സി ബി ഐ അന്വേഷണത്തിൽ ഉറപ്പ് കിട്ടുംവരെ ശ്രീജിത്ത് സമരം തുടരും

സഹോദരൻ ശ്രീജീവിന്റെ കസ്റ്റഡിമരണം സി.ബി.ഐ അന്വേഷിക്കണമെന്നാവശ്യപ്പെട്ട് സെക്രട്ടേറിയറ്റിന് മുന്നിൽ സമരം തുടരുന്ന ശ്രീജിത്തുമായി മുഖ്യമന്ത്രി പിണറായി വിജയൻ നടത്തിയ അനുരഞ്ജന ചർച്ച വിജയിച്ചില്ല. സോഷ്യൽ മീഡിയ ഏറ്റെടുത്തതോടെയാണ് ശ്രീജിത്തിന്റെ സമരം ആവേശകരമായ വേലിയേറ്റമായത്.
സി.ബി.ഐ അന്വേഷണത്തിനുള്ള ഉത്തരവിറങ്ങുംവരെ സമരം തുടരുമെന്ന് ചർച്ചയ്ക്കുശേഷം ശ്രീജിത്ത് മാദ്ധ്യമങ്ങളോട് പറഞ്ഞു. ഇന്നലെ വൈകിട്ട് മുഖ്യമന്ത്രിയുടെ ചേംബറിലാണ് ശ്രീജിത്തും മാതാവ് രമണിയും മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തിയത്. മുഖ്യമന്ത്രി ചർച്ചയ്ക്ക് വിളിച്ചതിൽ സന്തോഷമുണ്ടെന്ന് ശ്രീജിത്ത് പറഞ്ഞു. എന്നാൽ, കേസ് സി.ബി.ഐ അന്വേഷിക്കുക, കുറ്റക്കാരായ പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ നടപടി സ്വീകരിക്കുക എന്നീ ആവശ്യങ്ങളിൽ മുഖ്യമന്ത്രിയിൽ നിന്ന് യാതൊരു ഉറപ്പും കിട്ടിയില്ല. സർക്കാർ തങ്ങൾക്കൊപ്പം നിൽക്കുമെന്ന ഉറപ്പുനൽകുക മാത്രമാണ് ചെയ്തത്.
കുറ്റക്കാരായ പൊലീസുകാർക്കെതിരെ നടപടിയെടുക്കാൻ സാങ്കേതിക തടസമുണ്ടെന്നാണ് അദ്ദേഹം പറഞ്ഞത്. ഹൈക്കോടതിയുടെ സ്റ്റേയാണ് ഇതിന് കാരണം. സ്റ്റേ നീക്കാൻ കോടതിയെ സമീപിച്ചാൽ സർക്കാർ വേണ്ട പിന്തുണ നൽകാമെന്നും അറിയിച്ചു. ആരോപണവിധേയനായ ഉദ്യോഗസ്ഥൻ പരിഹസിക്കുന്നുവെന്ന ശ്രീജിത്തിന്റെ മാതാവ് രമണിയുടെ പരാതിയിൽ നടപടി സ്വീകരിക്കുമെന്ന് ഉറപ്പ് നൽകി.
സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് താൻ നൽകിയ പരാതിയിൽ അനുകൂല നിലപാട് സ്വീകരിക്കുമെന്ന ഉറപ്പു മാത്രമാണ് കിട്ടിയത്. സി.ബി.ഐ അന്വേഷണം തുടങ്ങിയാൽ മാത്രമേ സമരം അവസാനിപ്പിക്കൂ. നീതിക്കുവേണ്ടി മരണം വരെ സമരത്തിനും തയ്യാറാണ്. സി.ബി.ഐ അന്വേഷണത്തിനായി കോടതിയെ സമീപിക്കുമെന്നും ശ്രീജിത്ത് അറിയിച്ചു.
https://www.facebook.com/Malayalivartha






















