ശ്രീജീവ് പോലീസ് കസ്റ്റഡിയില്‍ കൊല്ലപ്പെട്ടത് ആത്മഹത്യയാക്കാന്‍ ശ്രമിച്ചതിനെതിരെ അമ്മ മനുഷ്യാവകാശ കമ്മീഷന് നല്‍കിയ പരാതിയുടെ പൂര്‍ണ രൂപം മലയാളി വാര്‍ത്ത പുറത്തുവിടുന്നു

പൊന്നനുജന്‍ ശ്രീജീവിന്റെ മരണത്തിന് പിന്നിലെ യഥാര്‍ത്ഥ കൊലയാളികളെ കണ്ടെത്തണമെന്നാവശ്യപ്പെട്ട് ശ്രീജിത്ത് സെക്രട്ടറിയേറ്റ് പടിക്കല്‍ നടത്തുന്ന സമരത്തിന് 768 ദിവസം പിന്നിടുമ്പോള്‍ കൂടുതല്‍ സത്യങ്ങള്‍ പുറത്താകുകയാണ്. പോലീസ് കസ്റ്റഡിയിലല്ല ശ്രീജിവ് മരണമടഞ്ഞതെന്നും അടിവസ്ത്രത്തില്‍ ഒളിപ്പിച്ച കീടനാശിനി കഴിച്ചാണ് മരണമടഞ്ഞതെന്നും കൊടും ക്രിമിനലാണ് ശ്രീജിവെന്നുമുള്ള തരത്തില്‍ കള്ളക്കഥകള്‍ പോലീസ് സൈബര്‍ പോരാളികള്‍ നിരത്തുമ്പോള്‍ ശ്രീജിത്തിനും കുടുംബത്തിനും അനുകൂലമായി പലരും രംഗത്തെത്തുകയാണ്. ഇതില്‍ പ്രധാനമാണ് അന്നത്തെ പോലീസ് കംപ്ലൈന്റ് അതോറിറ്റി ചെയര്‍മാന്‍ ജസ്റ്റിസ് നാരായണ കുറുപ്പ് അന്നത്തെ മനുഷ്യാവകാശ കമ്മീഷന്‍ അധ്യക്ഷന്‍ ജെ.ബി. കോശിയും കസ്റ്റഡി മരണമാണെന്ന് ഉറപ്പിച്ച് പറയുന്നത്.
ശ്രീജീവിന്റെ മരണം കസ്റ്റഡി മരണം തന്നെയാണെന്ന് കുടുംബം ആദ്യം മുതല്‍ ഉറച്ച് നിന്നിരുന്നു എന്ന സത്യമാണ് ഇപ്പോള്‍ പുറത്താകുന്നത്. 2014 മേയ് 21 നാണ് ശ്രീജീവ് മരണമടയുന്നത്. എന്നാല്‍ ജൂണ്‍ രണ്ടാം തീയതി തന്നെ അമ്മ കെ. രമണി പ്രമീള മനുഷ്യാവകാശ കമ്മീഷന് പരാതി നല്‍കിയിരുന്നു. ആരേയും ഞെട്ടിക്കുന്ന സംഭവങ്ങളാണ് പരാതിയില്‍ പറയുന്നത്.

മകന്‍ പലിശക്കാരെപ്പേടിച്ച് വീടുവിട്ടു നിന്നെന്നും ഒരു പെണ്‍കുട്ടിയുമായി അടുത്തുവെന്നും ആ കുട്ടി ശ്രീജിവിനെ സാമ്പത്തികമായി സഹായിച്ചെന്നും പരാതിയില്‍ പറയുന്നു. എന്നാല്‍ ഈ പെണ്‍കുട്ടിയുടെ വിവാഹത്തിന് രണ്ട് ദിവസം മുമ്പാണ് ശ്രീജീവിനെ അറസ്റ്റ് ചെയ്തത്. അതേപോലെതന്നെ വിവാഹം കഴിഞ്ഞ ശേഷമാണ് ശ്രീജീവിന്റെ മൃതദേഹം വിട്ടുകൊടുത്തത്. പോലീസുകാര്‍ മകനെ പിടിക്കാന്‍ വന്ന ദിവസം കൂടെ മൂന്ന് ചെറുപ്പക്കാര്‍ എന്തിന് വന്നുവെന്നും അമ്മ ചോദിക്കുന്നു. എന്നാല്‍ മരണമടഞ്ഞ ശേഷം കഥയാകെ മാറി. പിറ്റേദിവസം വാര്‍ത്ത വന്നത് ഏതോ മൊബൈല്‍ മോഷണ കേസുമായി ബന്ധപ്പെട്ടാണ് മകനെ പിടിച്ചതെന്നും വിഷം കഴിച്ച് ആത്മഹത്യ ചെയ്തുമവെന്നുമാണ്. വിഷം കഴിച്ചു മരിച്ചതാണെങ്കില്‍ അവന്റെ ലിംഗത്തിലും ശരീരത്തിലും എങ്ങനെ ചതവ് വന്നു എന്നും ആ അമ്മ ചോദിക്കുന്നു.

