ആര്‍.ബാലകൃഷ്ണപിള്ളയെയും മകന്‍ കെ.ബി ഗണേഷ്‌കുമാറിനെയും എന്‍.സി.പിയിലെടുത്താല്‍ തങ്ങളെ വെട്ടിനിരത്തുമെന്ന് ഭയന്ന് ചിരവൈരികളായ തോമസ് ചാണ്ടിയും എ.കെ ശശീന്ദ്രനും കൈകോര്‍ത്തു

ആര്‍.ബാലകൃഷ്ണപിള്ളയെയും മകന്‍ കെ.ബി ഗണേഷ്‌കുമാറിനെയും എന്‍.സി.പിയിലെടുത്താല്‍ തങ്ങളെ വെട്ടിനിരത്തുമെന്ന് ഭയന്ന് ചിരവൈരികളായ തോമസ് ചാണ്ടിയും എ.കെ ശശീന്ദ്രനും കൈകോര്‍ത്തു. പാര്‍ട്ടി ദേശീയ നേതൃത്വത്തിന്റെ നീക്കം ഉപേക്ഷിക്കണമെന്ന് ഇരുവരും എന്‍.സി.പി പ്രസിഡന്റ് ശരത് പവാറിനെ നേരിട്ട് കണ്ട് അറിയിച്ചു. ശശീന്ദ്രനും ചാണ്ടിക്കും മന്ത്രിസഭയിലെത്താന്‍ കഴിയാത്തത് കൊണ്ട് കേരളാ കോണ്‍ഗ്രസ് (ബി)യെ എന്‍.സി.പിയില്‍ ലയിപ്പിച്ച് ഗണേഷിനെ മന്ത്രിയാക്കാന്‍ സംസ്ഥാന പ്രസിഡന്റ് ടി.പി പീതാംബരന്‍മാസ്റ്റര്‍ നടത്തിയ നീക്കം ഇതോടെ പാളി. ഗണേഷിനായി പീതാംബരന്‍ മാസ്റ്ററും മാണി സി.കാപ്പനും ശരത്പവാറിനെ കണ്ട് ചര്‍ച്ച നടത്തിയിരുന്നു.
എന്‍.സി.പിക്ക് രാജ്യത്തെങ്ങും മന്ത്രിമാരില്ലാത്തതിനാല്‍ എത്രയും വേഗം കേരളത്തില്‍ ഒഴിഞ്ഞ് കിടക്കുന്ന മന്ത്രിസ്ഥാനത്ത് ആളെ എത്തിക്കണമെന്ന് ദേശീയ നേതൃത്വം ആവശ്യപ്പെടുന്നു. അതോടെയാണ് ഗണേഷിനെ മന്ത്രിസഭയിലെത്തിക്കാന്‍ ആലോചിച്ചത്. കായല്‍ കയ്യേറ്റക്കേസില്‍ കുടുങ്ങിയ തോമസ് ചാണ്ടിക്കും ഹണി ട്രാപ്പില്‍ പെട്ട എ.കെ ശശീന്ദ്രനും കോടതി നടപടികള്‍ അവസാനിപ്പിക്കാതെ മന്ത്രിസഭയിലെത്താനാകില്ല. ശശീന്ദ്രനെതിരെ കേസ് നല്‍കിയ മാധ്യമപ്രവര്‍ത്തക കേസ് പിന്‍വലിക്കാന്ഡ തയ്യാറായെങ്കിലും അവസാനനിമിഷം തീരുമാനം മാറ്റി. ഇതോടെയാണ് അദ്ദേഹത്തിന്റെ മന്ത്രിപദത്തിലേക്കുള്ള വഴിയടഞ്ഞത്.
ബാലകൃഷ്ണപിള്ളയുടെയും ഗണേഷ്‌കുമാറിന്റെയും കേസുകളും അവരുടെ നിലപാടുകളും ശരത്പവാറിന് മുന്നില്‍ ചൂണ്ടിക്കാട്ടിയാണ് ശശീന്ദ്രനും തോമസ് ചാണ്ടി പക്ഷവും പീതാംബരന്‍ മാസ്റ്ററുടെ നീക്കത്തിന് തടയിട്ടത്. ഗണേഷിന് പകരം ആര്‍.എസ്.പി ലെനിനിസ്റ്റിലെ കോവൂര്‍ കുഞ്ഞുമോന്‍ എം.എല്‍.എയെ മന്ത്രിയാക്കാന്‍ ശ്രമം നടക്കുന്നുണ്ട്. തോമസ് ചാണ്ടിക്ക് ഇതില്‍ എതിര്‍പ്പില്ല. എ.കെ ശശീന്ദ്രനെ കൂടി വിശ്വാസത്തിലെടുത്തായിരിക്കും ഇക്കാര്യത്തില്‍ അന്തിമതീരുമാനം എടുക്കുക. കോവൂര്‍കുഞ്ഞുമോനെ പാര്‍ട്ടിയുടെ വരിയില്‍ നിര്‍ത്താനാകും ഗണേഷിനെയും ബാലകൃഷ്ണപിള്ളയെയും അങ്ങനെയല്ല, അവര്‍ താപ്പാനകളാണ്. പാര്‍ട്ടിമുഴുവന്‍ അവരുടെ കയ്യിലാകുമെന്നാണ് നേതാക്കളുടെ ആശങ്ക.
https://www.facebook.com/Malayalivartha






















