സംസ്ഥാനത്തെ നടുക്കി വീണ്ടും കവർച്ച; വീട്ടമ്മയുടെ കഴുത്തില്‍ കേബിള്‍ കുരുക്കി ബോധം നഷ്ടപ്പെടുത്തിയ ശേഷം മോഷണം

കാസര്‍കോട് അജനൂരിലാണ് വീട്ടമ്മയുടെ കഴുത്തില്‍ കേബിള്‍ കുരുക്കി ബോധരഹിതയാക്കി 11 പവന്‍ സ്വര്‍ണവും പണവും മോഷ്ടിച്ചത്. റിട്ട. നഴ്‌സിങ്ങ് അസിസ്റ്റന്റ് സി. വേലായുധന്റെ ഭാര്യയും റിട്ട. നഴ്‌സിങ്ങ് അസിസ്റ്റന്റുമായ കയ്യില്‍ വീട്ടില്‍ ജാനകിക്ക് നേരെയാണ് ആക്രമണമുണ്ടായത്. ഇവരെ കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.തിങ്കളാഴ്ചയായിരുന്നു സംഭവം.
പുലര്‍ച്ചെ അഞ്ചുമണിക്ക് ടാങ്കില്‍ വെള്ളം നിറഞ്ഞതിന് ശേഷം വീടിന് പുറത്തുള്ള പമ്പ ഹൗസില്‍ നിന്നും മോട്ടര്‍ ഓഫ് ചെയ്ത് തിരികെ വരുമ്പോഴാണ് ആക്രമണമുണ്ടായത്. വീടിനകത്തുനിന്ന് ഇറങ്ങിവന്ന അജ്ഞാതന്‍ കഴുത്തില്‍ കേബിള്‍ കുരുക്കി കൊലപ്പെടുത്താന്‍ ശ്രമിക്കുകയായിരുന്നു.
തുടർന്ന് അടുക്കളയുടെ മുന്‍വശത്ത് ജാനകി ബോധരഹിതയായി വീഴുകയായിരുന്നു. പിന്നീട്, ഭര്‍ത്താവ് ഉറക്കമെഴുന്നേറ്റ് പുറത്തുവന്നു നോക്കുമ്പോള്‍ ഭാര്യ ബോധരഹിതയായി വീണുകിടക്കുകയായിരുന്നു. തലകറങ്ങി വീണതായിരിക്കുമെന്ന് കരുതി അടുത്തുള്ള ആശുപത്രിയില്‍ എത്തി പരിശോധിച്ചപ്പോഴാണ് ആക്രമണം നടന്നതായി മനസ്സിലായത്.
താലിമാല അടക്കമുള്ള ആഭരണങ്ങളും മൂവായിരം രൂപയാണ് നഷ്ടമായിരിക്കുന്നത്. കഴിഞ്ഞമാസം റിട്ട. അധ്യാപികയുടെ കഴുത്തറുത്തുകൊന്ന് കവര്‍ച്ച നടത്തിയ സംഭവത്തില്‍ പ്രതികളെ പിടികൂടുവാന്‍ പോലീസിന് സാധിച്ചിരുന്നില്ല. ഈ സംഭവം കൂടിയുണ്ടായതോടെ പോലീസിനെതിരെ രൂക്ഷവിമര്‍ശനമാണുയര്‍ന്നിരിക്കുന്നത്.

https://www.facebook.com/Malayalivartha






















