ശബരിമലയിലെ വരുമാനത്തില്‍ വന്‍വര്‍ദ്ധനവുണ്ടായിട്ടും തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ സാമ്പത്തിക പ്രതിസന്ധിക്ക് കുറവില്ല

ശബരിമലയിലെ വരുമാനത്തില്‍ വന്‍വര്‍ദ്ധനവുണ്ടായിട്ടും തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ സാമ്പത്തിക പ്രതിസന്ധിക്ക് കുറവില്ല. ഇത്തവണ വരുമാനം 45 കോടി രൂപ വര്‍ധിച്ച് 255 കോടിയെന്ന റെക്കോഡിലെത്തി. അഴിമതിയും ധൂര്‍ത്തും മൂലം സാമ്പത്തിക അടിത്തറ തകര്‍ന്ന ദേവസ്വം ബോര്‍ഡിന് 13 മാസത്തെ ശമ്പളത്തിനും പെന്‍ഷനും ആവശ്യമായ തുക കരുതല്‍ നിക്ഷേപമായി സൂക്ഷിക്കണമെന്ന വ്യവസ്ഥ പാലിക്കാന്‍ കഴിയാതിരുന്നതാണ് കഴിഞ്ഞ സെപ്റ്റംബര്‍ മുതല്‍ ശമ്പളം മുടങ്ങുമെന്ന അവസ്ഥ സൃഷ്ടിച്ചത്.
ശമ്പളം മുടങ്ങാതിരിക്കാനായി ലേലവരുമാനത്തില്‍നിന്ന് 40 കോടിയോളം രൂപ ചെലവിട്ടെന്നാണു സൂചന. ഇക്കൊല്ലത്തെ കരുതല്‍ നിക്ഷേപത്തിനുള്ള പണമാണ് വിത്തെടുത്തു കുത്തിയ അവസ്ഥയിലാക്കിയത്. കഴിഞ്ഞ നവംബര്‍ മുതലുള്ള ശമ്പളത്തിന് ആവശ്യമായ തുക ബാങ്കില്‍ നിക്ഷേപിച്ചിരുന്നില്ല. അതിനായുള്ള പണം ബോര്‍ഡിന്റെ അനുമതിയില്ലാതെ ദേവസ്വം അക്കൗണ്ട്‌സ് ഓഫീസറും ദേവസ്വം കമ്മിഷണറും ചേര്‍ന്ന് മരാമത്ത് പണികള്‍ക്കായി ചീഫ് എന്‍ജിനീയര്‍ക്ക് അനുവദിക്കുകയായിരുന്നു.
നാളികേരം ലേലത്തില്‍നിന്നടക്കം ഇക്കുറി മണ്ഡലമകരവിളക്ക് തീര്‍ഥാടനകാലത്ത് 255 കോടി രൂപയാണ് ശബരിമലയിലെ മൊത്തം വരുമാനം. കഴിഞ്ഞ വര്‍ഷം ശബരിമലയിലെ ഉത്സവച്ചെലവ് 53 കോടി രൂപയായിരുന്നത് ഇക്കുറി 75 കോടിയിലെത്തി. വ്യാവസായിക നിരക്കിലുള്ള െവെദ്യുതി, വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥര്‍ക്കുള്ള ഭക്ഷണം, താമസം, ക്ഷേത്രത്തിലെ പൂജകള്‍ എന്നിവ ഉള്‍പ്പെടെയാണിത്. ഇതുകൂടി കണക്കിലെടുക്കുമ്പോള്‍ ശബരിമലയില്‍നിന്നുള്ള വരുമാനമിച്ചം 140 കോടിയായി ചുരുങ്ങും.
ബോര്‍ഡിനു കീഴിലുള്ള മറ്റ് 1218 ക്ഷേത്രങ്ങളില്‍നിന്നുള്ള ആകെ വരുമാനം പ്രതിവര്‍ഷം 173 കോടി രൂപയാണ്. ശമ്പളവും പെന്‍ഷനും നല്‍കാനായി 280 കോടി രൂപ വേണം. ശബരിമലയിലേതടക്കം മൊത്തം വരുമാനത്തില്‍നിന്നു ബാക്കിവരുന്ന 33 കോടിയോളം രൂപയാണ് മറ്റു ക്ഷേത്രങ്ങളുടെ പരിപാലനത്തിനും മരാമത്ത് ജോലികള്‍ക്കുമായി ഉപയോഗിക്കേണ്ടത്. മലയാലപ്പുഴ, ശ്രീകണ്‌ഠേശ്വരം തുടങ്ങിയ 20 മേജര്‍ ക്ഷേത്രങ്ങളില്‍ നിന്നുമാത്രമാണ് കാര്യമായ വരുമാനം ലഭിക്കുന്നത്. 283 സബ്ഗ്രൂപ്പുകളിലായി 60 ക്ഷേത്രങ്ങള്‍ മാത്രമാണു സ്വയംപര്യാപ്തമായത്. മറ്റു ക്ഷേത്രങ്ങളിലേക്കുള്ള പൂജയ്ക്കും നിത്യച്ചെലവിനും പണം കണ്ടെത്തേണ്ടത് ശബരിമലയിലെ വരുമാനത്തില്‍നിന്നാണ്.
ശമ്പളം, പെന്‍ഷന്‍ കരുതല്‍ നിക്ഷേപത്തിനു വേണ്ടി ഇനി മാസപൂജകള്‍ക്കും വിഷു ഉത്സവത്തിനും ശബരിമലയില്‍നിന്നു ലഭിക്കുന്ന വരുമാനത്തിലാണു പ്രതീക്ഷ. ഇതിനു പുറമെയാണ് വിവിധ ക്ഷേത്രങ്ങളില്‍ നടത്തേണ്ട അറ്റകുറ്റപ്പണികളും മരാമത്ത് പണികളും. ഇപ്പോള്‍ മരാമത്ത് പണി നടത്തുന്ന കരാറുകാര്‍ക്ക് ഓണക്കാലമാകുമ്പോഴേക്കും പണം നല്‍കണം. അഴിമതി ഏറ്റവും കൂടുതല്‍ നടക്കുന്ന മരാമത്ത് ജോലികള്‍ക്കായി ബജറ്റില്‍ അനുവദിച്ചതിനേക്കാള്‍ കൂടുതല്‍ തുക ചെലവിട്ടതാണ് ബോര്‍ഡിനെ പ്രതിസന്ധിയിലാക്കിയത്.
https://www.facebook.com/Malayalivartha























