സോളാര്‍ കേസില്‍ പത്തനംതിട്ട സെഷന്‍സ് കോടതിയുടെ ശിക്ഷ സ്റ്റേ ചെയ്യണമെന്നാവശ്യപ്പെട്ട് സരിത എസ്. നായര്‍ ഹൈക്കോടതിയിലേക്ക്...

സോളാര്‍ കേസില്‍ പത്തനംതിട്ട സെഷന്‍സ് കോടതിയുടെ ശിക്ഷ സ്റ്റേ ചെയ്യണമെന്നാവശ്യപ്പെട്ട് സരിത എസ്. നായര്‍ ഹൈക്കോടതിയില്‍ അപ്പീല്‍ സമര്‍പ്പിച്ചു. സാമ്പത്തിക തട്ടിപ്പ് കേസില്‍ സരിതയെ മൂന്ന് വര്‍ഷം തടവിനും 12 കോടി പിഴയൊടുക്കുന്നതിനും പത്തനംതിട്ട ഒന്നാം ക്ളാസ് മജിസ്ട്രേട്ട് കോടതി വിധിക്കെതിരെ സരിതാ നായർ നൽകിയ അപ്പീൽ സെഷൻസ് കോടതി തള്ളുകയും കീഴ്ക്കോടതിയുടെ വിധി ശരിവയ്ക്കുകയും ചെയ്തിരുന്നു. ഇതോടെയാണ് ശിക്ഷ സ്റ്റേ ചെയ്യണമെന്നാവശ്യപ്പെട്ട് സരിത ഹൈക്കോടതിയെ സമീപിച്ചത്.
1.19 കോടി രൂപ സരിതയ്ക്ക് നൽകിയ ആറന്മുള സ്വദേശി ബാബുരാജാണ് ആ കേസ് നൽകിയത്. സോളാർ കേസിൽ ഏറ്റവും വലിയ തുകയുടെ തട്ടിപ്പായിരുന്നു ഇത്. സൗരോർജ പ്ളാന്റ് സ്ഥാപിക്കുന്ന കമ്പനിയുടെ റീജിയണൽ ഡയറക്ടർ ലക്ഷ്മി നായർ എന്ന പേരിൽ സരിതയും സി.ഇ.ഒ ഡോ. ആർ.ബി. നായർ എന്ന പേരിൽ ബിജു രാധാകൃഷ്ണനുമാണ് ബാബുരാജിനെ സമീപിച്ചത്.
അന്നത്തെ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ ലെറ്റർപാഡും കേന്ദ്രമന്ത്രി ഫറൂഖ് അബ്ദുള്ളയുടെ വ്യാജക്കത്തും കാണിച്ച് സരിത ബാബുരാജിന്റെ വിശ്വാസം നേടുകയും അന്നത്തെ ആഭ്യന്തരമന്ത്രി തിരുവഞ്ചൂർ രാധാകൃഷ്ണൻ, കേന്ദ്രമന്ത്രി കെ.സി. വേണുഗോപാൽ എന്നിവരുമായി തനിക്ക് അടുപ്പമുണ്ടെന്ന് ബോദ്ധ്യപ്പെടുത്തുകയും ചെയ്തു.
ബാബുരാജിനെ സോളാർ ടീം കമ്പനിയുടെ ചെയർമാനാക്കാമെന്നും മകന് ജോലി നൽകാമെന്നുമായിരുന്നു വാഗ്ദാനം. പണം വാങ്ങിയിട്ടും സോളാർ പാനൽ സ്ഥാപിച്ചില്ല. ക്രൈംബ്രാഞ്ച് ഏറ്റെടുത്ത കേസിൽ ബിജു രാധാകൃഷ്ണൻ ഒന്നും സരിത രണ്ടും പ്രതികളാണ്. വഞ്ചനക്കുറ്റം, പണം തിരിമറി, ആൾമാറാട്ടം നടത്തി വഞ്ചന, വ്യാജരേഖ ചമയ്ക്കൽ എന്നീ കുറ്റങ്ങൾക്ക് 2015ലാണ് ജുഡിഷ്യൽ ഒന്നാം ക്ളാസ് മജിസ്ട്രേട്ടാണ് ശിക്ഷ വിധിച്ചിരുന്നത്.
https://www.facebook.com/Malayalivartha


























