ശ്രീജിവ് കൊല്ലപ്പെട്ടതിനെ പറ്റി പോലീസ് ക്രൈം ഡിറ്റാച്മെന്റ് മനുഷ്യാവകാശ കമ്മീഷന് സമർപ്പിച്ച റിപ്പോർട്ടിന്റെ പൂർണ രൂപം ആദ്യമായി മലയാളി വാർത്ത പുറത്തുവിടുന്നു...

ശ്രീജിത്തിന്റെ സമരം 768 ദിവസം പിന്നിടുമ്പോൾ കൂടുതൽ സത്യങ്ങൾ പുറത്താവുകയാണ്. ശ്രീജിത്തിന്റെ അമ്മ രമണി പ്രമീള മകൻ മരിച്ചതിന്റെ അടുത്ത ദിവസം തന്നെ മനുഷ്യാവകാശ കമ്മീഷന് പരാതി നൽകിയിരുന്നു. മകന്റെ മരണം കസ്റ്റഡി മരണമാണെന്ന തരത്തിലായിരുന്നു 'അമ്മ രമണി പ്രമീള പരാതി നൽകിയിരുന്നത്. പ്രമീളയുടെ പരാതിയെ തുടർന്ന് മനുഷ്യാവകാശ കമ്മീഷൻ ക്രൈം ബ്രാഞ്ചിനോട് സംഭവത്തിന്റെ സത്യം അന്വേഷിച്ച് റിപ്പോർട്ട് നൽകാൻ ആവശ്യപ്പെട്ടു.ഇതനുസരിച്ച് തിരുവനന്തപുരം റൂറൽ ക്രൈം ഡിറ്റാച്മെന്റ് ഡെപ്യൂട്ടി പോലീസ് സൂപ്രണ്ട് മനുഷ്യാവകാശ കമ്മീഷന് റിപ്പോർട്ട് നൽകിരുന്നു.
മൊബൈൽ മോഷണക്കേസിൽ ശ്രീജിവിനെ 2014 മെയ് 19ന് പൂവാര്‍ ബസ് സ്റ്റാന്‍ഡിന് സമീപം രാത്രി 11.25ന് പാറശാല പോലീസ് ഇന്‍സ്‌പെക്ടര്‍ ഗോപകുമാര്‍ അറസ്റ്റ് ചെയ്യുകയായിരുന്നു. നെയ്യാറ്റിന്‍കര ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കുന്നതിന് മുമ്പായി നടത്തിയ ദേഹപരിശോധന നടത്തി നിയമാനുസരണം ബന്ധപ്പെട്ട റിക്കാര്‍ഡുകളില്‍ രേഖപ്പെടുത്തി പാറശാല പോലീസ് സ്‌റ്റേഷനില്‍ ഏല്‍പ്പിച്ചിരുന്നതായും,
എന്നാൽ ലോക്കപ്പില്‍കഴിഞ്ഞ ശ്രീജിവ് ധരിച്ചിരുന്ന ഷഡ്ഡിയുടെ മുകള്‍ ഭാഗത്തെ ഇലാസ്റ്റിക്കിന്റെ തയ്യല്‍ ഇളക്കി വിഷം ഒളിപ്പിച്ചിരുന്നുവെന്നും അരമണിക്കൂറിന് ശേഷം ഒളിപ്പിച്ച് വച്ചിരുന്ന വിഷം സ്വയം കഴിച്ചെന്നും കുടിക്കാൻ വെള്ളം ആവശ്യപ്പെട്ടെന്നും പറയുന്നു. ഡ്യൂട്ടിയിലുണ്ടായിരുന്ന പോലീസ് ഉദ്യോഗസ്ഥന്‍ വെള്ളം കുടിക്കാന്‍ കൊടുത്തതിനു ശേഷം താൻ വിഷം കഴിച്ചെന്ന് ശ്രീജിവ് ബോധ്യപെടുത്തുകയായിരുന്നുവത്രെ.
