സംസ്ഥാന സ്‌കൂള്‍ കലോത്സവത്തില്‍ കോഴ ഇടപാടുകള്‍ തീര്‍ത്തും ഒഴിവാക്കാനായി വിജിലന്‍സ് വിഭാഗം രംഗത്ത്

തൃശൂരില്‍ ഈ മാസം ആറിന് കൊടിയേറുന്ന സംസ്ഥാന സ്‌കൂള്‍ കലോത്സവത്തില്‍ കോഴ ഇടപാടുകള്‍ തീര്‍ത്തും ഒഴിവാക്കാനായി വിജിലന്‍സ് വിഭാഗം രംഗത്ത്. വിധികര്‍ത്താക്കളുടെ യോഗ്യതയും പരിചയവുമെല്ലാം ഉദ്യോഗസ്ഥസംഘം വിലയിരുത്തും. വിജിലന്‍സ് വലയത്തിലായിരിക്കും മേളയുടെ പ്രധാന വേദികളെല്ലാം. മുഴുവന്‍ വിധികര്‍ത്താക്കളുടെയും മൊബൈല്‍ നമ്പരടക്കം വിജിലന്‍സിലെ റിസര്‍ച്ച് ആന്‍ഡ് ട്രെയ്‌നിംഗ് വിഭാഗം ശേഖരിച്ചുവരികയാണ്. വിധിനിര്‍ണയത്തിനുള്ള മാര്‍ഗരേഖയുടെ പകര്‍പ്പും സംഘാടകരില്‍ നിന്നു ശേഖരിച്ചിട്ടുണ്ട്.
കലോത്സവ വേദികളില്‍ ഇടനിലക്കാരുടെ ആധിപത്യമാണെന്ന ആരോപണമുയര്‍ന്ന സാഹചര്യത്തിലാണ് മേളയുടെ നടത്തിപ്പ് സുതാര്യമാക്കാന്‍ ആദ്യമായി കഴിഞ്ഞ വര്‍ഷം വിജിലന്‍സ് സംഘത്തെ നിയോഗിച്ചത്. എന്തെങ്കിലും ക്രമക്കേട് ശ്രദ്ധയില്‍പെട്ടാല്‍ മത്സരാര്‍ത്ഥികള്‍ക്കെന്ന പോലെ കാണികള്‍ക്കും പരാതി നല്‍കാം.
കഴിഞ്ഞ വര്‍ഷം ചില ജില്ലകളില്‍ അണിയറ പ്രവര്‍ത്തകര്‍ വഴി വിധികര്‍ത്താക്കളെ രക്ഷിതാക്കള്‍ സ്വാധീനിച്ചുവെന്ന പരാതികള്‍ വിജിലന്‍സിനു മുന്നിലെത്തിയിരുന്നു. തുടര്‍ന്ന് സംസ്ഥാന കലോത്സവത്തിലും നിരീക്ഷണം ശക്തമാക്കാന്‍ തീരുമാനിക്കുകയായിരുന്നു.
https://www.facebook.com/Malayalivartha


























