ശ്രീജിത്തിന്റെ സമരം ഫലം കാണുന്നു; ശ്രീജിവിന്റെ മരണം സി.ബി.ഐ അന്വേഷിക്കുമെന്ന് രാജ്നാഥിന്റെ ഉറപ്പ്

നെയ്യാറ്റിൻകര സ്വദേശി ശ്രീജിവിന്റെ കസ്റ്റഡി മരണത്തെ കുറിച്ച് സി.ബി.ഐ അന്വേഷിക്കുമെന്ന് ഉറപ്പ് ലഭിച്ചതായി എം.പിമാരായ എൻ.കെ.പ്രേമചന്ദ്രനും കെ.സി.വേണുഗോപാലും അറിയിച്ചു.കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്നാഥ് സിംഗുമായി നടത്തിയ ചർച്ചയിലാണ് ഈ ഉറപ്പ് ലഭിച്ചതെന്നും ഇരുവരും
മാധ്യമങ്ങളോട് പറഞ്ഞു.
നേരത്തെ ഗവര്‍ണര്‍ ജസ്റ്റിസ് പി. സദാശിവം വിഷയത്തില്‍ ഇടപെട്ടിരുന്നു. ശ്രീജിവിന്റെ മരണം സംബന്ധിച്ച എല്ലാ രേഖകളും നല്‍കാന്‍ ഗവര്‍ണര്‍ ആവശ്യപ്പെട്ടു. ശ്രീജിവിന്റെ അമ്മ രമണി പ്രമീള രാജ് ഭവനിലെത്തി ഗവര്‍ണറെ കണ്ടിരുന്നു. തുടര്‍ന്നാണ് ഗവര്‍ണര്‍ പി.സദാശിവം ഇത് സംബന്ധിച്ച രേഖകള്‍ ആവശ്യപ്പെട്ടത്. സിബിഐ അന്വേഷണത്തിനുളള പിന്തുണ ഉണ്ടാകുമെന്നും ഗവര്‍ണര്‍ ശ്രീജിത്തിന്റെ മാതാവിന് ഉറപ്പ് നല്‍കിയിരുന്നു. 2014 മുതലുള്ള രേഖകളുമായി വീണ്ടും മറ്റന്നാള്‍ ഗവര്‍ണറെ കാണുമെന്ന് ശ്രീജിത്തിന്റെ അമ്മ അറിയിച്ചിരുന്നു.
2014 മെയ് 21നായിരുന്നു ശ്രീജീവിന്റെ മരണം. മോഷണക്കുറ്റം ആരോപിച്ച് കസ്റ്റഡിയില്‍ എടുത്ത ശ്രീജീവിനെ പാറശാല സി.ഐ ആയിരുന്ന ഗോപകുമാറും എ.എസ്.ഐ ഫിലിപ്പോസും ചേര്‍ന്ന് മര്‍ദിച്ചും വിഷം നല്‍കിയും കൊലപ്പെടുത്തിയെന്ന് പൊലീസ് കംപ്ലയിന്റ് അതോറിറ്റി കണ്ടെത്തിയിരുന്നു. എന്നാല്‍ ഇവര്‍ക്കെതിരെ നടപടിയുണ്ടാകാത്തതിനെ തുടര്‍ന്നായിരുന്നു കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് സഹോദരന്‍ ശ്രീജിത്ത് സമരം തുടങ്ങിയത്.
ദക്ഷിണമേഖല എ.ഡി.ജി.പിയുടെ നേതൃത്വത്തിൽ അന്വേഷണ സംഘം രൂപീകരിച്ചെങ്കിലും അന്വേഷണം നടന്നില്ല. സംസ്ഥാന തലത്തിൽ പ്രത്യേകിച്ച് ഒരു അന്വേഷണവും നടത്താതെ സി.ബി.ഐയെ സമീപിച്ചതോടെയാണ് ഏറ്റെടുക്കാനുള്ള ഗൗരവമില്ലെന്ന പേരിൽ സി.ബി.ഐ കയ്യൊഴിഞ്ഞത്. 2014 മേയിൽ പാറശാല സി.ഐ അയിരുന്ന ഗോപകുമാർ ,എ. എസ്. ഐ ഫിലിപ്പോസ് , സിവിൽ പൊലീസ് ഓഫീസർമാരായ പ്രതാപചന്ദ്രൻ ,വിജയദാസ് , എസ്.ഐ.ഡി.ബിജുകുമാർ എന്നിവരാണ് കുറ്റാരോപിതർ.
രണ്ടുവര്‍ഷത്തിലേറെയായി സെക്രട്ടേറിയറ്റിന് മുന്നിലെ നടപ്പാതയില്‍ സുഹൃത്തുക്കള്‍ മാത്രമായിരുന്നു ശ്രീജിത്തിന് കൂട്ട്. നിരവധി ചെറുപ്പക്കാര്‍ ശ്രീജിത്തിന് പിന്തുണയുമായി ഇപ്പോള്‍ സെക്രട്ടേറിയറ്റിന് മുന്നിലുണ്ട്.
https://www.facebook.com/Malayalivartha






















