കുടുംബശ്രീ അംഗങ്ങള്‍ക്കായി നാലു കോളേജുകള്‍ തുടങ്ങുന്നു
കുടുംബശ്രീയുടെ പതിനാറാം വാര്‍ഷികം പ്രമാണിച്ച് അംഗങ്ങള്‍ക്കായി നാലു കമ്യൂണിറ്റി കോളേജുകള്‍ തുടങ്ങുമെന്നു മന്ത്രി എം.കെ. മുനീര്‍ അറിയിച്ചു. ടാറ്റാ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് സോഷ്യല്‍ സയന്‍സസ്, കെവിഎഎസ് എന്നിവയുമായി സഹകരിച്ചുള്ള രണ്ടു കോളേജുകള്‍, നിര്‍മാണ-ഓട്ടമൊബീല്‍ മേഖലയിലെ പരിശീലനത്തിനുള്ള കോളേജ്, ഭരണകാര്യങ്ങള്‍ പഠിക്കാനുള്ള കോളേജ് എന്നിവയാണു തുടങ്ങുന്നത്. നടപടിക്രമങ്ങള്‍ പൂര്‍ത്തിയായി. ടാറ്റാ ഇന്‍സ്റ്റിറ്റിയൂട്ടുമായി ധാരണാപത്രം അടുത്തയാഴ്ച ഒപ്പിടും.
ഇതു കൂടാതെ കാര്‍ഷിക സര്‍വകലാശാലയും വെറ്ററിനറി സര്‍വകലാശാലയും കുടുംബശ്രീ അംഗങ്ങള്‍ക്കു മാത്രമായുള്ള കോഴ്സുകള്‍ തുടങ്ങിയിട്ടുണ്ട്. ഇതിനു വേണ്ട സാമ്പത്തിക സഹായത്തിന്റെ ഒരു പങ്ക് കുടുംബശ്രീ മിഷന് വഹിക്കും. വെറ്ററിനറി സര്‍വകലാശാലയിലെ ഒരു വര്‍ഷ കോഴ്സിന് 5000 രൂപയാണു ഫീസ്.
വാര്‍ഷികാഘോഷങ്ങള്‍ 12നു പുത്തരിക്കണ്ടം മൈതാനത്തു കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി ഉദ്ഘാടനം ചെയ്യുമെന്നു മുനീര്‍ പറഞ്ഞു. മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി അധ്യക്ഷത വഹിക്കും. ആദ്യകാലങ്ങളില്‍ കുടുംബശ്രീ പ്രവര്‍ത്തകരെ മാലിന്യം നീക്കുന്നവര്‍ മാത്രമായാണു സമൂഹം കണ്ടിരുന്നത്. ഐക്യരാഷ്ട്ര സംഘടന പോലും കുടുംബശ്രീയുടെ പ്രവര്‍ത്തനം ഗൗരവപൂര്‍വം പഠിക്കുകയാണ്. പല ലോകരാജ്യങ്ങളില്‍ നിന്നുമുള്ളവര്‍ കുടുംബശ്രീയെക്കുറിച്ചു പഠിക്കാന്‍ ഇവിടെ എത്തി.
കമ്യൂണിറ്റി കോളേജുകള്‍ കൂടി തുടങ്ങുന്നതോടെ സ്ത്രീമുന്നേറ്റത്തിന്റെ പുതിയൊരധ്യായത്തിനു കേരളം ലോകത്തിനു മാതൃകയാവുമെന്നും മന്ത്രി പറഞ്ഞു. സെമിനാറുകള്‍, പ്രവര്‍ത്തകരുടെ അനുഭവങ്ങള്‍ പങ്കുവയ്ക്കല്‍, ചെറുത്തുനില്‍പ്പിന്റെ പ്രതീകങ്ങള്‍ എന്ന വിഷയത്തില്‍ ചര്‍ച്ച തുടങ്ങി വിവിധ പരിപാടികള്‍ 12 മുതല്‍ 14 വരെ തീയതികളില്‍ നടത്തും. 14നു സമാപന സമ്മേളനം ഗവര്‍ണര്‍ ഷീല ദീക്ഷിത് ഉദ്ഘാടനം ചെയ്യും. കുടുംബശ്രീയുടെ പുതിയ സംരംഭങ്ങള്‍ മുഖ്യമന്ത്രി പ്രഖ്യാപിക്കുമെന്നും മന്ത്രി പറഞ്ഞു.
https://www.facebook.com/Malayalivartha