ഉടന്‍ തന്നെ പോലീസ് ഉദ്യോഗസ്ഥന്‍ പോലീസ് വാഹനത്തില്‍ കയറ്റി ആദ്യം പാറശാല സര്‍ക്കാര്‍ ആശുപത്രിയിലും തുടര്‍ന്ന് പാറശാല ആശുപത്രി ഡോക്ടറുടെ നിര്‍ദ്ദേശാനുസരണം തുടർ ചികിത്സയ്ക്കായി തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേയ്ക്കും കൊണ്ടുപോയി. ചികിത്സയിൽ കഴിയവേ ശ്രീജിവ് 21-05-14 തീയതി രാവിലെ 6.15 മണിക്ക് മരണപ്പെടുകയായിരുന്നുവെന്നാണ് മനുഷ്യാവകാശ കമ്മീഷന് നൽകിയ റിപ്പോർട്ടിൽ പറയുന്നത്. തികച്ചും പൊലീസുകാരെ വെള്ളപൂശുന്ന തരത്തിലുള്ള റിപ്പോർട്ടാണ് അന്ന് നൽകിയെന്നാണ് ആ റിപ്പോർട്ടിൽ നിന്ന് മനസിലാക്കാൻ കഴിയുന്നത്. ഈ കാര്യം ആദ്യമായി മലയാളിവാർത്ത പുറത്ത് വിടുകയാണ്.
റിപ്പോർട്ടിന്റെ പൂർണ രൂപം ഇങ്ങനെ...
പരാതി കക്ഷി -- കുളത്തൂര്‍ പഞ്ചായത്ത് വെങ്കടമ്പ് ദേശത്ത് പൂഴിക്കുന്ന് പുതുവല്‍ പുത്തന്‍ വീട്ടില്‍ കമല മകള്‍ രമണി പ്രമീള - അഴല45
എതിര്‍ കക്ഷി- പാറശാല പോലീസ് സ്‌റ്റേഷനിലെ പോലീസ് ഉദ്യോഗസ്ഥര്‍
പരാതി സംഗതി- പരാതി കക്ഷിയുടെ മകനെ പാറശാല പോലീസ് സ്‌റ്റേഷനില്‍ വച്ച് വിഷം കഴിച്ചു എന്നു പറഞ്ഞ് അഡ്മിറ്റ് ചെയ്ത് തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ ചികിത്സയിലിരിക്കവേ മരണപ്പെട്ടു പോയി എന്നും എന്നാല്‍ ടിയാന്‍ വിഷം കഴിച്ചു മരിച്ചതല്ല, ടിയാനെ കസ്റ്റഡിയില്‍ ലോക്കപ്പില്‍ വച്ച് പോലീസ് ക്രൂരമായി പീഡിപ്പിച്ചു കൊന്നതായി സംശയിക്കുന്നു എന്നും ടി കേസ് പാറശാല പോലീസിന്റെ അന്വേഷണത്തില്‍ നിന്നും മാറ്റി മറ്റൊരു ഏജന്‍സിയെ കൊണ്ട് അന്വേഷിപ്പിക്കണം എന്നും മറ്റും.
ടി പരാതി ബഹുമാനപ്പെട്ട മനുഷ്യാവകാശ കമ്മീഷനില്‍ നിന്നും അന്വേഷിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കുന്നതിനായി മേല്‍ സൂചന-1 പ്രകാരം ബഹുമാനപ്പെട്ട തിരുവനന്തപുരം റൂറല്‍ ജില്ലാ പോലീസ് മേധാവിക്ക് അയച്ചു കിട്ടിയിട്ടുള്ളതും ആയത് സൂചന -2 പ്രകാരം അന്വേഷണം നടത്തി 7 ദിവസത്തിനകം റിപ്പോര്‍ട്ട് കൊടുക്കുന്നതിനായി ഈ ആഫീസില്‍ 28-06-14 തീയതി അയച്ചു കിട്ടിയിട്ടുളളതുമാകുന്നു.