ശ്രീജിത്തിന്റെ അമ്മ മനുഷ്യാവകാശ കമ്മീഷന് നല്‍കിയ പരാതിയുടെ പൂര്‍ണ രൂപം മലയാളി വാര്‍ത്ത പുറത്തുവിടുന്നു
സര്‍,
ഞാന്‍ വിധവയും നിര്‍ധന കുടുംബാംഗവുമാണ്. വളരെ ചെറുപ്പത്തില്‍ തന്നെ ഭര്‍ത്താവ് മരിച്ചുപോയതിനാല്‍ ഞാനും മക്കളും കൂലിപ്പണിയെടുത്താണ് ജീവിതവൃത്തി കഴിഞ്ഞു പോന്നിരുന്നത്. എന്റെ മൂന്നാമത്തെ മകന്‍ ശ്രീജിവ് ചില ആവശ്യങ്ങള്‍ക്കായി പലരില്‍ നിന്നും വട്ടിപലിശയ്ക്ക് കടം വാങ്ങിയിരുന്നു. ബ്ലേഡുകാരുടെ ഭീഷണിയെ തുടര്‍ന്ന് കുറച്ചുകാലങ്ങളായി ടിയാന്‍ വീട്ടില്‍ വരാറില്ലായിരുന്നു. ഈ കഴിഞ്ഞ മേയ് 12-ന് അര്‍ദ്ധരാത്രി പാറശ്ശാല പോലീസ് സബ് ഇന്‍സ്‌പെക്ടര്‍ ബിജുവും മാവിളക്കടവ് സ്വദേശി ഫിലിപ്പോസ് എന്ന പോലീസുകാരനും സംഘവും പിന്നെ കുറ്റിത്താടിയുള്ള മൂന്ന് ചെറുപ്പക്കാരും അതില്‍ ഒരാള്‍ തടിച്ച് കയ്യില്‍ ഒരു വലിയ സില്‍വര്‍ ചെയിനും ധരിച്ചിരുന്നു. ഇവര്‍ എന്റെ വീട് ചവിട്ടി തുറക്കുകയും എന്റെ രണ്ടാമത്തെ മകന്‍ ശ്രീജിത്തിനെ പിടിച്ച് നീയാണോ ശ്രീജിവ് എന്ന് ചോദിച്ച് അറസ്റ്റുചെയ്തു കൊണ്ടുപോകുവാന്‍ തുനിഞ്ഞു. എന്നാല്‍ കൂടെയുണ്ടായിരുന്ന ചെറുപ്പക്കാര്‍ ഇവന്‍ അല്ലാ ശ്രീജിവ് എന്ന് പറഞ്ഞതിനാല്‍ വിടുകയും മകനോട് (ശ്രീജിവ്) സ്റ്റേഷനില്‍ വരണമെന്നും കുറച്ച് കാശ് സ്റ്റേഷനില്‍ കെട്ടിവയ്ക്കണമെന്നും പറഞ്ഞ് തിരികെപോയി.
ഇതിനുശേഷം 20-ാം തീയതി രാവിലെ 7 മണിക്ക് വീണ്ടും പോലീസ് വീട്ടില്‍ വരുകയും ഒരു വെള്ളപേപ്പറില്‍ എന്നെ നിര്‍ബന്ധിച്ച് ഒപ്പിടുവിക്കുകയും ചെയ്തു. അതിനുശേഷം എന്റെ രണ്ടാമത്തെ മകനെ (ശ്രീജിത്ത്) വിളിച്ച് മാറ്റിനിര്‍ത്തി ശ്രീജിവ് ഇന്നലെ മുതല്‍ (19-05-2014) ഞങ്ങളുടെ കസ്റ്റഡിയില്‍ ആണെന്നും അവന്‍ ഇന്നലെ കസ്റ്റഡിയില്‍ വച്ച് വിഷം കഴിച്ചു എന്നും പെട്ടെന്ന് സ്റ്റേഷനില്‍ വരണമെന്നും പറഞ്ഞു.
