീവനക്കാരുടെയും ചിത്രങ്ങള്‍ എടുത്തു. പറഞ്ഞതുപോലെ ഉടമയും ജീവനക്കാരും സ്‌റ്റേഷനിലെത്തി.
ഉടമയും ജീവനക്കാരും സ്‌റ്റേഷനിലെത്തിയപ്പോള്‍ പുളിച്ച തെറിയായിരുന്നു മറുപടി. ആ സ്ത്രീ സ്‌റ്റേഷനില്‍ തന്നെ ഉണ്ടായിരുന്നു. ആലുവ സര്‍ക്കിള്‍ ഇന്‍സ്‌പെക്ടറും അവിടെ ഉണ്ടായിരുന്നു. സുബ്രഹ്മണ്യനോട് സ്ത്രീയെ അറിയാമോ എന്ന് സി.ഐ ചോദിച്ചു. അറിയില്ലെന്ന് പറഞ്ഞപ്പോള്‍ എസ് ഐ തെറി വിളിച്ചു. ഇവളല്ലേ കടയില്‍ സ്വര്‍ണ്ണാഭരണങ്ങള്‍ കൊണ്ടുവന്നതെന്ന് ചോദിച്ചു. അറിയില്ലെന്ന് സുബ്രഹ്മണ്യന്‍ ആവര്‍ത്തിച്ചപ്പോള്‍ അയാളുടെ ചെകിട്ടത്തടിച്ചു, നാഭിയില്‍ തൊഴിച്ചു. കഴുത്തില്‍ കുത്തി പിടിച്ച് സ്‌റ്റേഷനകത്തെ മുറിയില്‍ കൊണ്ടുപോയി. നിലത്ത് കിടത്തി. കാല്‍ നീട്ടിവയ്ക്കാന്‍ ആവശ്യപ്പെട്ടു. നിലത്ത് കിടന്ന് സുബ്രഹ്മണ്യന്‍ എസ് ഐ യുടെ കാലുപിടിച്ചു. അപ്പോള്‍ സുബ്രഹ്മണ്യന്റെ നെഞ്ചില്‍ ബൂട്ടിട്ട് ചവിട്ടി. എസ് ഐ, മുറിയുടെ മൂലയില്‍ സൂക്ഷിച്ചിരുന്ന ഉരുളന്‍ ചുരലുമായെത്തി സുബ്രഹ്മണ്യന്റെ ഉള്ളം കാല്‍ ചേര്‍ത്തു പിടിച്ച് ആത്ത് മര്‍ദ്ദിച്ചു. ശബ്ദം കേട്ട് ഓടിയെത്തിയ ബാബുവിനെ തെറി പറഞ്ഞ് പുറത്താക്കി. ഒടുവില്‍ എന്തു പറഞ്ഞാലും സമ്മതിക്കുമെന്ന അവസ്ഥയിലായി സുബ്രഹ്മണ്യന്‍. സമ്മതിച്ചില്ലെങ്കില്‍ ഈര്‍ക്കില്‍ പ്രയോഗം, ഉലക്ക ഉരുട്ടല്‍, നാഭി കലക്കല്‍ എന്നിവ നടത്തുമെന്ന് ഭീഷണിപ്പെടുത്തി.
അങ്ങനെ ശാന്ത എന്ന സ്ത്രീ കൊണ്ടുവന്ന മൂന്ന് വള, ഒരു മാല, ഒരു ജോഡി കമ്മല്‍, ഒന്നര ലക്ഷത്തിന്റെ ഡയമണ്ട് നെക്‌ലേസ് എന്നിവ താന്‍ വാങ്ങിയതായി സമ്മതിക്കണമെന്ന് എസ് ഐ ആവശ്യപ്പെട്ടു. അമ്പതിനായിരം രൂപ പ്രതിഫലം നല്‍കിയെന്ന് സമ്മതിക്കണമെന്നും ആവശ്യപ്പെട്ടു. ആധാര്‍ കാര്‍ഡ് കൊണ്ടു വന്നാല്‍ ബാക്കി പണം തരാമെന്ന് പറഞ്ഞതായി പറയണമെന്നും പറഞ്ഞു.