ടി പരാതി പരിശോധിച്ചതില്‍ പരാതി കക്ഷിയുടെ മകന്‍ ശ്രീജിവിനെ പാറശാല പോലീസ് സ്‌റ്റേഷന്‍ ക്രൈം 714/ 13 u /s 457,461,380 IPC പ്രകാരമുള്ള മൊബൈല്‍ മോഷണ കേസിലേക്ക് പാറശാല പോലീസ് ഇന്‍സ്‌പെക്ടര്‍ ശ്രീ. ഗോപകുമാര്‍ 19-05-14 തീയതി പൂവാര്‍ ബസ് സ്റ്റാന്‍ഡിനു സമീപം വച്ച് രാത്രി 11.25 മണിക്ക് നിയമാനുസരണം അറസ്റ്റു ചെയ്യുകയും തുടര്‍ന്ന് ടിയാനെ ബഹുമാനപ്പെട്ട നെയ്യാറ്റിന്‍കര ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്യുന്ന ആവശ്യത്തിലേക്കായി പാറശാല പോലീസ് സ്‌റ്റേഷന്‍ ലോക്കപ്പില്‍ സൂക്ഷിക്കുന്നതിനായി 20-05-14 തീയതി 00.15 മണിക്ക് ശ്രീജീവിന്റെ ദേഹ പരിശോധന നടത്തി.
നിയമാനുസരണം ബന്ധപ്പെട്ട റിക്കാര്‍ഡുകളില്‍ രേഖപ്പെടുത്തി പാറശാല പോലീസ് സ്‌റ്റേഷനില്‍ ഏല്‍പ്പിച്ചിരുന്നതായും എന്നാല്‍ ടി പ്രതി ടി സ്റ്റേഷന്‍ ലോക്കപ്പില്‍ കഴിഞ്ഞു വരവേ ടിയാന്‍ ധരിച്ചിരുന്ന ഷഡ്ഡിയുടെ മുകള്‍ ഭാഗത്തെ ഇലാസ്റ്റിക്കിന്റെ തയ്യല്‍ ഇളക്കി അവിടെ ഒളിപ്പിച്ചു വച്ചിരുന്ന വിഷം അര മണിക്കൂറിനു ശേഷം ടിയാന്‍ ലോക്കപ്പില്‍ വച്ച് സ്വയം കഴിച്ചശേഷം കുടിക്കാന്‍ വെള്ളം ചോദിച്ചു എന്നും അതു പ്രകാരം പാറാവ് ഡ്യൂട്ടിയിലുണ്ടായിരുന്ന പോലീസ് ഉദ്യോഗസ്ഥന്‍ വെള്ളം കുടിക്കാന്‍ കൊടുത്തു വെള്ളം കുടിച്ചു കഴിഞ്ഞപ്പോള്‍ ശ്രീജീവ് വിഷം കഴിച്ച വിവരം ടിയാനോട് പറഞ്ഞു.
ഉടന്‍ തന്നെ പോലീസ് ഉദ്യോഗസ്ഥന്‍ പോലീസ് വാഹനത്തില്‍ കയറ്റി ആദ്യം പാറശാല സര്‍ക്കാര്‍ ആശുപത്രിയിലും തുടര്‍ന്ന് പാറശാല ആശുപത്രി ഡോക്ടറുടെ നിര്‍ദ്ദേശാനുസരണം ഉപരി ചികിത്സയ്ക്കായി തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ കൊണ്ടു പോയി. അവിടെ അഡ്മിറ്റ് ചെയ്ത് ചികിത്സയിലിരിക്കെ ബഹുമാനപ്പെട്ട നെയ്യാറ്റിന്‍കര ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതി-കക ല്‍ പാറശാല പോലീസ് സ്‌റ്റേഷന്‍ ക്രൈം 714യ13 നമ്പര്‍ കേസിലേക്ക് റിമാന്റപേക്ഷ സമര്‍പ്പിച്ചപ്രകാരം ബഹുമാനപ്പെട്ട നെയ്യാറ്റിന്‍കര ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതി -കക മജിസ്‌ട്രേട്ട് അവര്‍കള്‍ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തി ശ്രീജീവിനെ റിമാന്റു ചെയ്ത് ജുഡീഷ്യല്‍ കസ്റ്റഡിയില്‍ പാര്‍പ്പിച്ചു വരവേ 21-05-14 തീയതി രാവിലെ 6.15 മണിക്ക് മരണപ്പെട്ടുപോയിട്ടുള്ളതുമാകുന്നു.

