മൂന്നാറില്‍ സി.പി.ഐയെ ഒറ്റപ്പെടുത്താന്‍ സി.പി.എം, വിരട്ട് വേണ്ടെന്ന് സി.പി.ഐ, മലയോര രാഷട്രീയം തിളയ്ക്കുന്നു

എല്‍.ഡി.എഫ് സര്‍ക്കാരിന്റെ തുടക്കം മുതല്‍ തുടങ്ങിയ സി.പി.എം- സി.പി.ഐ പോര് മൂര്‍ദ്ധന്യാവസ്ഥയിലെത്തിയിരിക്കുന്നു. താമസിക്കാതെ മുന്നണിയിലൊരു പൊട്ടിത്തെറി ഉണ്ടാകുമെന്നുറപ്പാണ്. ഇതിന്റെ വ്യക്തമായ സൂചനയാണ് മൂന്നാര്‍ സംരക്ഷണ സമിതിയില്‍ നിന്ന് സി.പി.ഐയെ ഒഴിവാക്കിയതിലൂടെ സി.പി.എം നല്‍കുന്നത്. സംരക്ഷണ സമിതിയുടെ നേതൃത്വത്തില്‍ 21ന് ഇടുക്കിയിലെ 10 പഞ്ചായത്തുകളില്‍ ഹര്‍ത്താല്‍ നടത്തുന്നുണ്ട്. രാഷ്ട്രീയപ്പാര്‍ട്ടികള്‍, വ്യാപാരികള്‍, ഹൈറേഞ്ച് സംരക്ഷണ സമിതി എന്നിവരാണ് സി.പി.എമ്മിനൊപ്പം ഉള്ളത്. ജോയിസ് ജോര്‍ജ് എം.പി പട്ടിജകാതിക്കാരുടെ 20 ഏക്കറോളം ഭൂമി കയ്യേറിയതോടെ ദേവികുളം സബ്കളക്ടര്‍ പട്ടയം റദ്ദാക്കിയിരുന്നു. ഇതില്‍ പ്രതിഷേധിച്ചാണ് സി.പി.ഐയുടെ റവന്യൂവകുപ്പിനും ഉദ്യോഗസ്ഥര്‍ക്കും എതിരെ സമരം നടത്തുന്നത്.
ദേവികുളം സബ്കളക്ടറാണ് എം.പിയുടെ പട്ടയം റദ്ദാക്കിയത്. അദ്ദേഹത്തിന്റെ ജനദ്രോഹ നടപടികള്‍ അവസാനിപ്പിക്കുക, പട്ടയങ്ങള്‍ റദ്ദാക്കരുത്, നിവേദിത പി.ഹരന്‍ റിപ്പോര്‍ട്ട് തള്ളുക എന്നിവയാണ് സമരക്കാരുടെ മറ്റ് ആവശ്യങ്ങള്‍. ഇതിനെല്ലാം സി.പി.ഐ എതിരാണെന്ന് ചൂണ്ടിക്കാട്ടിയാണ് അവരെ മൂന്നാര്‍ സംരക്ഷണ സമിതിയില്‍ നിന്ന് സി.പി.എമ്മിലെ എസ്.രാജേന്ദ്രന്‍ എം.എല്‍.എ ഒഴിവാക്കിയത്. സര്‍ക്കാരിനെയും മുന്നണിയെയും വെട്ടിലാക്കുന്ന നടപടികളുമായി സി.പി.ഐ മുന്നോട്ട് പോകുന്നതിനെ തുടര്‍ന്ന് സി.പി.എം ജില്ലാ നേതൃത്വവും കര്‍ശന നിലപാട് സ്വീകരിച്ചു.
പാപ്പാത്തിച്ചോലയിലും മറ്റും സ്പിരിറ്റ് ഇന്‍ ജീസസ് ഉള്‍പ്പെടെയുള്ള സംഘടനകളും റിസോര്‍ട്ടുകളും കയ്യേറ്റം നടത്തിയതിനെതിരെ സി.പി.ഐയും റവന്യൂമന്ത്രിയും ശക്തമായ നിലപാട് എടുത്തിരുന്നു. അതെല്ലാം എസ്. രാജേന്ദ്രന്‍, മന്ത്രി എം.എം മണി, ജില്ലാ സെക്രട്ടറി ജയചന്ദ്രന്‍ എന്നിവരെ ചൊടിപ്പിച്ചിരുന്നു. അന്ന് സബ്കളക്ടര്‍ ശ്രീറാം വെങ്കിട്ടറാമിന്റെ കസേര തെറിപ്പിച്ചാണ് അവര്‍ സി.പി.ഐക്ക് മറുപടി നല്‍കിയത്.
പുതിയ സംഭവവികാസങ്ങളുടെ പശ്ചാത്തലത്തില്‍ സി.പി.ഐ ജില്ലാ നേതൃത്വം പ്രത്യേകം യോഗം ചേരുന്നുണ്ട്. വിളിക്കാത്ത സമരത്തില്‍ പങ്കെടുക്കെണ്ടെന്നാണ് തീരുമാനം എന്നറിയുന്നു. നെടുങ്കണ്ടം താലൂക്ക് ഓഫീസ് ഉദ്ഘാടനത്തിന് റവന്യൂമന്ത്രി ഇ.ചന്ദ്രശേഖരന്‍ എത്തിയിട്ടുണ്ട്. ജോയിസ് ജോര്‍ജ് എം.പിയും ദേവികുളം സബ്കളക്ടറും ചടങ്ങില്‍ പങ്കെടുക്കുന്നുണ്ട്. അതുകൊണ്ട് ഏറെ രാഷ്ട്രീയ പ്രാധാന്യമുള്ള സംഭവങ്ങള്‍ നടക്കാന്‍ സാധ്യതയുണ്ട്.
https://www.facebook.com/Malayalivartha

























