തൃശൂരില്‍ ഉത്സവകാലം ഏഷ്യയിലെ ഏറ്റവും വലിയ കലാമേളയായ കേരള സ്കൂള്‍ കലോത്സവം 6ന്
തൃശൂരിന് ഇത് ഉത്സവ കാലമാണ്. തൃശൂര്‍ പൂരത്തിന്റെ മുഖ്യ പങ്കാളികളായ പാറമേക്കാവിലും തിരുവമ്പാടിയിലും വേല ജനുവരി അഞ്ചിനും ആറിനുമാണ്. പൂരം കഴിഞ്ഞാല്‍ തട്ടകക്കാര്‍ ഏറ്റവും പ്രാധാന്യത്തോടെ കാണുന്ന ഉത്സവം. അതിന്റെ ഹരത്തിനിടയിലാണ് ഏഷ്യയിലെ ഏറ്റവും വലിയ കലാമേളയായ കേരള സ്കൂള്‍ കലോത്സവം ആറിന് കടന്നുവരുന്നത്.
പൊതുവേ ഉത്സവപ്രേമികളായ തൃശൂര്കാര് വിരല്‍തൊട്ട് എണ്ണി തുടങ്ങി നാലാംപക്കം കലോത്സവ പൂരം. പൂരത്തിന്റെ എല്ലാ പ്രഗത്ഭരും പങ്കെടുക്കുന്ന വേലകളുടെ മുന്നോടിയായി ദേശപ്പാട്ടുകളും മേളങ്ങളും കതിന പൊട്ടിക്കലും ദിവസവും നടന്ന് വരികയാണ്. വേലയെഴുന്നള്ളിപ്പും അതിന്റെ ഭാഗമായുള്ള കരിമരുന്ന് പ്രയോഗവും നടക്കുന്ന പൂരപ്പറമ്പിലാണ് കലോത്സവത്തിന്റെ മൂന്ന് മുഖ്യ വേദികള്‍. പ്രധാന വേദിയായ 'നീര്‍മാതള'ത്തിന്റെ ബഹുനില വര്‍ണ പന്തല്‍ നിര്‍മാണം ചൊവ്വാഴ്ച പൂര്‍ത്തിയാവും.
ചെറുതുരുത്തിയിലെ പരിചയ സമ്പന്നനായ പടപ്പ് ഉമറാണ് പന്തല്‍ നിര്‍മിക്കുന്നത്. തൃശൂരിന്റെ സ്വന്തം ആര്‍ട്ടിസ്റ്റായ മൊനാര്‍ക്ക് കൊച്ചുമോന്റെ നേതൃത്വത്തില്‍ 'നീര്‍മാതള'ത്തിന്റെ മനോഹരമായ കവാട നിര്‍മാണം പുരോഗമിക്കുന്നു. കലോത്സവം പടിവാതില്ക്കല് എത്തിയതിന്റെ തിക്കിലും തിരക്കിലുമാണ് സംഘാടകര്‍. നാലിന് ഉച്ചക്ക് മൂന്നിന് നഗരത്തിലെത്തുന്ന സ്വര്‍ണക്കപ്പിന് ഉജ്ജ്വല വരവേല്‍പ്പ് നല്‍കാനുള്ള തയാറെടുപ്പ് പൂര്‍ത്തിയായി വരുന്നു. സ്വര്‍ണക്കപ്പ് എത്തുന്നതോടെ നാടും നഗരവും കലോത്സ ലഹരിയില്‍ മുങ്ങും.
ഒട്ടേറെ പുതുമകളോടെ എത്തുന്ന കലോത്സവത്തിന്റെ സ്വാഗതഗാന പരിശീലനവും പുരോഗമിക്കുന്നു. മുരുകന് കാട്ടാക്കടയുടെ വരികള്‍ക്ക് എം.ജി. ശ്രീകുമാര്‍ സംഗീതം നല്കി അവതരിപ്പിക്കുന്ന സ്വാഗത ഗാനം ആലപിക്കുന്നവരുടെ കൂട്ടത്തില്‍ സംഗീത അധ്യാപകര്‍ക്കൊപ്പം മറ്റു അധ്യാപകരുമുണ്ട്.
സ്വാഗതഗാനത്തോടൊപ്പം ഇതാദ്യമായി കേരള കലാമണ്ഡലം വിദ്യാര്‍ഥികളുടെ ദൃശ്യാവിഷ്കാരവുമുണ്ട്. ഉദ്ഘാടനത്തോടനുബന്ധിച്ച് ഘോഷയാത്രക്ക് പകരം സൂര്യ കൃഷ്ണമൂര്‍ത്തി ചിട്ടപ്പെടുത്തിയ ദൃശ്യ വിസ്മയം അരങ്ങേറും. കേരളീയ തനതു കലകള്‍ ഉള്‍പ്പെടുത്തി ചിട്ടപ്പെടുത്തിയ ദൃശ്യ വിസ്മയം രാവിലെ 8.45ന് തുടങ്ങും. തുടര്‍ന്ന് 10ന് ഉദ്ഘാടനവും. പഴയിടം മോഹനന് നമ്പൂതിരി നേതൃത്വം നല്കുന്ന പാചകം ജൈവ പച്ചക്കറികളും നാടന്‍ വിഭവങ്ങളും ഉപയോഗിച്ചാക്കാനുള്ള ഒരുക്കം പൂര്‍ത്തിയായി വരുന്നു.
https://www.facebook.com/Malayalivartha