20-05-14 തീയതി ശ്രീജീവ് 00.15 മണിക്കും 00.45 മണിക്കും ഇടയ്ക്കുവച്ച് പാറശാല പോലീസ് സ്‌റ്റേഷന്‍ ലോക്കപ്പില്‍ വച്ച് സ്വയം വിഷം കഴിച്ച് ആത്മഹത്യ ചെയ്യാന്‍ ശ്രമിച്ചതിലേക്ക് പാറശാല പോലീസ് സ്‌റ്റേഷനില്‍ gd ചാര്‍ജ് ഡ്യൂട്ടിയിലുണ്ടായിരുന്ന gsi suo mottu ആയി പാറശാല പോലീസ് സ്‌റ്റേഷന്‍ ക്രൈം 562/14 u / s 309 ipc പ്രകാരം 20-05-14 01.30 മണിക്ക് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്തി വരവേ 21-05-14 തീയതി രാവിലെ 6.15 മണിക്ക് തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലിരിക്കേ ശ്രീജീവ് ജുഡീഷ്യല്‍ കസ്റ്റഡിയില്‍ മരണപ്പെട്ടു പോയതിനാല്‍ sec.309 ipc ഭേദഗതി ചെയ്ത് 174 Cr.Pc പ്രകാരം ടി കേസ് പാറശാല പോലീസ് സ്‌റ്റേഷനില്‍ അന്വേഷണം നടത്തി വരവേ ബഹുമാനപ്പെട്ട തിരുവനന്തപുരം റൂറല്‍ ജില്ലാ പോലീസ് മേധാവിയുടെ no. 37/camp /2014 dated 21-05-14 പ്രകാരം ഞാന്‍ ഈ കേസ് 23-05-14 മുതല്‍ ഏറ്റെടുത്തു നടത്തി വരുന്നതുമാകുന്നു.
ഈ പരാതിയുമായി ബന്ധപ്പെട്ട പരാതി കക്ഷിയുടെ മകന്‍ മരണപ്പെട്ടതിലേക്ക് രജിസ്റ്റര്‍ ചെയ്തിരിക്കുന്ന പാറശാല പോലീസ് സ്‌റ്റേഷന്‍ ക്രൈം 562/ 14 നമ്പര്‍ കേസിന്റെ അന്വേഷണം ഊര്‍ജിതമായി നടന്നു വരുന്നതിനാല്‍ ടി പരാതിയിന്മേലുള്ള അന്തിമ റിപ്പോര്‍ട്ട് സമര്‍പ്പിക്കുന്നതിന് കാലതാമസം ആവശ്യമായതിനാല്‍ ആയത് അനുവദിച്ചത് ഉത്തരവുണ്ടാകുമാറാകണമെന്ന് ഈ റിപ്പോര്‍ട്ട് അയച്ച് അപേക്ഷിക്കുന്നു.
അന്തിമ റിപ്പോര്‍ട്ട് സമര്‍പ്പിക്കുന്ന സമയം പരാതി കക്ഷിയുടേയും എതിര്‍ കക്ഷികളുടേയും മറ്റു കണ്ടു ചോദിച്ചവരുടെയും മൊഴികളും അസ്സല്‍ പരാതിയും റിപ്പോര്‍ട്ടിനോടൊപ്പം ഉള്ളടക്കം ചെയ്യുമെന്നുമുള്ള വിവരം ബോധിപ്പിച്ചു കൊള്ളുന്നു.

https://www.facebook.com/Malayalivartha























