ശ്രീജിത്തിന്റെ സമരം സർക്കാരിനെ അലട്ടുന്നു; ശ്രീജിത്തിന് പിന്നിൽ ആരാണെന്ന് അറിയാൻ സർക്കാർ

സഹോദരന്റെ കൊലപാതകത്തിലെ പ്രതികളെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് സെക്രട്ടേറിയറ് നടയിൽ സമരം തുടരുന്ന ശ്രീജിത്തിനു പിന്നിൽ തീവ്രവാദ സംഘടനകളുടെയോ സർക്കാരിനെ പ്രതിസന്ധിയിലാക്കാൻ ശ്രമിക്കുന്ന മറ്റാരെയെങ്കിലുമോ സ്വാധീനമുണ്ടോ എന്ന കാര്യത്തിൽ രഹസ്യാന്വേഷണം തുടങ്ങി.
മുഖ്യമന്ത്രി നേരിട്ടും രണ്ട് എം പിമാർക്ക് കേന്ദ്ര ആഭ്യന്തര സഹമന്ത്രിയും ഉറപ്പുകൊടുത്തിട്ടും ശ്രീജിത്ത് സമരത്തിൽ നിന്നും പിൻമാറാത്തത് എന്തുകൊണ്ടാണെന്നാണ് സർക്കാരിനു സംശയം. ആരുടെ സ്വാധീനമാണ് ഇതിനു പിന്നിലുള്ളതെന്ന കാര്യത്തിൽ പോലീസ് തീർത്തും സംശയിക്കുന്നു. രണ്ട് വർഷത്തിലധികമായി സമരപന്തലിൽ കഴിയുന്ന ശ്രീജിത്തിനെ ഇക്കാലമത്രയും ആരും ശ്രദ്ധിക്കാതിരുന്നിട്ടും പൊടുന്നനെ ശ്രദ്ധിക്കപ്പെട്ടതെന്ന് എങ്ങനെയാണെന്നാണ് സംശയം.
ശ്രീജിത്തിന്റെ സഹോദരൻ ശ്രീജിവ് കസ്റ്റഡിയിൽ മരിച്ചത് യു ഡി എഫ് സർക്കാരിന്റെ കാലത്താണ്. ആഭ്യന്തര മന്ത്രി തിരുവഞ്ചൂർ രാധാക്യഷ്ണന്റെ കാലത്താണ് സംഭവം നടന്നത്. രമേശ് ചെന്നിത്തല ആഭ്യന്തര മന്ത്രിയായിരുന്ന കാലത്താണ് ശ്രീജിത്ത് സമരം ആരംഭിച്ചത്. മരണത്തിന് കാരണക്കാരായ ഉദ്യോഗസ്ഥർ കുറ്റക്കാരാണെന്ന് ആദ്യം കണ്ടെത്തിയത് മനുഷ്യാവകാശ കമ്മീഷനാണ്. ശ്രീജിവിന്റെ മരണം കസ്റ്റഡി മരണമല്ലെന്നും എന്നാൽ കസ്റ്റഡിയിൽ സൈനഡുമായി പ്രവേശിച്ച ഇയാളെ തിരിച്ചറിയാത്ത ഉദ്യോഗസ്ഥർ കുറ്റക്കാരാണെന്നുമായിരുന്നു മനുഷ്യാവകാശ കമ്മീഷന്റെ കണ്ടെത്തൽ.
ക്രൈംബ്രാഞ്ചാണ് കമീഷന്റെ നിർദ്ദേശാനുസരണം അന്വേഷണം നടത്തിയത്. ഇനി സിബിഐ അന്വേഷണം വന്നാലും ഇതിൽ കാര്യമായ മാറ്റമുണ്ടാകുമെന്ന് പോലീസ് കരുതുന്നില്ല. പോലീസുകാർ കുറ്റക്കാരാണെന്ന് കണ്ടെത്താത്തത് കൊണ്ടാണ് സസ്പെന്റ് ചെയ്യാത്തതെന്നാണ് അന്നത്തെ സർക്കാർ പറഞ്ഞിരുന്നത്. എന്നാൽ വർഷങ്ങൾക്ക് മുമ്പ് നടന്ന സംഭവം എങ്ങനെയാണ് ഇത്രപെട്ടെന്ന് വിവാദമായെന്നാണ് സർക്കാരിനെ അലട്ടുന്നത്
ഇത്തരം സമരങ്ങൾ ഏറ്റെടുക്കുന്ന ഫെയ്സ് ബുക്ക് കൂട്ടായ്മക്ക് ആരാണ് നേതൃത്വം നൽകുന്നത് എന്നാണ് പ്രധാനമായും അന്വേഷിക്കുന്നത്. സംഘടിത മാർഗ്ഗത്തിലൂടെയല്ലെന്ന് പറഞ്ഞ് നടക്കുന്ന സമരമാണെങ്കിലും കൃത്യമായ സംഘാടനം സമരത്തിന്റെ കാര്യത്തിലുണ്ടെന്നാണ് സർക്കാർ പറയുന്നത്.
ആരാണ് ഇത്തരം സമരങ്ങളുടെ ചെലവ് വഹിക്കുന്നതെന്നും സർക്കാർ അന്വേഷിക്കുന്നു. യു ഡി എഫ് സർക്കാർ പാടേ അവഗണിച്ച ശ്രീജിത്തിന് 10 ലക്ഷം നൽകിയത് പിണറായി സർക്കാരാണ്. എന്നിട്ടും സർക്കാരിനെതിരെ സമരം നയിച്ചു. സി ബി ഐ അന്വേഷണം വേണമെങ്കിൽ കുമ്മനം വിചാരിക്കണം. അതിനു പകരം കുമ്മനം സർക്കാരിനെതിരെ പരസ്യ പ്രസ്താവന നടത്തുകയാണ് ചെയ്തത്.
സർക്കാരിന് അന്വേഷണം ആവശ്യപ്പെട്ട് കത്ത് എഴുതാൻ മാത്രമേ കഴിയുകയുള്ളു. അത് സർക്കാർ ചെയ്തു. യഥാർത്ഥത്തിൽ സമരം രാഷ്ട്രീയ പ്രേരിതമാണെന്ന് സർക്കാരിനു മനസിലായി. അരാഷ്ട്രീയ മട്ടിൽ നഗരത്തിന്റെ സമാധാനം കെടുത്തുന്ന ഇത്തരം സമരങ്ങൾ എങ്ങനെ നടക്കുന്നു എന്നാണ് സർക്കാരിന് അറിയേണ്ടത്.
https://www.facebook.com/Malayalivartha






















