ജാമ്യ വ്യവസ്ഥയിൽ ഇളവ് തേടി ദിലീപ് ഹൈക്കോടതിയിൽ

നടിയെ ആക്രമിച്ച കേസിൽ ജാമ്യവ്യസ്ഥയിൽ ഇളവു തേടി നടൻ ദിലീപ് ഹൈക്കോടതിയിൽ ഹർജി നൽകി. വിദേശത്ത് പോകാൻ പാസ്പോർട്ട് നൽകണമെന്നാണ് പ്രധാന ആവശ്യം. ദുബായിൽ ഉടൻ പ്രവർത്തനം ആരംഭിക്കുന്ന തന്റെ വ്യാപാര സ്ഥാപനത്തിന്റെ ഉദ്ഘാടനത്തിൽ പങ്കെടുക്കാനാണ് വിദേശത്ത് പോകുന്നതെന്നാണ് വിശദീകരണം. ഈ മാസം 29നാണ് ഉദ്ഘാടനം നിശ്ചയിച്ചിരിക്കുന്നത്.
അതേസമയം, കേസിൽ സി.ബി.ഐ അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ട് ദിലീപ് സമർപ്പിച്ച ഹർജിയിൽ പൊലീസ് മേധാവി ലോക്നാഥ് ബെഹ്റയ്ക്കും കേസിന്റെ അന്വേഷണച്ചുമതലയുള്ള എ.ഡി.ജി.പി ബി.സന്ധ്യയ്ക്കും നേരെ ഗുരുതര ആരോപണങ്ങളാണ് താരം ഉന്നയിച്ചിരിക്കുന്നത്. വ്യാജ തെളിവുകൾ സൃഷ്ടിച്ച് തന്നെ കുടുക്കിയതിനു പിന്നിൽ ഡി.ജി.പി ലോക്നാഥ് ബെഹ്റയും സന്ധ്യയുമാണെന്ന് 12 പേജുള്ള കത്തിൽ ദിലീപ് ആരോപിക്കുന്നു.
ബെഹ്റയുടെ നിസംഗ നിലപാടുകളാണ് താൻ കേസിൽ പ്രതിയാകുന്നതിന് ഇടയാക്കിയത്. കേസിൽ കുടുക്കാൻ ശ്രമമുണ്ടെന്നറിഞ്ഞപ്പോൾ തന്നെ ഫോണിലൂടെയും നേരിട്ടും ഇ -മെയിൽ വഴിയും ബെഹ്റയ്ക്ക് പരാതികൾ നൽകി. എന്നാൽ അദ്ദേഹം ഒരു നടപടിയും എടുത്തില്ല. ബെഹ്റ നീതിപൂർവം പ്രവർത്തിച്ചിരുന്നുവെങ്കിൽ കേസിൽ താൻ പ്രതിയാവില്ലായിരുന്നുവെന്നും ദിലീപ് പറയുന്നു.
അന്വേഷണം ശരിയായ രീതിയിലല്ല മുന്നോട്ടുപോകുന്നതെന്ന് മുൻ ഡി.ജി.പി ടി.പി. സെൻകുമാർ പറഞ്ഞിരുന്നു. എന്നാൽ അദ്ദേഹത്തിന്റെ നിലപാടുകൾ തെറ്റാണെന്ന് വരുത്തിത്തീർക്കാൻ തന്നെ പ്രതിയാക്കുകയായിരുന്നുവെന്നാണ് ദിലീപിന്റെ ആരോപണം. പത്തുവർഷം മുമ്പ് ദിലീപും കാവ്യയും ചേർന്ന് ദുബായിൽ ആഡംബര നൗക നടത്തുന്നുണ്ട്. തിരുവനന്തപുരം സ്വദേശിയായ യുവാവാണ് ഇത് നോക്കിനടത്തുന്നത്.
https://www.facebook.com/Malayalivartha

























