കോലാലംപൂരില്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ച കാസര്‍കോട് സ്വദേശിയുടെ അക്കൗണ്ടില്‍ നിന്നും പണം കാണാതായതിൽ ദുരൂഹത ; പോലീസ് അന്വേഷണം ആരംഭിച്ചു
മലേഷ്യയില്‍ ദുരൂഹസാഹചര്യത്തില്‍ മരിച്ച കാസര്‍കോട് സ്വദേശിയുടെ ബാങ്ക് അക്കൗണ്ടില്‍ നിന്നും മുപ്പതിനായിരത്തോളം രൂപ കാണാതായതായി പരാതി. അക്കൗണ്ടില്‍ നിന്നും പണം തട്ടിയെടുത്തുവെന്ന ഭാര്യയുടെ പരാതിയില്‍ പോലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. കാഞ്ഞങ്ങാട് ആവിക്കര കൊവ്വലിലെ അബ്ദുല്‍റസാക്കിന്റെ (42) അക്കൗണ്ടില്‍ നിന്നാണ് പണം നഷ്ടമായത്.
റസാഖിന്റെ മരണത്തിൽ ദുരൂഹതയുണ്ടെന്നു കാണിച്ചുകൊണ്ട് അന്നുതന്നെ ബന്ധുക്കൾ അധികാരപ്പെട്ടവർക്ക് പരാതി നൽകിയിരുന്നു. എന്നാൽ തുടര്‍നടപടികളുണ്ടായില്ല. മരണത്തില്‍ അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ട് അന്നത്തെ മുഖ്യമന്ത്രിക്കും പ്രധാനമന്ത്രിക്കും മലേഷ്യയിലെ ഇന്ത്യന്‍ എംബസിക്കുമാണ് പരാതി നല്‍കിയിരുന്നത്.
റസാഖിനെ 2015 ഒക്ടോബര്‍ 11 നാണ് മലേഷ്യയിലെ കോലാലംപൂരില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. അന്ന് റസാഖിന്റെ മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിന് ശേഷം നാട്ടിലെത്തിച്ച് ഖബറടക്കുകയും ചെയ്തിരുന്നു. റസാഖിന്റെ മരണശേഷം ഏറെ നാള് കഴിഞ്ഞ് അക്കൗണ്ടുള്ള വിജയാബേങ്കില് പണമെടുക്കാന്‍ ഭാര്യ ചെന്നപ്പോള്‍ 30,500 രൂപ ആരോ പിന്‍വലിച്ചതായി കണ്ടെത്തിയതിനെ തുടർന്ന് മരണത്തിൽ സംശയം വർധിച്ചു.
https://www.facebook.com/Malayalivartha