തോമസ് ചാണ്ടിയെയും എ കെ ശശീന്ദ്രനെയും സി പി എമ്മും പിണറായിയും കൈവിട്ടു; പകരം കേരള കോൺഗ്രസിനെ ലയിപ്പിക്കാമെങ്കിൽ ഗണേശനെ ഗതാഗത മന്ത്രിയാക്കാമെന്ന് സി പി എം സംസ്ഥാന കമ്മിറ്റി

തോമസ് ചാണ്ടിയെയും എ കെ ശശീന്ദ്രനെയും സി പി എമ്മും പിണറായിയും കൈവിട്ടു. പകരം കേരള കോൺഗ്രസിനെ ലയിപ്പിക്കാമെങ്കിൽ ഗണേശനെ ഗതാഗത മന്ത്രിയാക്കാമെന്ന് സി പി എം സംസ്ഥാന കമ്മിറ്റി എൻസിപി ദേശീയ നേത്യത്വത്തെ അനൗപചാരികമായി അറിയിച്ചെന്ന് സൂചന. തോമസ് ചാണ്ടിക്കെതിരെ സർക്കാർ നിലപാട് കർക്കശമാക്കുമെന്നും സി പി എം സംസ്ഥാന സെക്രട്ടറി, പീതാംബരൻ മാസ്റ്ററെ അറിയിച്ചു.
അതിനിടെ തോമസ് ചാണ്ടി അനധികൃതമായി ഭൂമി നികത്തിയതായി സർക്കാർ ഹൈക്കോടതിയെ അറിയിച്ചു.ഉപഗ്രഹ ചിത്രങ്ങളുള്ള റിപ്പോർട്ടാണ് കോടതിക്ക് കൈമാറിയത്. റിപ്പോർട്ട് കോടതി അംഗീകരിക്കുകയാണെങ്കിൽ തോമസ് ചാണ്ടിയുടെ കാര്യം പ്രതിസന്ധിയിലാവും.
നേരത്തെ വിജിലൻസ് കോടതിയിലും സർക്കാർ സമാന നിലപാട് സ്വീകരിച്ചിരുന്നു. ജില്ലാ കളക്ടർ അനുപമ നൽകിയ റിപ്പോർട്ട് സർക്കാർ അതേപടി അംഗീകരിക്കുകയായിരുന്നു. മന്ത്രിക്കും മുൻ കളക്ടർക്കും സബ് കളക്ടർക്കുമെതിരെ അന്വേഷണം നടത്താനാണ് വിജിലൻസ് കോടതി ഉത്തരവ്. കോടതി രജിസ്റ്റർ ചെയ്യാൻ നിർദ്ദേശിച്ചു കഴിഞ്ഞു.
ആദ്യഘട്ടത്തിൽ ചാണ്ടിയെ സഹായിക്കുന്ന നിലപാടാണ് സർക്കാർ സ്വീകരിച്ചത്. രാജി സർക്കാരിനെ മോശപ്പെടുത്തും എന്ന ധാരണയിലായിരുന്നു നടപടി. നടപടി സർക്കാരിന് കളങ്കമായി മാറി. സി പി എം ജില്ലാ കമ്മിറ്റികൾ ചാണ്ടിക്കെതിരെ രംഗത്തെത്തി. അതോടെ സർക്കാരിന്റെ സ്വഭാവം മാറി. അനധികൃത നിർമ്മാണത്തിന് എം പി ഫണ്ട് ഉപയോഗിച്ചതിലൂടെ ഖജനാവിന് നഷ്ടം വരുത്തിയെന്നാണ് ചാണ്ടിക്കെതിരായ കേസ്.
ചാണ്ടിയെ സഹായിക്കരുതെന്ന പൊതുവികാരം സി പി എമ്മിൽ ഉരുത്തിരിഞ്ഞു കഴിഞ്ഞു. ഏഷ്യാനെറ്റ് ചാനൽ ചാണ്ടിക്കെതിരെ സ്വീകരിച്ച വിട്ടു വീഴ്ചയില്ലാത്ത നിലപാടാണ് ചാണ്ടിക്ക് വിനയായത്. ഏഷ്യാനെറ്റ് റിപ്പോർട്ടുകൾ സർക്കാരിന് വിനയായി തീർന്നു. അത് സർക്കാർ സമ്പന്നർക്കൊപ്പമാണെന്ന പ്രതീതിയുണ്ടാക്കി.
ഗണേശനെ ഗതാഗത മന്ത്രിയാക്കിയാൽ വകുപ്പ് രക്ഷപ്പെടുമെന്ന തോന്നൽ പൊതുജനങ്ങൾക്കിടയിലുണ്ട്. മാത്രവുമല്ല സരിത കേസ് വഷളാക്കുക വഴി സി പി എമ്മിനു ഗ്ലാമറുണ്ടാക്കി കൊടുത്ത നേതാവാണ് ഗണേശ് കുമാർ. ഉമ്മൻ ചാണ്ടിയുടെയും ചില നേതാക്കളുടെയും പേര് സരിതയുടെ കത്തിൽ ഗണേശൻ എഴുതി ചേർത്തതാണെന്ന ആരോപണം നിലനിൽക്കുന്നുണ്ട്. യഥാർത്ഥത്തിൽ ഗണേശൻ വ്യക്തി വൈരാഗ്യം തീർത്തതു കാരണമാണ് പല യു ഡി എഫ് നേതാക്കളും കുരുങ്ങിയത്. കുടുംബ പ്രശ്നങ്ങളെ തുടർന്ന് രാജിവച്ച തന്നെ ഉമ്മൻ ചാണ്ടി വീണ്ടും മന്ത്രിയാക്കിയില്ല എന്ന വിരോധം ഗണേശനുണ്ട്. കെ.എം.മാണിയോട് പിള്ളക്കുള്ള വിരോധവും സരിതയുടെ കത്തിൽ തീർത്തു. ഗണേശനെ വീണ്ടും മന്ത്രിയാക്കിയാൽ അത് പ്രത്യുപകാരമായി തീരും.
ശശീന്ദ്രന് ഇപ്പോഴും ഗ്ലാമറില്ല എന്ന നിലപാടിലാണ് മുന്നണി. ശശീന്ദ്രനെ വെള്ളം കുടിപ്പിക്കാൻ ചാണ്ടി സജീവമായി രംഗത്തുണ്ട്. ഗണേശനെ മുന്നണിയിലെത്തിക്കാൻ കരുക്കൾ നീക്കിയതും ചാണ്ടിയാണ്.
https://www.facebook.com/Malayalivartha


