പുറത്തു വന്ന എസ് ഐ, ബാബുവിന്റെ കഴുത്തില്‍ കുത്തി പിടിച്ചു. ബാബു കള്ളം പറയാന്‍ തയ്യാറായില്ല. പിന്നീട് ഉടമയെ തല്ലാനാഞ്ഞു. മോഹനനും കള്ളം പറയാന്‍ തയാറായില്ല. അപ്പോള്‍ സുബ്രഹ്മണ്യന്റ മൊഴി റെക്കോര്‍ഡ് ചെയ്തത് മൊബൈല്‍ ഫോണില്‍ കേള്‍പ്പിച്ചു.
ഒക്ടോബര്‍ 19 ന് എസ് ഐ യുടെ ഭീഷണിക്ക് വഴങ്ങി ജുവലറി ഉടമ മോഹനന്‍ 18 പവനും ഒന്നര ലക്ഷം രൂപയുമായി ബിനാനി പുരം സ്‌റ്റേഷനിലെത്തി. ഇതില്‍ ഒരു ലക്ഷം രൂപ കടം വാങ്ങിയതായിരുന്നു. സ്‌റ്റേഷനില്‍ എസ് ഐ ഉണ്ടായിരുന്നില്ല. അഡീഷണല്‍ എസ് ഐ ഹരിശ്ചന്ദ്രനെ സാധനവും പണവും ഏല്‍പ്പിച്ചു.
അടുത്ത ദിവസം ഒരു പോലീസുകാരന്‍ ജുവലറി ഉടമയെ ഫോണില്‍ വിളിച്ചു. സ്‌റ്റേഷനില്‍ ഏല്‍പ്പിച്ച ആഭരണങ്ങളും പണവും തിരികെ വാങ്ങണമെന്ന വിചിത്രമായ ആവശ്യമാണ് മുന്നോട്ടുവച്ചത്. മോഹനന്‍ സുഹൃത്തുക്കളെയും കൂട്ടി സ്‌റ്റേഷനിലെത്തി.
അഡീഷണല്‍ എസ് ഐ പറഞ്ഞ സംഭവം ഇങ്ങനെ:
ശാന്ത എന്ന സ്ത്രീ വെറ്റിനറി ഡോക്ടര്‍ അജിത്തിന്റെ വീട്ടില്‍ നിന്നും 18 പവന്‍ മോഷ്ടിച്ചു. അയല്‍വാസിയെ സൂക്ഷിക്കാന്‍ ഏല്‍പ്പിച്ചു. അയല്‍വാസിയുടെ മകളെ കൊണ്ട് മൂന്നു വളകള്‍ മുത്തൂറ്റില്‍ പണയം വയ്പ്പിച്ചു. ശാന്തയെ പോലീസ് അറസ്റ്റ് ചെയ്ത വാര്‍ത്തയറിഞ്ഞ് അയല്‍വാസി സാധനം സ്‌റ്റേഷനിലെത്തിക്കുകയായിരുന്നു. പണയം വച്ച വളകള്‍ പോലീസ് കണ്ടെടുത്തു.
എങ്ങനെയുണ്ട് കഥ?
സ്‌റ്റേഷനില്‍ നടന്നതൊന്നും പുറത്തുപറയരുതെന്നും പറഞ്ഞാല്‍ തടി കേടാകുമെന്നും അഡീഷണല്‍ എസ് ഐ മോഹനനെ ഭീഷണിപ്പെടുത്തി. ഏതായാലും മോഹനന്‍ പരാതി നല്‍കി. സംഭവം ജില്ലാ പോലീസ് മേധാവി അന്വേഷിക്കുകയാണ് ഇപ്പോള്‍. ഇതെല്ലാം ആഭ്യന്തര മന്ത്രി അറിയുന്നുണ്ടാവുമോ എന്തോ?
https://www.facebook.com/Malayalivartha






















