കെകെ രാമചന്ദ്രന്‍ നായര്‍ക്ക് തലസ്ഥാനത്തിന്റെ ആദരാഞ്ജലി

കഴിഞ്ഞ ദിവസം അന്തരിച്ച കെകെ രാമചന്ദ്രന്‍ നായര്‍ എംഎല്‍എയ്ക്ക് തലസ്ഥാനം ആദരാഞ്ജലികള്‍ അര്‍പ്പിച്ചു. വി.ജെ.ടി ഹാളില്‍ പൊതു ദര്‍ശനത്തിനു വച്ച എംഎല്‍എയുടെ മൃതദേഹത്തിന് ആയിരക്കണക്കിന് ആളുകളാണ് ആദരാഞ്ജലികള്‍ അര്‍പ്പിച്ചത്. മന്ത്രിമാര്‍ ഉള്‍പ്പെടെ വന്‍ ജനാവലി ആദരാഞ്ജലി അര്‍പ്പിക്കാന്‍ ഒത്തു കൂടി. പൊതു ദര്‍ശനത്തിനു ശേഷം സ്വന്തം നാടായ ചെങ്ങന്നൂരിലേക്ക് കൊണ്ടു പോയി.
രാഷ്ട്രീയവും വികസനവും മാത്രമല്ല, കലയും സാഹിത്യവും പരിസ്ഥിതിയുമെല്ലാം ചേര്‍ന്ന ജനപ്രതിനിധിയെയാണ് ചെങ്ങന്നൂരിന് നഷ്ടമായത്. കെ.കെ. രാമചന്ദ്രന്‍ നായര്‍ നാട്ടുകാര്‍ക്ക് കെ.കെ.ആര്‍ ആണ്. ജനപ്രതിനിധി അല്ലാത്ത കാലത്തും വികസനത്തിന്റെ വെളിച്ചം നാട്ടിലെത്തിക്കാന്‍ രാഷ്ട്രീയത്തിലുപരി പ്രയത്‌നിച്ചതിന്റെ ഫലമായിരുന്നു 2016ലെ ചൂടേറിയ ചതുഷ്‌കോണ മത്സരത്തില്‍ എതിരാളികളായ പ്രഗല്ഭരെ മുട്ടുകുത്തിച്ച് രാമചന്ദ്രന്‍ നായര്‍ ചെങ്ങന്നൂരിനെ ഇടതിനൊപ്പം നിര്‍ത്താന്‍ കാരണം. പി.സി. വിഷ്ണുനാഥ്, പി.എസ്. ശ്രീധരന്‍പിള്ള, ശോഭന ജോര്‍ജ് എന്നിവരെ തോല്‍പിച്ചാണ് കെ.കെ.ആര്‍ ഏറെക്കാലത്തിനുശേഷം ചെങ്ങന്നൂരില്‍ സി.പി.എമ്മിന്റെ കൊടി പാറിച്ചത്.
2001ല്‍ ഭാഗ്യം കൈവിടാന്‍ കാരണം പാര്‍ട്ടിയിലെ തന്നെ ഉള്‍പ്പോരായിരുന്നുവെന്ന് ആക്ഷേപമുയര്‍ന്നിരുന്നു. 2016ല്‍ പലരുടെയും കണക്കുകൂട്ടലുകള്‍ തെറ്റിച്ചാണ് കെ.കെ.ആറിന് സ്ഥാനാര്‍ഥി നറുക്ക് വീണത്.&ിയുെ;എതിര്‍ചേരിയില്‍പെട്ടവരെയും സൗമ്യമായ പെരുമാറ്റത്തിലൂടെ സുഹൃത്തുക്കളാക്കുന്ന സ്വഭാവമഹിമ വിജയത്തിന് അടിസ്ഥാനമായിരുന്നു. എസ്.എഫ്.ഐയിലൂടെ രാഷ്ട്രീയത്തില്‍ എത്തിയശേഷം അഭിഭാഷക വൃത്തിക്കൊപ്പം ഡി.വൈ.എഫ്.ഐയുടെയും സി.പി.എമ്മിന്റെയും കൊടിക്കീഴില്‍ പൊതുപ്രവര്‍ത്തനത്തില്‍ സജീവമായി. ശിശുക്ഷേമ സമിതി ജില്ല ചെയര്‍മാനായും പ്രവര്‍ത്തിച്ചു.
ചുരുങ്ങിയ കാലത്തെ എം.എല്‍.എ പദവിയിലിരുന്ന് രാമചന്ദ്രന്‍ നായര്‍ നടത്തിയ വികസന പ്രവര്‍ത്തനങ്ങള്‍ ചെങ്ങന്നൂരിന്റെ ചരിത്രരേഖകളില്‍ ആലേഖനം ചെയ്യപ്പെടും. രണ്ട് പാലങ്ങളുടെ നിര്‍മാണം പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞു.
നാശോന്മുഖവും തിരോധാനം ചെയ്യപ്പെട്ടതുമായ വരട്ടാറിനെ പുനരുജ്ജീവിപ്പിച്ചത് പരിസ്ഥിതി രംഗത്ത് കാണിച്ച ഉദാത്തമായ മാതൃകയാണ്. വരട്ടാറിനെ ഭൂമിയിലേക്ക് ഉയര്‍ത്തിയ നേതാവായി കെ.കെ.ആര്‍ അനുസ്മരിക്കപ്പെടും.
https://www.facebook.com/Malayalivartha






















