പ്രധാനമന്ത്രിയുടെ ഉപദേഷ്ടാവാണെന്ന വ്യാജേന കൊട്ടാരക്കര സ്വദേശി തട്ടിയത് കോടികള്‍

പ്രധാനമന്ത്രിയുടെ ഉപദേഷ്ടാവാണെന്ന വ്യാജേന കോടികള്‍ കൈക്കലാക്കിയ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. കൊണ്ടാഴി പാറമേല്‍പടിയില്‍ വാടകയ്ക്ക് താമസിക്കുന്ന കൊട്ടാരക്കര സ്വദേശി ബാലകൃഷ്ണ സുധീറിനെ (45)യാണ് വടക്കാഞ്ചേരി സി.ഐ. പി.എസ്. സുരേഷിന്റെ നേതൃത്വത്തിലുള്ള പോലീസ് കസ്റ്റഡിയിലെടുത്തത്.
പ്രധാനമന്ത്രിയുടെ ഉപദേഷ്ടാവാണെന്ന് തെറ്റിദ്ധരിപ്പിച്ചായിരുന്നു ഇയാൾ കോടികള്‍ സ്വന്തമാക്കിയത്. ചേലക്കര നിയോജകമണ്ഡലത്തിന്റെ പല ഭാഗങ്ങളില്‍ നിന്നും പ്രധാനമന്ത്രിയുടെ ഓഫീസിലെ ജീവനക്കാരനാണെന്ന് തെറ്റിദ്ധരിപ്പിച്ച് പണം തട്ടുന്നതായി ആരോപിച്ച് നേരത്തെ യുവമോര്‍ച്ച രംഗത്തെത്തിയിരുന്നു. മറ്റൊരു കേസില്‍ ഹാജരാകാന്‍ വടക്കാഞ്ചേരി കോടതിയില്‍ ബാലകൃഷ്ണ സുധീര്‍ എത്തിയപ്പോള്‍ യുവമോര്‍ച്ച പ്രവര്‍ത്തകര്‍ തടഞ്ഞുവെച്ച് പോലീസില്‍ ഏല്‍പ്പിക്കുകയായിരുന്നു. ഷൊര്‍ണൂര്‍ ചുഡുവാലത്തൂര്‍ സ്വദേശി ഷീലയില്‍നിന്ന് 90,000 രൂപ, മുള്ളൂര്‍ക്കര വാഴക്കോട് സ്വദേശി പുത്തന്‍വീട്ടില്‍ അബൂബക്കറില്‍നിന്ന് ഏഴര ലക്ഷം, കോഴിക്കോട് മുക്കം സ്വദേശിനി കാഞ്ചനമാലയുടെ സഹോദരി രാഗിണിയില്‍നിന്ന് 12 ലക്ഷം രൂപ എന്നിങ്ങനെ നിരവധിപ്പേരിൽനിന്നും ഇയാൾ പണം തട്ടിയിരുന്നു. 32 കേസുകള്‍ ഇയാള്‍ക്കെതിരേയുള്ളതായി പോലീസ് പറഞ്ഞു. ഇയാളെ ഷൊര്‍ണൂര്‍ പോലീസിന് കൈമാറിയതായി വടക്കാഞ്ചേരി പോലീസ് അറിയിച്ചു.
https://www.facebook.com/Malayalivartha























