ഗുണനിലവാരമുള്ള മരുന്നുകള്‍ ന്യായമായ നിരക്കില്‍ ലഭ്യമാക്കാന്‍ നഗരസഭ രംഗത്ത്

ന്യായമായ നിരക്കില്‍ ഗുണനിലവാരമുള്ള മരുന്നുകള്‍ ലഭ്യമാക്കാന്‍ നഗരസഭ രംഗത്ത്. അനന്തപുരി മെഡിക്കല്‍സ് എന്ന പേരിലാണ് രോഗികള്‍ക്ക് ആശ്വാസം പകരാന്‍ നഗരസഭ എത്തുന്നത്. പൊതുവിപണിയില്‍ ലഭിക്കുന്നതിനെക്കാള്‍ വിലകുറച്ചാകും അനന്തപുരി മെഡിക്കല്‍സിലൂടെ മരുന്നുകള്‍ ജനങ്ങളിലെത്തുക. കാന്‍സര്‍ ഉള്‍പ്പെടെയുള്ള എല്ലാ രോഗങ്ങള്‍ക്കുള്ള മരുന്നും ഇവിടെ ലഭ്യമാകും. ഇത് ആദ്യമായാണ് നഗരസഭ നേരിട്ട് മെഡിക്കല്‍ സ്‌റ്റോര്‍ ആരംഭിക്കുന്നത്. 20 ലക്ഷം രൂപയാണ് ആദ്യഘട്ടത്തില്‍ പദ്ധതി ചെലവ് പ്രതീക്ഷിക്കുന്നത്.
2017-18 കാലയളവില്‍ നഗരസഭ നടപ്പിലാക്കുന്ന സുപ്രധാന പദ്ധതികളിലൊന്നാണിത്. രണ്ട് മാസത്തിനുള്ളില്‍ പ്രവര്‍ത്തനം ആരംഭിക്കാനുള്ള നടപടികളാണ് ഇപ്പോള്‍ പുരോഗമിക്കുന്നത്. നഗരസഭ ഹെല്‍ത്ത് ഓഫീസര്‍ ശശികുമാറിനാണ് പദ്ധതിയുടെ നിര്‍വഹണ ചുമതല.
പാളയം സാഫല്യം കോംപ്ലക്‌സിലെ നഗരസഭയുടെ സ്വന്തം കെട്ടിടത്തിലാണ് മെഡിക്കല്‍സ് പ്രവര്‍ത്തിക്കുക. 350 സ്‌ക്വയര്‍ഫീറ്റുള്ള മുറിയില്‍ അടിസ്ഥാന സൗകര്യമൊരുക്കുന്നതിനുള്ള പണികള്‍ അവസാന ഘട്ടത്തിലാണ്. ആദ്യ ഘട്ടമെന്ന നിലയില്‍ രാവിലെ 9 മുതല്‍ വൈകിട്ട് 5 വരെയാകും പ്രവര്‍ത്തനം. തുടര്‍ന്ന് ആവശ്യമെങ്കില്‍ സമയക്രമത്തില്‍ മാറ്റം വരുത്തും. മെഡിക്കല്‍സിലേക്ക് ആവശ്യമായ ഫാര്‍മസിസ്റ്റ്, ഫീമെയില്‍ അറ്റന്‍ഡര്‍ തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു കഴിഞ്ഞു.
ദിവസേന നിരവധി രോഗികളെത്തുന്ന മെഡിക്കല്‍ കോളേജ് , റീജിയണല്‍ കാന്‍സര്‍ സെന്റര്‍, മറ്റ് പ്രധാന ചികിത്സാ കേന്ദ്രങ്ങളായ ജനറല്‍ ആശുപത്രി, തൈക്കാട്, ഫോര്‍ട്ട്, എന്നിവിടങ്ങളില്‍ നിന്നു രോഗികള്‍ക്ക് എത്താനുള്ള സൗകര്യം കണക്കിലെടുത്താണ് പാളയത്ത് മെഡിക്കല്‍സ് ആരംഭിക്കുന്നത്.
സംസ്ഥാനത്ത് രോഗികളുടെ കണ്ണീരൊപ്പുന്ന സര്‍ക്കാരിന്റെ കാരുണ്യ ഫാര്‍മസികള്‍ക്ക് പിന്നാലെയാണ് അനന്തപുരി മെഡിക്കല്‍സ് ജനങ്ങളിലെത്തുന്നത്. കാരുണ്യ മരുന്ന് വാങ്ങുന്ന അതേ നടപടിക്രമങ്ങളാകും അനന്തപുരി മെഡിക്കല്‍സും പിന്തുടരുക. കേരള മെഡിക്കല്‍ സര്‍വീസസ് കോര്‍പറേഷന്റെയും മറ്റ് സര്‍ക്കാര്‍ അംഗീകൃത ഏജന്‍സികളില്‍ നിന്നും മരുന്ന് ശേഖരിക്കും. പൂര്‍ണമായും ടെന്‍ഡര്‍ നടപടികളിലൂടെയാണ് കമ്പനികളെ തിരഞ്ഞെടുക്കുക. ലാഭമല്ല മറിച്ച് രോഗികള്‍ക്ക് ആശ്വാസം പകരുകയാണ് പദ്ധതിയിലൂടെ നഗരസഭ ലക്ഷ്യമിടുന്നത്. ആദ്യ ഘട്ടം വിജയകരമായാല്‍ കൂടുതല്‍ നഗരത്തില്‍ സെന്ററുകള്‍ ആരംഭിക്കും.
https://www.facebook.com/Malayalivartha























