മുഖ്യമന്ത്രിയുടെ കൈയിൽ കടന്നുപിടിച്ച് സെൽഫിയെടുക്കാൻ ശ്രമം ; വിദ്യാർത്ഥിയുടെ പ്രവൃത്തിയിൽ പ്രകോപിതനായി മുഖ്യമന്ത്രി പിണറായി വിജയൻ

തന്റെ കൈക്ക് പിടിച്ച് സെൽഫിയെടുക്കാൻ തുനിഞ്ഞ വിദ്യാർത്ഥിക്കുനേരെ മുഖം കറുപ്പിച്ച് മുഖ്യമന്ത്രി. എന്നാൽ തന്റെ പ്രതികരണത്തിൽ ഭയന്നുപോയ വിദ്യാർഥിയെ മുഖ്യമന്ത്രി പിണറായി വിജയൻ ആശ്വസിപ്പിച്ച് ഫോട്ടോയും എടുത്ത ശേഷം മടക്കി അയച്ചു. സി.പി.എം ഏരിയ കമ്മിറ്റി ഒാഫിസിന് മുന്നിൽ തിങ്കളാഴ്ച രാവിലെയായിരുന്നു സംഭവം നടന്നത്. പുതിയ സി.പി.എം ജില്ല കമ്മിറ്റി അംഗങ്ങളുടെയും സംസ്ഥാന സമ്മേളന പ്രതിനിധികളുടെയും പാനൽ തയാറാക്കിയ ജില്ല കമ്മിറ്റിക്കുശേഷം പുറത്തേക്ക് വരുമ്പോഴാണ് സംഭവങ്ങളുടെ തുടക്കം.
മുഖ്യമന്ത്രിയെ കണ്ടതോടെ ഒപ്പംനിന്ന് ഫോട്ടോ എടുക്കാൻ സമീപത്തെ ഗവ. ബോയ്സ് സ്കൂളിലെ പത്തോളം വിദ്യാർഥികളും എത്തിയിരുന്നു. ആ സമയം ചിരിച്ച മുഖത്തോടെയാണ് മുഖ്യമന്ത്രി, കോടിയേരി ബാലകൃഷ്ണനും മറ്റു നേതാക്കൾക്കൊപ്പം പുറത്തേക്ക് ഇറങ്ങിവന്നത്. ആദ്യം നേതാക്കൾക്കൊപ്പം ഫോട്ടോ എടുത്തതിന് ശേഷം ‘ബോയ്സ് സ്കൂളിലെ ബോയ്സ്’ വരാൻ മുഖ്യമന്ത്രി നിർദേശിച്ചു. ഇൗ സമയത്ത് ഒരു വിദ്യാർഥി അപ്രതീക്ഷിതമായി മുഖ്യമന്ത്രിയുടെ കൈയിൽ കടന്നുപിടിച്ച് സെൽഫിയെടുക്കാൻ ശ്രമിച്ചു.
എന്നാൽ ഈ അവസരത്തിൽ മുഖഭാവം മാറിയ മുഖ്യമന്ത്രി ഗൗരവത്തിൽ കൈ തട്ടിമാറ്റി ഒഴിവാക്കി. വീണ്ടും ഫോട്ടോയെടുക്കാൻ വിദ്യാർഥികളെയെല്ലാമായി വിളിച്ചപ്പോഴും സെൽഫിയെടുക്കാൻ തുനിഞ്ഞത് അനിഷ്ടത്തിനിടയാക്കി. തുടർന്ന് വിദ്യാർഥിയുടെ കൈവശമിരുന്ന ഫോൺ മറ്റൊരാൾക്ക് നൽകി ഫോട്ടോ എടുക്കാൻ നിർദേശിച്ചു. ഫോണിന്റെ ലോക്ക് ഒഴിവാക്കി ഫോട്ടോയെടുക്കാൻ സമയവും നൽകി.വിദ്യാർത്ഥിയോട് ടെൻഷൻ ഒഴിവാക്കി ചിരിച്ച മുഖത്തോടെ പോസ് ചെയ്യാനും ആവശ്യപ്പെട്ടു. തുടർന്ന് 'ഐശ്വര്യമായിട്ട് പോയി വരു’ എന്ന ആശംസയോടുകൂടി വിദ്യാർഥിയെ പറഞ്ഞയച്ചു.
https://www.facebook.com/Malayalivartha























