കരിപ്പൂരിലെ റണ്‍വേ വീണ്ടും താല്‍ക്കാലികമായി അടക്കും

കരിപ്പൂര്‍ വിമാനത്താവളത്തില്‍ റണ്‍വേ എന്‍ഡ് സേഫ്റ്റി ഏരിയയുടെ (റിസ) നീളം വര്‍ധിപ്പിക്കുന്നതിന്റെ പ്രവൃത്തി തിങ്കളാഴ്ച ആരംഭിക്കും. ആറര കോടി രൂപ ചെലവില്‍ നടക്കുന്ന പ്രവൃത്തിക്കായി തിങ്കളാഴ്ച മുതല്‍ കരിപ്പൂരിലെ റണ്‍വേ വീണ്ടും താല്‍ക്കാലികമായി അടക്കും.
നിലവില്‍ 90 മീറ്ററാണ് കരിപ്പൂരിലെ റിസയുടെ നീളം. ഇടത്തരം വലിയ വിമാനങ്ങളുടെ സര്‍വിസ് പുനരാരംഭിക്കുന്നതിന്റെ നടപടിക്രമങ്ങളുടെ ഭാഗമായാണ് റിസയുടെ നീളം 240 മീറ്ററായി വര്‍ധിപ്പിക്കുന്നത്.
പ്രവൃത്തിക്കായി പകല്‍ 12 മുതല്‍ 2.30 വരെയും 3.30 മുതല്‍ വൈകീട്ട് ഏഴ് വരെയും മാര്‍ച്ച് 24 വരെയാണ് റണ്‍വേ അടക്കുക. ഉച്ചക്ക് ഒരു മണിക്കൂറിനിടയില്‍ നാല് വിമാനങ്ങളുടെ സര്‍വിസ് ഉള്ളതിനാലാണ് ഈ സമയത്തുമാത്രം റണ്‍വേ പ്രവര്‍ത്തിക്കുന്നത്.
മൂന്ന് ആഭ്യന്തര സര്‍വിസുകളും ഷാര്‍ജയില്‍നിന്നുള്ള ഇന്‍ഡിഗോയുടെ സര്‍വിസുമാണ് 2.30നും 3.30നും ഇടയിലുള്ളത്. തുടര്‍ന്ന്, പുതിയ വേനല്‍ക്കാല സമയക്രമ പട്ടിക നടപ്പില്‍വരുന്ന മാര്‍ച്ച് 25 മുതല്‍ ജൂണ്‍ 15 വരെ ഉച്ചക്ക് 12 മുതല്‍ രാത്രി എട്ട് വരെ തുടര്‍ച്ചയായി റണ്‍വേ അടക്കുന്നതിനുള്ള അനുമതിയും ഡയറക്ടറേറ്റ് ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍ നല്‍കിയിട്ടുണ്ട്. പ്രവൃത്തി ആരംഭിക്കുന്നതിനുള്ള നോട്ടാം (നോട്ടിസ് ടു എയര്‍മാന്‍) നേരത്തേതന്നെ എയര്‍പോര്‍ട്ട് അതോറിറ്റി പുറപ്പെടുവിച്ചിട്ടുണ്ട്.
<ു>2,860 മീറ്ററാണ് കരിപ്പൂരിലെ നിലവിലെ റണ്‍വേ. ഇത് 150 മീറ്റര്‍ കുറച്ചാണ് റിസയുടെ നീളം വര്‍ധിപ്പിക്കുക. പ്രവൃത്തിക്ക് വേണ്ടി ഡിസംബര്‍ 22 മുതല്‍ റണ്‍വേയുടെ നീളം 2,700 മീറ്ററായി പുനഃക്രമീകരിക്കുകയും പ്രകാശ സംവിധാനങ്ങള്‍ മാറ്റിസ്ഥാപിച്ചിട്ടുമുണ്ട്. റണ്‍വേയിലെ പെയിന്റിങ് പ്രവൃത്തിയും പുരോഗമിക്കുകയാണ്. റണ്‍വേയില്‍നിന്ന് വിമാനം തെന്നിയാല്‍ സുരക്ഷിതമായി ചെന്നുനില്‍ക്കേണ്ട ചതുപ്പ് പ്രദേശമാണ് റിസ. സിവില്‍, ഇലക്ട്രിക്കല്‍ വിഭാഗങ്ങളിലായി ആറ് പ്രവൃത്തിയാണ് റിസയുടെ നീളം വര്‍ധിപ്പിക്കുന്നതിന്റെ ഭാഗമായി നടക്കുക.
റണ്‍വേയുടെ രണ്ടറ്റത്തും എം സാന്‍ഡ് ഉപയോഗിച്ചാണ് റിസ നിര്‍മിക്കുക. പുതിയ പ്രകാശ സംവിധാനങ്ങള്‍ ഒരുക്കുക, ഗ്രേഡിങ് ഒരുക്കുന്നതിനായി റണ്‍വേയുടെ രണ്ട് വശത്തും ആയിരക്കണക്കിന് ലോഡ് മണ്ണ് ഉപയോഗിച്ച് ചരിവ് തയാറാക്കുക, വെള്ളം ഒഴുകി പോകുന്നതിന് ഡ്രെയിനേജ് കോണ്‍ക്രീറ്റ് ചെയ്യുക തുടങ്ങിയ പ്രവൃത്തികളാണ് നടക്കാനുള്ളത്. മണ്ണെടുക്കുന്നതിന് ജിയോളജി വകുപ്പിന്റെ അനുമതി വാങ്ങേണ്ടതുണ്ട്.
https://www.facebook.com/Malayalivartha






