സ്റ്റേഷനില്‍ എത്തിയപ്പോള്‍ സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ ഗോപകുമാര്‍ വെപ്രാളത്തില്‍ അവനോട് ഏതൊക്കെയോ പേപ്പറില്‍ ഒപ്പിട്ടു വാങ്ങിയശേഷം അവന്‍ തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ ആണെന്ന് പറഞ്ഞു. മെഡിക്കല്‍ കോളേജില്‍ അവന്‍ എത്തുമ്പോള്‍ 21-ാം വാര്‍ഡില്‍ 50-ാം നമ്പര്‍ ബെഡില്‍ അവനെ കെട്ടിയിട്ടിരിക്കുന്നതാണ് കണ്ടത്. വായില്‍ ഓക്‌സിജന്‍ മാസ്‌കും ഉണ്ടായിരുന്നു. ഇവനെകണ്ട് എന്തോ പറയാന്‍ ശ്രമിച്ച അവനെ പോലീസ് അനുവദിച്ചില്ല. മാസ്‌ക് മാറ്റിയാല്‍ നില വഷളാകുമെന്നാണ് അവര്‍ പറഞ്ഞത്. എന്നാല്‍ അനുജന്റെ ശ്വാസതടസ്സം കൂടിയപ്പോള്‍ ഓക്‌സിജന്‍ സിലിണ്ടര്‍ വര്‍ക്ക് ചെയ്യുന്നില്ലല്ലോ എന്ന് സംശയം പറഞ്ഞ അവനെ ഡ്യൂട്ടിയിലാണ്ടായിരുന്ന പോലീസുകാരും പിന്നെ മഫ്തിയില്‍ അവിടെയുണ്ടായിരുന്ന എസ്.ഐ ബിജുവും ചേര്‍ന്ന് അത്പ്രവര്‍ത്തിക്കുന്നുണ്ട് അവന് വേറെ കുഴപ്പമൊന്നുമില്ലായെന്ന് പറഞ്ഞ് തെറ്റിദ്ധരിപ്പിച്ചു. അന്ന് വൈകിട്ട് തന്നെ മജിസ്‌ട്രേറ്റും മറ്റും വന്ന് അവന്റെ വിരലടയാളവും മറ്റും എടുത്തിരുന്നു.

പിറ്റേദിവസം (21-05-2014) രാവിലെ 5 മണിക്ക് അവന്റെ നില വഷളായപ്പോള്‍ കൂടെയുണ്ടായിരുന്ന എന്റെ മകന്‍ എത്രയും പെട്ടെന്ന് എന്തെങ്കിലും ചെയ്യണമെന്ന് പറഞ്ഞ് ബഹളമുണ്ടാക്കി ആ സമയം വന്ന ജൂനിയര്‍ ഡോക്ടര്‍ ഓക്‌സിജന്‍ സിലിണ്ടര്‍ പരിശോധിച്ച് സിസ്റ്ററോട് എന്തോ പറഞ്ഞ് സിലിണ്ടര്‍ മാറ്റിവച്ച് മാസ്‌ക് വീണ്ടും വച്ചപ്പോഴേക്കും എന്റെ മകന്‍ മരിച്ചിരുന്നു. തുടര്‍ന്ന് ആ ഡോക്ടര്‍ എന്റെ മകന്‍ ശ്രീജിത്തിനെ സമാധാനിപ്പിച്ച് സംസാരിച്ചതില്‍ നിന്നാണ് മകന്‍ വിഷം കഴിച്ചല്ല മരിച്ചത് എന്ന് നമുക്ക് മനസ്സിലായത്. ആ ഡോക്ടര്‍ പറഞ്ഞത് വിഷം കഴിച്ചു എന്ന് പറഞ്ഞാണ് പോലീസ് ഇവിടെ അഡ്മിറ്റ് ചെയ്തത് അതിനാല്‍ തന്നെ അതിനുള്ള ചികിത്സകളാണ് ഞങ്ങള്‍ നല്‍കിയത്. എന്നാല്‍ അയാളുടെ ബ്ലെഡിലും യൂറിനിലും വിഷത്തിന്റെ അംശം കണ്ടില്ല എന്നാണ്.
