ഉന്നത ഉദ്യോഗസ്ഥരായ സ്ത്രീകളുള്‍പ്പെടെ സതീശന്റെ കിളിക്കൊഞ്ചലില്‍ മയങ്ങി; പണവും മറ്റ് വിലപിടിപ്പുള്ള സാധനങ്ങളും വാങ്ങിപ്പിച്ചു, കറന്റ് ചാര്‍ജ്ജ് വരെ അടപ്പിച്ചു

വിവാഹ പരസ്യം നല്‍കുന്ന യുവതികളെ ഫോണില്‍ വിളിച്ച് തട്ടിപ്പ് നടത്തിവന്ന വിരുതനെ തിരുവനന്തപുരം സിറ്റി ഷാഡോ പോലീസ് വലയിലാക്കി. കൊല്ലം ഓച്ചിറ, വവ്വാക്കാല , കുന്നേല്‍ വീട്ടില്‍ സതീഷ് കുമാറാണ് ( 30 ) പിടിയിലായത്. വിവാഹ ബ്യൂറോകളില്‍ ജോലി നോക്കിയിരുന്ന സതീഷ് പത്രങ്ങളില്‍ വിവാഹ പരസ്യം നല്‍കിയ സ്ത്രീകളുടെ ഫോണ്‍ നമ്പരിലേക്ക് വിളിച്ച് ഡിഫന്‍സിലും, ആര്‍ബിഐയിലുമൊക്കെ ജോലിയുള്ള രാം സാഗര്‍ വിജയന്‍ എന്ന് പരിചയപ്പെടുത്തി മറ്റൊരാളുടെ ഫോട്ടോ അയച്ച് കൊടുത്ത് ചങ്ങാത്തം കൂടുകയായിരുന്നു. പുനര്‍വിവാഹത്തിനായി പരസ്യം നല്കിയ യുവതികളാണ് ഇയാളുടെ ഇരകളില്‍ അധികവും.
ഇതിനിടയില്‍ പെണ്ണുകാണുന്നതിനായി വീട്ടില്‍ വരുന്നുണ്ടെന്ന് പറയുകയും പെണ്‍ വീട്ട്കാര്‍ ഒരുക്കങ്ങള്‍ പൂര്‍ത്തിയാക്കി കാത്തിരിയ്ക്കുകയും ചെയ്യും. പക്ഷെ, അവസാന നിമിഷം വാഹനം സതീഷ് തന്ത്രപരമായി മുങ്ങും. അതിന് പറയുന്ന കഥകള്‍ ഇങ്ങിനെയാണ്, അപകടത്തലായി, ഉറ്റ ബന്ധുക്കള്‍ ആശുപത്രിയിലായി. ഒരേ സമയം പല സ്ത്രീകളെ ഇത്തരത്തില്‍ ഉന്നത ഉദ്യോഗസ്ഥനെന്ന് പറഞ്ഞ് പറ്റിയ്ക്കുകയായിരുന്നു. സതീഷ് പ്ലസ്ടു വരെ മാത്രമേ പഠിച്ചിട്ടുള്ളൂ എങ്കിലും വിദ്യാസമ്പന്നനായ ആളെപ്പോലെ പെരുമാറി ഉന്നത ഉദ്യോഗസ്ഥകളെ പോലും പറ്റിച്ചിട്ടുണ്ട്. ഇതിനിടയില്‍ ഇയാള്‍ക്ക് സുഖമില്ലാതെ ആശുപത്രിയിലാണെന്ന് പറഞ്ഞ് വിശ്വസിപ്പിച്ച് സ്ത്രീകളെ കൊണ്ട് കറണ്ട് ബില്ല് വരെ അടപ്പിയ്ക്കുകയും, അക്കൗണ്ടിലേക്ക് രൂപ അയച്ച് കൊടുക്കുകയും ചെയ്തിട്ടുണ്ട്.
പറ്റിച്ച സ്ത്രീകളെയാരും ഒരിയ്ക്കല്‍ പോലും നേരിട്ട് കാണാന്‍ തയ്യാറായിട്ടില്ല. പല സ്ത്രീകളും ഇയാളുടെ സംസാരത്തില്‍ മയങ്ങി സ്വകാര്യഫോട്ടോകള്‍ പോലും അയച്ച് കൊടുത്തിട്ടുണ്ടാകാമെന്ന് സംശയമുണ്ട്. അതിനാല്‍ ഇയാളുടെ ഫോണ്‍ കൂടുതല്‍ പരിശോധനയ്ക്കായി സൈബര്‍ സെല്ലിന് കൈമാറിയിട്ടുണ്ട്. സിറ്റി പോലീസ് കമ്മീഷണര്‍ പ്രകാശ് ഐ പി എസ് ന് ലഭിച്ച പരാതി അന്വേഷിക്കുന്നതിന് കണ്‍ട്രോള്‍ റൂം എ സി പി സുരേഷ് കുമാര്‍ ന്റെ നേതൃത്വത്തില്‍ സിറ്റി ഷാഡോ പോലീസിനെ നിയോഗിക്കുകയായിരുന്നു.
ഷാഡോ പോലീസ് നടത്തിയ അന്വേഷണത്തില്‍ ഇയാളുടെ ഫോണ്‍ നമ്പരുകള്‍ വ്യാജ അഡ്രസ്സിലുള്ളതാണെന്നും യഥാര്‍ത്ഥ ആള്‍ ഓച്ചിറ സ്വദേശിയായ സതീഷ് എന്ന് കണ്ടെത്തുകയും ഓച്ചിറയില്‍ നിന്നും പിടികൂടുകയായിരുന്നു. ഇയാളുടെ ഫോണില്‍ നിന്നും നിരവധി ഉന്നത ഉദ്യോഗസ്ഥകളായ യുവതികളെ ഇത്തരത്തില്‍ വ്യാജപേരുകളിലൂടെ പറ്റിയ്ക്കുകയായിരുന്നു എന്ന് മനസ്സിലാക്കി അവരെയെല്ലാം ഫോണില്‍ ബന്ധപ്പെട്ട് ഇയാള്‍ തട്ടിപ്പുകാരനാണ് എന്ന് പോലീസ് അറിയിച്ചു. ഷാഡോ എസ് ഐ സുനില്‍ ലാല്‍, സൈബര്‍ സെല്‍ എസ്.ഐ മണികണ്ഠന്‍, എ എസ് ഐ അരുണ്‍കുമാര്‍ ഷാഡോ പോലീസ് അംഗങ്ങള്‍ എന്നിവരാണ് അന്വേഷണത്തിനും അറസ്റ്റിനും നേതൃത്വം നല്കിയത്.
https://www.facebook.com/Malayalivartha























