കേരളത്തിൽ വ്യാജ രജിസ്ട്രേഷനിലൂടെ നികുതി വെട്ടിച്ച കാറുകളുടെ കണക്ക് ഞെട്ടിപ്പിക്കുന്നത്

കേരളത്തിൽ കഴിഞ്ഞ അഞ്ചു വർഷത്തിനിടയിൽ പുതുച്ചേരിയിൽ വ്യാജ വിലാസത്തിൽ റജിസ്റ്റർ ചെയ്തു നികുതി വെട്ടിച്ച കാറുകളുടെ എണ്ണം ഞെട്ടിപ്പിക്കുന്നത്. ക്രൈംബ്രാഞ്ച് അന്വേഷണത്തിലാണ് ഞെട്ടിപ്പിക്കുന്ന കണക്കുകൾ കണ്ടെത്തിയത്. ഇതിൽ നികുതി വെട്ടിച്ച 2356 ആഡംബര വാഹനങ്ങളുടെ പട്ടിക മോട്ടോർവാഹന വകുപ്പ് തയാറാക്കിയിട്ടുണ്ട്. ഇതിനു പുറമേ, ഏകദേശം 23,000 ഇടത്തരം കാറുകളും ഇത്തരത്തിൽ പുതുച്ചേരിയിൽ റജിസ്റ്റർ ചെയ്തിട്ടുണ്ടെന്നാണു ക്രൈംബ്രാഞ്ച് കണ്ടെത്തൽ.
ഇത്തരം കാറുടമകളുടെ കേരളത്തിലെയും പുതുച്ചേരിയിലെയും വിലാസങ്ങൾ അന്വേഷണ സംഘം ശേഖരിച്ചു തുടങ്ങി. പിവൈ–01, പിവൈ–03, പിവൈ–05 ആർടി ഓഫിസുകളിൽ റജിസ്റ്റർ ചെയ്ത വാഹനങ്ങളുടെ പട്ടികയാണു ശേഖരിക്കുന്നത്. ഇതിൽ, പിവൈ–03 മാഹി റജിസ്ട്രേഷനും മറ്റു രണ്ടും പുതുച്ചേരിയിലെയുമാണ്. നേരത്തേ, 50 ലക്ഷം രൂപയ്ക്കു മുകളിൽ വിലയുള്ള കാറുകളുടെ നികുതി വെട്ടിപ്പാണു ക്രൈംബ്രാഞ്ച് അന്വേഷിച്ചത്. ഇപ്പോൾ, 50 ലക്ഷത്തിൽ താഴെ വിലയുള്ള കാറുകളുടെ കണക്കാണു ശേഖരിക്കുന്നത്.
പട്ടിക ഉടൻ മോട്ടോർവാഹന വകുപ്പിനു കൈമാറും. ഒരുകോടി വിലയുള്ള വാഹനം പുതുച്ചേരിയിൽ റജിസ്റ്റർ ചെയ്താൽ 19 ലക്ഷം രൂപയാണ് ഉടമയ്ക്കു ലാഭിക്കാന്‍ സാധിക്കുക. ഇതേ വാഹനത്തിന് കേരളത്തിൽ 20 ലക്ഷം രൂപ നികുതി നൽകണം. നികുതി വെട്ടിക്കാൻ പ്രേരിപ്പിക്കുകയും ഒത്താശ ചെയ്യുകയും ചെയ്ത സംസ്ഥാനത്തെ 11 കാർ ഡീലർമാർക്കെതിരെയും ക്രൈംബ്രാഞ്ച് കേസ് എടുത്തു. തിരുവനന്തപുരം, കൊച്ചി, കോഴിക്കോട് എന്നിവിടങ്ങളിലെ ആഡംബര കാർ ഷോറൂം മാനേജർമാരെ പ്രതിയാക്കിയാണു കേസ്. കൊച്ചിയിലെ ഒരു ഷോറൂമിൽനിന്നു കഴിഞ്ഞ രണ്ടുവർഷത്തിനിടെ വിറ്റ 46 കാറുകൾ പുതുച്ചേരിയിൽ വ്യാജ വിലാസത്തിൽ റജിസ്റ്റർ ചെയ്തു നികുതി വെട്ടിച്ചതായി കണ്ടെത്തിയെന്ന് ഐജി. മറ്റ് 20 കാർ ഡീലർമാരുടെ പങ്കും അന്വേഷണത്തിലാണ്.
https://www.facebook.com/Malayalivartha






