തുടര്‍ന്ന് ബന്ധുക്കള്‍ എല്ലാവരും എത്തിയപ്പോള്‍ അടുത്തുണ്ടായിരുന്ന രോഗികളുടെ കൂട്ടിരിപ്പുകാര്‍ പറഞ്ഞത് ഇയാളെ ഇവിടെ കൊണ്ടുവരുമ്പോള്‍ ഇയാള്‍ അലറി വിളിക്കുന്നുണ്ടായിരുന്നത് എന്നെ നിങ്ങള്‍ ഇത്രയും കൊല്ലാകൊല ചെയ്തില്ലേ ഇനിയെങ്കിലും എന്നെ വിടൂ എനിക്ക് ഇനിയും ജീവിക്കണം എന്നാണ്. ആ സമയം പോലീസ് വാ പൊത്തിപ്പിടിച്ചു എന്നും ഇയാളെ കെട്ടിയിട്ട് വായില്‍ ഓക്‌സിജന്‍ മാസ്‌ക് വച്ചശേഷം മകന്‍ ധരിച്ചിരുന്ന ഏതൊക്കെയോ വസ്ത്രം പുറത്തിട്ട് പോലീസ് കത്തിച്ചു എന്നും അവര്‍ പറഞ്ഞറിഞ്ഞു അപ്പോഴേക്കും എസ്.ഐ. സ്ഥലം വിട്ടിരുന്നു.

തുടര്‍ന്ന് ബന്ധുക്കളുടെയും നാട്ടുകാരുടെയും നിര്‍ബന്ധപ്രകാരം ആര്‍.ഡി.ഒ - യും മജിസ്‌ട്രേറ്റുമെല്ലാം സ്ഥലത്തെത്തി പരിശോധിച്ചപ്പോള്‍ മകന്റെ ലിംഗഭാഗത്ത് മുഴുവന്‍ ചതഞ്ഞരഞ്ഞ പാടുകള്‍ വ്യക്തമായിരുന്നു എന്നും അവന്റെ വാരിയെല്ലിനും കഴുത്തിന്റെ പുറകുഭാഗത്തുമെല്ലാം മര്‍ദ്ദനത്തിന്റെ പാടുകളും ഉണ്ടായിരുന്നു. അവര്‍ അതെല്ലാം വീഡിയോ റെക്കോര്‍ഡ് ചെയ്തതുമാണ്. മാത്രമല്ല വിഷം കഴിച്ചു മരിച്ചതിന്റെ യാതൊരു ലക്ഷണവും ഇല്ലായിരുന്നു. ഇതൊക്കെ എന്റെ മകന്‍ ശ്രീജിത്ത് അവരോട് മൊഴി നല്‍കിയിട്ടുള്ളതുമാണ്.
തുടര്‍ന്ന് ഞങ്ങള്‍ അനേ്വഷിച്ചപ്പോള്‍ ശ്രീജിവിനെ 19-ന് രാത്രി പൂവാര്‍ ബസ് ഡിപ്പോയില്‍ നിന്ന് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ ഗോപകുമാര്‍ അറസ്റ്റുചെയ്തുവെന്നും അന്ന് ദേഹപരിശോധനയ്ക്കു ശേഷം ലോക്കപ്പില്‍ ഇട്ടിരിക്കുകയായിരുന്നെന്നും അര്‍ധരാത്രി വിഷം കഴിച്ചു എന്നും ഉടനെ തന്നെ പാറശ്ശാല ഗവണ്‍മെന്റ് ഹോസ്പിറ്റലില്‍ കൊണ്ടുപോയി വയര്‍ കഴുകിയെന്നും നില വഷളായപ്പോള്‍ മെഡിക്കല്‍ കോളേജില്‍ കൊണ്ടുപോയി എന്നുമാണ്.
