കൊല്ലം ജില്ലാ മജിസ്ട്രേറ്റ് കോടതിയ്ക്ക് മുന്നിൽ മാദ്ധ്യമ പ്രവർത്തകർക്ക് നേരെ ഗുണ്ടാ ആക്രമണം

കൊല്ലം ജില്ലാ മജിസ്ട്രേറ്റ് കോടതിയ്ക്ക് മുന്നിൽ മാദ്ധ്യമ പ്രവർത്തകർക്ക് നേരെ ഒരു സംഘത്തിന്റെ ആക്രമണം. കൊല്ലം ട്രിനിറ്റി ലൈസിയം സ്കൂളിലെ ഗൗരി നേഹയെന്ന കുട്ടി വീണ് മരിച്ച കേസിലെ പ്രതികളായ അദ്ധ്യാപികമാരുടെ ബന്ധുക്കളുടെ നേതൃത്വത്തിലായിരുന്നു ആക്രമണം. മാദ്ധ്യമ പ്രവർത്തകരെ വളഞ്ഞിട്ട് മർദ്ദിച്ച സംഘം കാമറകൾ അടിച്ച് തകർക്കാനും ശ്രമിച്ചു.
ഹൈക്കോടതി ജാമ്യം അനുവദിച്ച അദ്ധ്യാപികമാർ കോടതിയിൽ ഹാജരാകാൻ എത്തിയിരുന്നു. ഇവരുടെ ദൃശ്യങ്ങളെടുക്കാൻ ശ്രമിച്ചതാണ് സംഘത്തിനെ പ്രകോപിപ്പിച്ചതെന്നാണ് കരുതുന്നത്. അതേസമയം, കോടതിയിൽ ഹാജരായ അദ്ധ്യാപികമാർ ജാമ്യമെടുത്തു. സ്കൂളിലെ പത്താംക്ലാസ് വിദ്യാർത്ഥിനി ഗൗരി നേഹ കെട്ടിടത്തിന് മുകളിൽ നിന്ന് ചാടി മരിച്ച കേസിൽ അദ്ധ്യാപികമാരായ സിന്ധു പോൾ, ക്രസൻസ് നേവിസ് എന്നിവർക്ക് ഹൈക്കോടതി ജാമ്യം അനുവദിച്ചിരുന്നു.
കഴിഞ്ഞ ഒക്ടോബർ 20ന് സ്കൂൾ കെട്ടിടത്തിന്റെ മൂന്നാം നിലയിൽ നിന്ന് ചാടി ഗുരുതരമായി പരിക്കേറ്റ ഗൗരി 23നാണ് മരിച്ചത്. അദ്ധ്യാപികമാരുടെ ശകാരത്തിൽ മനംനൊന്ത് ഗൗരി ആത്മഹത്യ ചെയ്തതെന്നാണ് കൊല്ലം വെസ്റ്റ് പൊലീസ് രജിസ്റ്റർ ചെയ്ത കേസ്.
https://www.facebook.com/Malayalivartha

























