സി.പി.എം നേതാവും ചെങ്ങന്നൂര്‍ എം.എല്‍.എയുമായ കെ.കെ.രാമചന്ദ്രന്‍ നായര്‍ അന്തരിച്ചു, ചെന്നൈയിലെ അപ്പോളോ ആശുപത്രിയിലായിരുന്നു അന്ത്യം

ചെങ്ങന്നൂര്‍ എംഎല്‍എ കെ.കെ രാമചന്ദ്രന്‍നായര്‍ (65) അന്തരിച്ചു. ചെന്നൈയിലെ അപ്പോളോ ആശുപത്രിയിലായിരുന്നു അന്ത്യം. കരള്‍ രോഗത്തെത്തുടര്‍ന്ന് ചികിത്സയിലായിരുന്ന അദ്ദേഹം ഇന്ന് പുലര്‍ച്ചെ നാലുമണിയോടെയാണ് അന്തരിച്ചത്. ഒരു മാസത്തോളമായി ചെന്നൈ അപ്പോളോ ആശുപത്രിയില്‍ ചികിത്സയില്‍ ആയിരുന്നു അദ്ദേഹം . മൃതദേഹം ഇന്ന് തിരുവനന്തപുരത്ത് എത്തിക്കും. പിന്നീട് ചെങ്ങന്നൂരിലെ സെഞ്ച്വറി ആശുപത്രിയിലേക്ക് മാറ്റും. സംസ്‌കാരം പിന്നീട് നടക്കും.
1952 ഡിസംബര്‍ ഒന്നിന് ചെങ്ങന്നൂര്‍ ആല ഭാസകരവിലാസത്തില്‍ കരുണാകരന്‍ നായരുടേയും ഭാരതിയമ്മയുടേയും മകനായാണ് രാമചന്ദ്രന്‍ നായര്‍ ജനിച്ചത്. എസ്.എഫ്.ഐയിലൂടെ പൊതുപ്രവര്‍ത്തന രംഗത്തെത്തി. എസ്.എന്‍.എസ് കോളേജില്‍ നിന്ന് സാന്പത്തിക ശാസ്ത്രത്തില്‍ എബിരുദാനന്തര ബിരുദം നേടി. പിന്നീട് തിരുവനന്തപുരം ഗവ. ലാ കോളേജില്‍ നിന്ന് നിയമബിരുദം കരസ്ഥമാക്കി. എസ്.എഫ്.ഐയുടെ ആലപ്പുഴ ജില്ലാകമ്മിറ്റി അംഗമായിരുന്നു. ലാ കോളജില്‍ പഠിക്കുന്ന സമയത്ത് തിരുവനന്തപുരം ജില്ലാകമ്മറ്റി അംഗമായും കോളജ് യൂണിയന്‍ ചെയര്‍മാനായും പ്രവര്‍ത്തിച്ചു.
അഭിഭാഷകനായ രാമചന്ദ്രന്‍ നായര്‍ സി.പി.എം ചെങ്ങന്നൂര്‍ താലൂക്ക് യൂണിയന്‍ സെക്രട്ടറി, ഏരിയ സെക്രട്ടറിയായും പ്രവര്‍ത്തിച്ചു. ബാര്‍ കൗണ്‍സില്‍ പ്രസിഡന്റായിരുന്നു. 2001ല്‍ ശോഭന ജോര്‍ജിനെതിരെ ചെങ്ങന്നൂരില്‍ നിന്നാണ് നിയമസഭയിലേക്ക് ആദ്യം മത്സരിച്ചത്. പക്ഷേ, പരാജയപ്പെടുകയായിരുന്നു. ഇക്കഴിഞ്ഞ നിയമസഭ തിരഞ്ഞെടുപ്പില്‍ ചെങ്ങന്നൂരില്‍ മുന്‍ എം.എല്‍.എ പി.സി.വിഷ്ണുനാഥിനെ 7983 വോട്ടുകള്‍ക്ക് പരാജയപ്പെടുത്തി ആദ്യമായി സഭയിലെത്തി.
https://www.facebook.com/Malayalivartha






