പിറ്റേദിവസം പ്രമുഖ പത്രങ്ങളില്‍ വന്ന വാര്‍ത്തകളില്‍ ഇവനെ ഏതോ മൊബൈല്‍ മോഷണക്കേസ്സുമായി ബന്ധപ്പെട്ടാണ് അറസ്റ്റ് ചെയ്തതെന്നും ഇവനെ ഇവന്റെ കൂടെയുള്ള മോഷ്ടാവിനെക്കൊണ്ട് ഫോണില്‍ വിളിപ്പിച്ചാണ് പോലീസ് അറസ്റ്റ് ചെയ്തതെന്നും സൈബര്‍സെല്ലിന്റെ സഹായത്താലാണ് ഇവനെ തിരിച്ചറിഞ്ഞതെന്നും ഏതോ യുവതിയില്‍ നിന്ന് 150000/- രൂപ വാങ്ങി തട്ടിച്ചു എന്നുമൊക്കെയാണ്. എന്നാല്‍ മോഷണത്തിന് പോയതാണെങ്കില്‍ എന്തിന് വിഷവും കൊണ്ടുവരണം, ഇനി വിഷം ഉണ്ടെങ്കില്‍ അത് പോലീസ് ദേഹപരിശോധന നടത്തിയപ്പോള്‍ കണ്ടില്ലേ? കൂടെയുണ്ടായിരുന്ന പ്രതികള്‍ അവന്‍ വിഷം കഴിക്കുന്നത് കണ്ടില്ലേ? ഇതെല്ലാം കെട്ടിച്ചമച്ചതാണെന്ന് സ്റ്റേഷന്‍ ലോക്കപ്പിലെ സി.സി.റ്റി.വി ദൃശ്യം പരിശോധിച്ചാല്‍ വ്യക്തമാകുന്ന കാര്യമാണ്.
ഇനി വിഷം കഴിച്ചതാണേല്‍ ഇവനെ വാര്‍ഡില്‍ ചുമ്മാ കിടത്തുകയാണോ ചെയ്യുന്നത്. ഐ.സി.യു. വില്‍ പ്രവേശിപ്പിച്ച് ചികിത്സിക്കേണ്ടതല്ലേ? അപ്പോള്‍ പോലീസ് മനഃപൂര്‍വ്വം എന്റെ മകനെ കൊലയ്ക്ക് കൊടുത്തതാണ് എന്നാണ് മനസ്സിലാകുന്നത്. ഇവന്റെ പേരിലുള്ള കുറ്റങ്ങള്‍ എന്താണെന്നോ പരാതിക്കാര്‍ ആരെല്ലാമാണെന്നോ പോലും എനിക്കറിയില്ല. ഇവന്റെ മരണശേഷം പോലീസ് എന്റെ ബന്ധുക്കളെയും ജനപ്രതിനിധികളെയുമെല്ലാം സ്വാധീനിക്കാന്‍ ശ്രമിച്ചതായി അറിയാന്‍ കഴിഞ്ഞു.

ഞങ്ങളുടെ വീടിന് സമീപത്തുള്ള വര്‍ഗ്ഗീസിന്റെ ഇളയ മകളുമായി മരിച്ചുപോയ എന്റെ മകന് അടുപ്പമുണ്ടായിരുന്നു. ഇവന് സാമ്പത്തിക പ്രശ്‌നം ഏറിയപ്പോള്‍ ആ കുട്ടി കുറച്ചു കാശ് കൊടുത്തു സഹായിച്ചിരുന്നു. എന്നാല്‍ അടുത്തിടെ അവരുടെ വീട്ടുകാര്‍ ഇതറിഞ്ഞ് മകനെ ഭീഷണിപ്പെടുത്തിയിരുന്നു. ആ കുട്ടിക്ക് അവര്‍ വേറെ വിവാഹം ഉറപ്പിക്കുകയാണെന്നും അതിന് തടസ്സം നിന്നാല്‍ നിന്റെ മകനെ കൊന്നുകളയുമെന്നും വീട്ടില്‍ വന്ന് പല പ്രാവശ്യം ഭീഷണിപ്പെടുത്തിയിരുന്നു. ഇവനെ അറസ്റ്റുചെയ്തത് ആ കുട്ടിയുടെ വിവാഹത്തിന് രണ്ട് ദിവസം മുമ്പായിരുന്നു. ഉയര്‍ന്ന പോലീസ് ബന്ധങ്ങളും രാഷ്ട്രീയ ബന്ധങ്ങളുമുള്ള വര്‍ഗ്ഗീസിന്റെ കുടുംബത്തിന് ഇതില്‍ ബന്ധമുണ്ടോ എന്ന് ഞങ്ങള്‍ സംശയിക്കുന്നു. ആ കുട്ടിയുടെ വിവാഹം കഴിഞ്ഞതിന് ശേഷമാണ് പോസ്റ്റ്‌മോര്‍ട്ടം കഴിഞ്ഞ് ബോഡി ഞങ്ങള്‍ക്ക് കിട്ടിയത്. പോസ്റ്റ്‌മോര്‍ട്ടം വൈകിപ്പിച്ചതിലും നമുക്ക് സംശയമുണ്ട്. അതല്ലെങ്കില്‍ എന്റെ മകന്‍ കാശ് കടം വാങ്ങിയെന്ന് പറയുന്ന മറ്റാരെങ്കിലുമാണോ ഇതിന്റെ പിന്നില്‍ നിന്ന് കള്ളക്കേസുകളില്‍പ്പെടുത്തി പോലീസിനെ കൊണ്ട് ഇത് ചെയ്യിച്ചത് എന്നും ഞങ്ങള്‍ സംശയിക്കുന്നു.
