വൃദ്ധയുടെ കഴുത്തിൽ കേബിൾ കുരുക്കി 11 പവന്റെ സ്വര്‍ണാഭരണങ്ങളും പണവും മോഷ്ടിച്ചു

വൃദ്ധയുടെ കഴുത്തിൽ കേബിൾ കുരുക്കി 11 പവന്റെ സ്വര്‍ണാഭരണങ്ങളും പണവും മോഷ്ടിച്ചു. അജാനൂര്‍ വേലാശ്വരത്ത് സഫ്ദര്‍ഹാശ്മി ക്ലബ്ബിന് സമീപത്തെ റിട്ട. നഴ്സിങ് അസിസ്റ്റന്റ് സി. വേലായുധന്റെ ഭാര്യയും റിട്ട. നഴ്സിങ് അസിസ്റ്റന്റുമായ കയ്യില്‍വീട്ടില്‍ ജാനകി(65)യുടെ കഴുത്തിൽ കേബിൾ ചുറ്റിയാണ് കവർച്ച നടന്നത്. ഇന്നലെ രാവിലെ അഞ്ചോടെയാണ് സംഭവം നടന്നത്.
ടാങ്കില്‍ വെള്ളം നിറഞ്ഞതിനുശേഷം വീടിന്റെ മുന്‍വശത്തെ പമ്ബ് ഹൗസില്‍നിന്ന് മോട്ടോര്‍ ഓഫ്ചെയ്ത് തിരിച്ചുവരുമ്പോഴാണ് ആക്രമണമുണ്ടായത്. വീടിനകത്തുനിന്ന് ഇറങ്ങിവന്ന അജ്ഞാതന്‍ കഴുത്തില്‍ കേബിള്‍ കുരുക്കി കൊലപ്പെടുത്താന്‍ ശ്രമിക്കുകയായിരുന്നു. അടുക്കളയുടെ മുന്‍വശത്ത് ജാനകി ബോധരഹിതയായി വീണു. 5.45-ഓടെ ഭര്‍ത്താവ് വേലായുധന്‍ ഉറക്കമുണര്‍ന്ന് പുറത്തേക്കു വന്നപ്പോഴാണ് ജാനകി വീണുകിടക്കുന്നത് കണ്ടത്. തലകറങ്ങിവീണതാണെന്നു കരുതി ഉടന്‍ കുന്നുമ്മലിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചു. ഡോക്ടര്‍ നടത്തിയ പരിശോധനയിലാണ് അക്രമത്തിനിരയായതാണെന്ന് മനസിലായത്.
ഉടന്‍ ജില്ലാ ആശുപത്രിയിലേക്ക് മാറ്റി. വീട്ടില്‍ പരിശോധന നടത്തിയപ്പോഴാണ് കവര്‍ച്ചനടന്നതായി വ്യക്തമായത്. ആറര പവന്റെ താലിമാല, മൂന്നര പവന്റെ വളകള്‍, ഒരു പവന്റെ മോതിരം, മൂവായിരം രൂപ എന്നിവയാണ് നഷ്ടപ്പെട്ടത്. ആഭരണവും പണവും കിടപ്പുമുറിയിലെ മേശപ്പുറത്താണ് വെച്ചിരുന്നത്. ശനിയാഴ്ച ജാനകി മകളോടൊപ്പം മഡിയന്‍ കൂലോം ക്ഷേത്രത്തില്‍ ഉത്സവത്തിന് പോയിരുന്നു. രാത്രി തിരിച്ചുവന്ന് ആഭരണങ്ങള്‍ മേശപ്പുറത്ത് വെച്ചതായിരുന്നു. ജാനകിയെ കഴുത്തിനുകുരുക്കി വീഴ്ത്തുന്നതിനുമുമ്പാണോ ശേഷമാണോ കവര്‍ച്ച എന്ന് വ്യക്തമല്ല. കാഞ്ഞങ്ങാട് ഡിവൈ.എസ്.പി. കെ.ദാമോദരന്‍, ഹൊസ്ദുര്‍ഗ് സി.ഐ. സി.കെ.സുനില്‍കുമാര്‍ എന്നിവര്‍ സംഭവസ്ഥലം സന്ദര്‍ശിച്ചിട്ടുണ്ട്.
https://www.facebook.com/Malayalivartha






















