2015-16 സാമ്പത്തികവര്‍ഷം 13 കോടിയിലധികം ആസ്തിയുണ്ടെന്ന് തെരഞ്ഞെടുപ്പ് കമ്മിഷന് സത്യവാങ്മൂലം നല്‍കിയ മുരളീധരന്‍ പാവങ്ങളുടെ നികിതിപ്പണം ഉപയോഗിച്ച് മകന്റെ ചികില്‍സ നടത്തിയതിനെതിരെ സോഷ്യല്‍മീഡിയയില്‍ പ്രതിഷേധം

തെരഞ്ഞെടുപ്പ് കമ്മിഷന് നല്‍കിയ സത്യവാങ്മൂലത്തില്‍ കോടീശ്വരനാണെന്ന് വ്യക്തമാക്കിയ കെ.മുരളീധരന്‍ എം.എല്‍.എ മകന്റെ ചികില്‍സയ്ക്കായി പൊതുഖജനാവില്‍ നിന്ന് 26 ലക്ഷത്തോളം രൂപ കൈപ്പറ്റി. ഈ സര്‍ക്കാരിന്റെ കാലത്താണിത്. 2015-16 വര്‍ഷം മുരളീധരന്റെ കുടുംബത്തിന്റെ ആസ്തി 13 കോടിയിലേറെയാണ്. ഇപ്പോഴതിലും കൂടും. കോടക്കിണക്കിന് രൂപ സമ്പാദ്യമുള്ളപ്പോള്‍ പാവങ്ങളുടെ നികുതിപ്പണം ഉപയോഗിച്ച് സ്വകാര്യ ആശുപത്രിയിലും മറ്റും ചികില്‍സനടത്തിയത് ധാര്‍മികമായി ശരിയല്ലെന്നാണ് രാഷ്ട്രീയനിരീക്ഷകര്‍ വിലയിരുത്തുന്നത്. മുരളീധരന് ഏഴ് കോടി 45 ലക്ഷം രൂപയുടെ ആസ്തിയുണ്ട്. ഭാര്യ ജ്യോതിക്ക് അഞ്ച് കോടി 15 ലക്ഷവും മകന്‍ അരുണ്‍ നാരായണന് 26 ലക്ഷവും മറ്റൊരു മകന്‍ ശബരീനാഥിന് 15 ലക്ഷവും ആസ്തിയുണ്ടെന്നാണ് സത്യവാങ്മൂലത്തില്‍ വ്യക്തമാക്കുന്നത്. രണ്ട് വര്‍ഷം മുമ്പ് 15 ലക്ഷത്തോളം ആസ്തിയുണ്ടായിരുന്ന മകന്റെ ചികില്‍സയ്ക്കാണ് 26 ലക്ഷം സര്‍ക്കാരില്‍ നിന്ന് എഴുതിയെടുത്തത്.
കോണ്‍ഗ്രസില്‍ ധാര്‍മികതയും നീതിയും ന്യായവും ഉയര്‍ത്തിപ്പിടിക്കുന്ന നേതാവായ പി.ടി തോമസ് എം.എല്‍.എ എല്‍.ഡി.എഫ് സര്‍ക്കാര്‍ അധികാരമേറ്റ ശേഷം 18 ലക്ഷത്തിലധികമാണ് ചികില്‍സാ ഇനത്തില്‍ വാങ്ങിയത്. പ്രതിപക്ഷഉപനേതാവ് ഡോ.എം.കെ മുനീര്‍ പത്ത്‌ലക്ഷത്തിലധികം രൂപയും. മുനീര്‍ ഉപയോഗിക്കുന്ന കണ്ണാടിക്ക് ഒരു ലക്ഷത്തിലധികം വിലയുണ്ട്. മുനീറിന് ചികില്‍സാ ഇനത്തില്‍ ഇനിയും നാല് ലക്ഷം രൂപ കിട്ടാനുണ്ട്. പി.വി അബ്ദുള്‍ വഹാബ് ഏഴ് ലക്ഷവും കെ.സി ജോസഫ് ആറ് ലക്ഷവും ചികില്‍സയ്ക്കായി വാങ്ങി. ആരോഗ്യമന്ത്രി കെ.കെ ശൈലജ 28000 രൂപയുടെ കണ്ണാടി വാങ്ങിയിട്ടും ഭര്‍ത്താവ് അശുപത്രിയില്‍ കഴിഞ്ഞപ്പോള്‍ ചെലവായ ഭക്ഷണത്തിന്റെ ബില്ല് വരെ റീഇംബേഴ്‌സ്‌മെന്റിന് ഹാജരാക്കിയതും വിവാദമായിട്ടും യു.ഡി.എഫ് എം.എല്‍.എമാര്‍ മിണ്ടാതിരുന്നത് എന്തുകൊണ്ടാണെന്ന് ഇപ്പോഴാണ് വ്യക്തമായത്.
പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല ഇത് സംബന്ധിച്ച് ഒരു പത്രക്കുറിപ്പ് പോലും ഇറക്കിയില്ല. ഇതിനെതിരെ സോഷ്യല്‍മീഡിയയില്‍ വ്യാപക പരാതി ഉയര്‍ന്നിരുന്നു. എന്തെങ്കിലും ആക്ഷേപം ഉന്നയിച്ചാല്‍ പ്രതിപക്ഷത്തുള്ള നേതാക്കളുടെ ചികില്‍സാ, യാത്രാ ചെലവുകളും പുറത്താകുമെന്ന് ഭയന്നാണ് യു.ഡി.എഫ് ഈ വിഷയത്തില്‍ മൗനംപാലിച്ചത്. ഇ.പി ജയരാജന്‍ മന്ത്രിയായിരുന്നപ്പോള്‍ 33000 രൂപയിലധികം വിലയുള്ള കണ്ണടയാണ് വാങ്ങിയത്. അതും ആരും ചര്‍ച്ചയാക്കിയില്ല. മുമ്പ് കെ.കരുണാകരന്‍ മുഖ്യമന്ത്രിയായിരുന്നപ്പോള്‍ മെഡിക്കല്‍കോളജിലാണ് ചികില്‍സതേടിയിരുന്നത്. അവസാനകാലത്ത് പക്ഷെ, അദ്ദേഹം സ്വകാര്യ ആശുപത്രിയെയാണ് ആശ്രയിച്ചത്.
https://www.facebook.com/Malayalivartha






