വേണ്ടപ്പെട്ടവര്‍ക്കുവേണ്ടി കസ്റ്റഡിയില്‍ എടുക്കുന്നവരെ മൂന്നാംമുറ നടത്തുന്ന ഒരു സ്റ്റേഷനാണ് പാറശ്ശാല പോലീസ് സ്റ്റേഷന്‍ എന്നും ഇതിന് മുമ്പും പലരെയും ഇത്തരത്തില്‍ പീഡിപ്പിച്ച് കൊല്ലാക്കൊല ചെയ്ത് ഇല്ലാത്ത കേസുകള്‍ തലയില്‍ കെട്ടിവയ്ക്കാറുണ്ട് എന്നും അറിയാന്‍ കഴിഞ്ഞു. വിഷം കഴിച്ചു മരിച്ചതാണെങ്കില്‍ ഇവന്റെ ശരീരം മുഴുവന്‍ (പ്രതേ്യകിച്ച് ലിംഗ ഭാഗത്ത്) വന്ന മര്‍ദ്ദനത്തിന്റെ പാടുകള്‍ എങ്ങനെ വന്നു. അതാണ് ഇത് എന്റെ മകനെ കസ്റ്റഡിയില്‍ ലോക്കപ്പില്‍ വച്ച് പോലീസ് ക്രൂരമായി പീഡിപ്പിച്ചു കൊന്നതാണ് എന്ന സംശയം ബലപ്പെടുത്തുന്നത്. ഇതിന്റെ സത്യാവസ്ഥ പുറത്ത് കൊണ്ടുവരത്തക്ക ശരിയായ അനേ്വഷണം നടക്കാന്‍ അങ്ങയുടെ സമക്ഷത്ത് നിന്നും സഹായമുണ്ടാകണം. പോലീസ് ഈ കേസ് അട്ടിമറിക്കും എന്ന് ഞങ്ങള്‍ ഭയപ്പെടുന്നു. പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടും അട്ടിമറിക്കപ്പെടുമെന്ന് ഞങ്ങള്‍ സംശയിക്കുന്നു.
പോലീസിന്റെ ഈ ക്രൂരതയില്‍ ഞങ്ങളുടെ കുടുംബത്തിന്റെ അഭിമാനവും എന്റെ മകനെയുമാണ് എനിക്ക് നഷ്ടമായത്. പാറശ്ശാല പോലീസിന്റെ അനേ്വഷണത്തില്‍ ഞങ്ങള്‍ക്ക് വിശ്വാസമില്ല. അതിനാല്‍ മറ്റൊരു അനേ്വഷണ ഏജന്‍സിയെ ഈ കേസനേ്വഷണം ഏല്‍പ്പിച്ച് സത്യസന്ധമായി ഈ കേസ് അനേ്വഷിക്കണമെന്നും എന്റെ മകന്റെ കൊലയാളികളെ നിയമത്തിനു മുന്നില്‍ കൊണ്ടുവരണമെന്നും എന്റെ കുടുംബത്തിന് അര്‍ഹിക്കുന്ന നീതി നടപ്പാക്കി തരുമാറാകണമെന്നും താഴ്മയോടെ അപേക്ഷിക്കുന്നു.

അങ്ങയുടെ നീതിയില്‍ വിശ്വാസം അര്‍പ്പിച്ചുകൊണ്ട്
കെ. രമണീപ്രമീള
Copy to:
1. ബഹു. കേരളാ മുഖ്യമന്ത്രി
2. ബഹു. കേരളാ ആഭ്യന്തര വകുപ്പ് മന്ത്രി
3. ബഹു. ഡയറക്ടര്‍ ജനറല്‍ ഓഫ് പോലീസ്
4. ബഹു. സൂപ്രണ്ട് ഓഫ് പോലീസ്
5. ബഹു. കേരളാ പ്രതിപക്ഷനേതാവ്

.jpg)
.jpg)
_1.jpg)

https://www.facebook.com/Malayalivartha























