കോഴിക്കോട് തീരത്ത് ആറ് മൃതദേഹങ്ങള്‍ കൂടി കണ്ടെന്ന് മത്സ്യത്തൊഴിലാളികള്‍

ഓഖി ദുരന്തത്തില്‍പ്പെട്ട് മരിച്ച ആറ് പേരുടെ കൂടി മൃതദേഹങ്ങള്‍ കണ്ടതായി മത്സ്യത്തൊഴിലാളികള്‍. കോഴിക്കോട് തീരത്താണ് മൃതദേഹങ്ങള്‍ കണ്ടത്. മൃതദേഹങ്ങള്‍ കരയ്‌ക്കെത്തിക്കാന്‍ തിരച്ചില്‍ സംഘം ഉടന്‍ പുറപ്പെടും. ഹാര്‍ബറില്‍ നിന്ന് 18 നോട്ടിക്കല്‍ മൈല്‍ ദൂരെയാണ് മൃതദേഹങ്ങള്‍ കണ്ടത്. ഇതോടെ ഓഖി ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 72 ആയി.
അതേസമയം ഓഖി ചുഴിലിക്കാറ്റില്‍പ്പെട്ട് മരിച്ച മത്സ്യത്തൊഴിലാളികളുടെ ആശ്രിതര്‍ക്കുള്ള നഷ്ടപരിഹാരത്തിന് വ്യവസ്ഥകള്‍ നിശ്ചയിച്ചു. മരിച്ചവരുടെ ആശ്രിതര്‍ക്ക് നഷ്ടപരിഹാരമായി 20 ലക്ഷം രൂപ നല്കാനാണ് നേരത്തേയുള്ള തീരുമാനം. കാണാതായവര്‍ക്കും വ്യവസ്ഥകള്‍ക്ക് വിധേയമായി സമാന നഷ്ടപരിഹാരം നല്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു.
ദുരന്തത്തില്‍പ്പെട്ടവര്‍ക്കായി സര്‍ക്കാര്‍ സ്വീകരിച്ച ആശ്വാസനടപടികള്‍ മന്ത്രിസഭായോഗം വിലയിരുത്തി. സംസ്ഥാന സര്‍ക്കാര്‍ വിഹിതമായി പത്തുലക്ഷവും മത്സ്യവകുപ്പിന്റെ അഞ്ചുലക്ഷവും ക്ഷേമനിധി ബോര്‍ഡിന്റെ അഞ്ചുലക്ഷവും ചേര്‍ത്താണ് 20 ലക്ഷം നല്കുക. ആശ്രിതരായ മാതാപിതാക്കള്‍ക്ക് ഇതില്‍ അഞ്ചുലക്ഷം നീക്കിവയ്ക്കും. അവിവാഹിതരായ സഹോദരിമാരുടെ വിവാഹാവശ്യത്തിന് അഞ്ചുലക്ഷവും കുട്ടികളുടെ വിദ്യാഭ്യാസം, സംരക്ഷണം എന്നിവയ്ക്കായി മറ്റൊരു വിഹിതവും നല്‍കും.
ക്ഷേമനിധി ബോര്‍ഡില്‍ അംഗത്വമില്ലാത്തവര്‍ക്ക് 20 ലക്ഷം ലഭിക്കാനായി അഞ്ചുലക്ഷം രൂപ സര്‍ക്കാര്‍ അധികസഹായം നല്കും. ഇതിനുപുറമേ വ്യക്തിഗത ഇന്‍ഷുറന്‍സുള്ള മത്സ്യത്തൊഴിലാളികള്‍ക്ക് പ്രധാനമന്ത്രിയുടെ ദുരിതാശ്വാസനിധിയില്‍നിന്ന് രണ്ടുലക്ഷം രൂപവീതം അനുവദിച്ചിട്ടുണ്ട്.
ജോലിക്ക് പോകാനാവാത്തവിധം പരിക്കേറ്റവര്‍ക്ക് മെഡിക്കല്‍ ബോര്‍ഡ് ശുപാര്‍ശപ്രകാരം ബദല്‍ ജീവനോപാധിക്കായി അഞ്ചുലക്ഷം നല്‍കും. പരിക്കേറ്റവര്‍ക്ക് ചികിത്സാ സഹായമായി 20,000 രൂപ നല്‍കും. ആഭ്യന്തര, ഫിഷറീസ്, റവന്യൂ സെക്രട്ടറിമാര്‍ അടങ്ങിയ സമിതിയുടെ റിപ്പോര്‍ട്ട് ലഭിക്കുന്ന മുറയ്ക്ക് നഷ്ടപരിഹാരവിതരണം നടത്തും. വിവരശേഖരണത്തിന് ഉദ്യോഗസ്ഥര്‍ വീടുകളിലെത്തും.
ദുരിതബാധിതര്‍ സര്‍ക്കാര്‍ ഓഫീസുകള്‍ കയറേണ്ടിവരില്ല.വള്ളമൊന്നിന് ആറുലക്ഷം നഷ്ടപരിഹാരം നല്‍കേണ്ടിവരുമെന്ന് ഫിഷറീസ് വകുപ്പ് അറിയിച്ചു. മുന്തിയ ബോട്ടിന് ഇപ്പോള്‍ എട്ടുലക്ഷംവരെ വിലയുണ്ട്. അധികതുക വായ്പയായി നല്കി അത്തരം ബോട്ടുകള്‍ വാങ്ങിനല്കുന്നകാര്യവും പരിഗണനയിലാണ്.വീട് പൂര്‍ണമായി നഷ്ടപ്പെട്ടവര്‍ക്ക് ലൈഫ് മിഷനില്‍ ഉള്‍പ്പെടുത്തി വീടുണ്ടാക്കിനല്‍കും. ഭാഗികമായി തകര്‍ന്ന വീടുകളുടെ അറ്റകുറ്റപ്പണി നടത്തും. കേരളത്തിലെ ബോട്ടുകളില്‍ ജോലിചെയ്തിരുന്ന, ദുരന്തത്തില്‍പ്പെട്ട മറുനാടന്‍ തൊഴിലാളികള്‍ക്ക് ഇതരസംസ്ഥാനത്തൊഴിലാളികള്‍ക്കുള്ള ക്ഷേമനിധിയില്‍നിന്ന് അര്‍ഹമായ ആനുകൂല്യം നല്കും.
https://www.facebook.com/Malayalivartha


























