ഉദരത്തിൽ തുടിക്കുന്ന ആ ജീവനെ ആരും കണ്ടില്ലെന്ന് നടിച്ചു; സീറ്റ് ലഭിക്കാതിരുന്ന യുവതി വളവു തിരിഞ്ഞ ബസ്സിൽ നിന്ന് പുറത്തേയ്ക്ക്... പൂർണ ഗർഭിണിയായ യുവതിയ്ക്ക് ദാരുണാന്ത്യം

ഉദരത്തിലെ തുടിക്കുന്ന ജീവൻ തന്റെ കൈകളിൽ എത്തുന്നതും കാത്ത് മാസങ്ങൾ എണ്ണി കഴിഞ്ഞിരുന്ന ഒരു അമ്മയ്ക്ക് തന്റെ കുരുന്നിനെ ഒരു നോക്ക് പോലും കാണാനാകാതെ കണ്ണടയ്‌ക്കേണ്ടി വന്നു. ബസിൽ നിന്ന് തെറിച്ചുവീണ പൂർണ ഗർഭിണിക്ക് ദാരുണാന്ത്യം. മനഃസാക്ഷിയെ നടുക്കുന്ന സംഭവം അരങ്ങേറിയത് ഈരാറ്റുപേട്ടയിൽ.
വട്ടക്കയം താഹയുടെ ഭാര്യ നാഷിദയാണ് (34) എട്ടു മാസം ഗർഭിണിയായിരിക്കേ ഓടുന്ന ബസിൽ നിന്ന് തെറിച്ചുവീണു മരിച്ചത്. വെള്ളിയാഴ്ചയായിരുന്നു അപകടം. ഗുരുതര പരുക്കുകളോടെ ആശുപത്രിയിലെത്തിച്ച നാഷിദയെ അടിയന്തര ശസ്ത്രക്രിയയ്ക്കു വിധേയയാക്കി ആണ്‍കുഞ്ഞിനെ പുറത്തെടുത്തു. നാഷിദയുടെ ജീവന്‍ രക്ഷിക്കാനുള്ള ശ്രമങ്ങള്‍ ഇന്നലെ വിഫലമായി.
തീക്കോയി അക്ഷയ കേന്ദ്രത്തില്‍ പോയി വീട്ടിലേക്കു മടങ്ങാന്‍ ബസില്‍ കയറിയ നാഷിദയ്ക്ക് ഇരിക്കാന്‍ സീറ്റ് ലഭിച്ചില്ല. ബസിന്റെ മുന്‍വാതിലിനു സമീപം നില്‍ക്കുകയായിരുന്നു. തീക്കോയിയില്‍ നിന്ന് ഒരു കിലോമീറ്ററോളം പിന്നിട്ടു വളവു തിരിയുന്നതിനിടെ ബസില്‍ നിന്നു പുറത്തേക്കു തെറിച്ചുവീഴുകയായിരുന്നു. ബസിന്റെ വാതില്‍ അടച്ചിരുന്നില്ല.
തലയ്ക്കു ഗുരുതരമായി പരുക്കേറ്റ നാഷിദ വെന്റിലേറ്ററിന്റെ സഹായത്തോടെയാണു ജീവന്‍ നിലനിര്‍ത്തിയത്. കബറടക്കം നടത്തി. ഹനാ ഫാത്തിമ, ഹയ ഫാത്തിമ എന്നിവരാണു മറ്റു മക്കള്‍. സംഭവത്തില്‍ ബസ് ഡ്രൈവര്‍ പൂഞ്ഞാര്‍ സ്വദേശി യദുകൃഷ്ണനെതിരെ (29) മനഃപൂര്‍വമല്ലാത്ത നരഹത്യയ്ക്കു കേസെടുത്തു.
ബസുകളില്‍ സ്ത്രീകള്‍ക്ക് സീറ്റുകള്‍ സംവരണം ചെയ്തിട്ടുണ്ടെങ്കിലും അതുകൈയടക്കുന്നവർ...വാതിലുകള്‍ വയ്ക്കാന്‍ നിയമമുണ്ടെങ്കിലും അതില്ലാതെ ഓടുന്നവ എന്നിങ്ങനെ നിയമ ലംഘനം നടത്തുന്ന സംഭവങ്ങൾ നിരവധിയാണ്. ഒഴിവാക്കാനാകുമായിരുന്ന ഒരു ദുരന്തം തന്നെയായിരുന്നു ഈരാറ്റുപേട്ടയിൽ സംഭവിച്ചത്.
https://www.facebook.com/Malayalivartha


























