ഡോക്ടറുടെ കുറിപ്പടിയില്ലെങ്കിലും അത്യാവശ്യ മരുന്നുകള്‍ നല്‍കാന്‍ ഫാര്‍മസിസ്റ്റുകള്‍ക്ക് ആരോഗ്യവകുപ്പിന്റെ അനുമതി

ഡോക്ടറുടെ കുറിപ്പടിയില്ലെങ്കിലും അത്യാവശ്യ മരുന്നുകള്‍ നല്‍കാന്‍ ഫാര്‍മസിസ്റ്റുകള്‍ക്ക് ആരോഗ്യവകുപ്പിന്റെ അനുമതി. 22 ഇനം മരുന്നുകളാവും ഇപ്രകാരം ലഭിക്കുക. സംസ്ഥാനത്തെ പ്രാഥമികാരോഗ്യ കേന്ദ്രങ്ങള്‍ ഉള്‍പ്പെടെ സര്‍ക്കാര്‍ ആശുപത്രികളില്‍ ഗുളികകളും ഓയിന്റ്മന്റെുകളും തുള്ളിമരുന്നുകളും ഉള്‍പ്പെടെ (ഓവര്‍ ദ കൗണ്ടര്‍ മരുന്നുകള്‍) ഇത്തരത്തില്‍ നല്‍കാനുള്ള ഉത്തരവാണ് നിലവില്‍വന്നത്. രജിസ്‌ട്രേഡ് ഫാര്‍മസിസ്റ്റുകളുടെ മേല്‍നോട്ടത്തില്‍ ചട്ടങ്ങള്‍ക്ക് വിധേയമായി മാത്രമേ മരുന്നുകള്‍ നല്‍കാവൂ എന്ന് നിര്‍ദേശിച്ചിട്ടുണ്ട്.
സംസ്ഥാനത്തെ ഭൂരിപക്ഷം സര്‍ക്കാര്‍ ആശുപത്രികളിലും ഡോക്ടറുടെ ഒരു തസ്തിക മാത്രമാണുള്ളത്. ഇവര്‍ അവധിയിലും മറ്റ് ഔദ്യോഗിക ചുമതലകള്‍ക്കും പോകുമ്പോള്‍ രോഗികള്‍ ചികിത്സ കിട്ടാതെ തിരിച്ചുപോകേണ്ടി വരുന്നതിനെപ്പറ്റി ലഭിച്ച പരാതികളെ തുടര്‍ന്നാണ് നടപടി. ഒ.ആര്‍.എസ് പൗഡര്‍, പാരസെറ്റമോള്‍ ഗുളിക, സലൈന്‍ നേസല്‍ ഡ്രോപ്, ലിക്വിഡ് പാരഫിന്‍, കലാമിന്‍ ലോഷന്‍, ടര്‍പന്റയിന്‍ ലിനിമന്റെ്, പാരസെറ്റമോള്‍ സപ്പോസിറ്ററി, പാരസെറ്റാമോള്‍ സിറപ്പ്, പെര്‍മിത്രിന്‍ ക്രീം, സോഡിയം ബൈകാര്‍ബണേറ്റ് ഇയര്‍ ഡ്രോപ്‌സ്, സില്‍വര്‍ സള്‍ഫഡൈസിന്‍ ക്രീം, വൈറ്റ് സോഫ്റ്റ് പാരഫൈന്‍, വൈറ്റ് ഫീല്‍ഡ് ഓയിന്റ്മന്റെ് തുടങ്ങിയവ നല്‍കും.
ഫാര്‍മസിസ്റ്റുകള്‍ക്ക് ഡോക്ടറുടെ കുറിപ്പടി കൂടാതെ വിതരണം ചെയ്യാന്‍ അനുമതി നല്‍കിയ മരുന്നുകളുടെ പട്ടിക അശാസ്ത്രീയമാണെന്ന വാദം ഉയര്‍ന്നിട്ടുണ്ട്. ശാസ്ത്രീയമായി രോഗനിര്‍ണയം നടത്തി ഉപയോഗിക്കേണ്ട പ്രീമെത്രിന്‍, മുപ്പിറോസിന്‍ ഓയിന്റ്മന്റെ് എന്നിവയും പാര്‍ശ്വഫലങ്ങളുള്ള സൈലോമെറ്റസോളിനും പട്ടികയിലുണ്ട്. എന്നാല്‍, ചുമയ്ക്ക് സാധാരണ നല്‍കുന്ന എക്‌സ്പറ്റോറന്റ് മിക്‌സ്ചര്‍, ജലദോഷത്തിനും അലര്‍ജിക്കുമുള്ള അവില്‍ ഗുളിക, വേദനസംഹാരികള്‍ എന്നിവ പട്ടികയിലില്ല.
https://www.facebook.com/Malayalivartha


























