അമ്മയെ കൊന്ന പിതാവ് ദുബായ് ജയിലിൽ; പാതിമലയാളിയായ എട്ടുവയസുകാരിക്കിനി എല്ലാം മുത്തശ്ശി.

ദുബായ്∙ കണ്ണീരണിയിക്കും ഈ എട്ടുവയസുകാരിയുടെ ജീവിതം. മലയാളി യുവതിക്കും മറാഠി യുവാവിനും പിറന്ന കുട്ടിയുടെ സംരക്ഷണാവകാശം ഇനി മലയാളി മുത്തശ്ശിക്ക്. ബോംബെ ഹൈക്കോടതിയുടേതാണ് ഈ ഉത്തരവ്. കുട്ടിയുടെ അമ്മയെ കൊലപ്പെടുത്തിയ കേസിൽ പിതാവ് വധശിക്ഷ വിധിക്കപ്പെട്ടു ദുബായ് ജയിലിൽ. ഇയാളുടെ വീട്ടുകാരുടെ സംരക്ഷണയിൽ ബോംബെയിലായിരുന്നു എട്ടുവയസ്സുള്ള പെൺകുട്ടി ഇതുവരെ കഴിഞ്ഞിരുന്നത്. തൃശൂർ സ്വദേശി നിമ്മിയുടെയും മഹാരാഷ്ട്ര റായ്ഗഡ് സ്വദേശിയായ ആത്തിഫിന്റെയും മകളുടെ സംരക്ഷണച്ചുമതലയാണു മുത്തശ്ശി ഉഷ ധനഞ്ജയനു വിട്ടുകൊടുത്തത്. 2008ലായിരുന്നു ഇവരുടെ വിവാഹം. നിമ്മി മതം മാറി ബുഷ്റ എന്നു പേരുമാറ്റിയിരുന്നു.
രണ്ടും മതങ്ങൾ തീർത്ത മതിൽകെട്ടും. മകനെ ജയിലടച്ച നിമ്മിയുടെ വീട്ടുകാരോടുള്ള പകയോടെ ആതിഫിൻറെ കുടുംബം. ഇവർക്കിടയിൽ ഈ എട്ടുവയസുകാരി.
2009ൽ പിറന്ന മകളെ ആത്തിഫിന്റെ വീട്ടുകാരെ ഏൽപിച്ച ശേഷം ഇരുവരും ദുബായിലേക്കു പോയി. അവിടെവച്ചാണു നിമ്മി കൊല്ലപ്പെട്ടത്. കുട്ടിയെ ആത്തിഫിന്റെ കുടുംബം വിട്ടുകൊടുക്കാതിരുന്നതിനെത്തുടർന്ന് നിമ്മിയുടെ അമ്മ കോടതിയെ സമീപിക്കുകയായിരുന്നു. ഇടക്കാല ഉത്തരവിലൂടെ ഇടയ്ക്കു തൃശൂരിലേക്കു കൊണ്ടുപോയിരുന്നെങ്കിലും കുട്ടി ഗാർഹിക പീഡനത്തിന് ഇരയായതായി ആത്തിഫ് പരാതി നൽകി.എന്നാൽ ആരോപണം വ്യാജമാണെന്നു 2015ൽ പൊലീസ് കോടതിയിൽ റിപ്പോർട്ട് നൽകി.
ഏതെങ്കിലും മതവിശ്വാസത്തിന്റെ പേരിൽ കുട്ടിയുടെ സംരക്ഷണാവകാശം തീരുമാനിക്കാനാവില്ലെന്നു ഹൈക്കോടതി വിലയിരുത്തി. കുട്ടിയുടെ ചുമതല ഏറ്റെടുക്കാൻ ഉഷ നാളെ മുംബൈയിലെത്തും.
https://www.facebook.com/Malayalivartha


























