കായല്‍ കയ്യേറി കസേര തെറിച്ച മുന്‍മന്ത്രി തോമസ് ചാണ്ടിയുടെ തിരിച്ചുവരവിന് തുടക്കമാകുമോ? ഹൈക്കോടതി നിരീക്ഷണം

മുന്‍മന്ത്രി തോമസ് ചാണ്ടി മന:പൂര്‍വം കായല്‍ കയ്യേറിയിട്ടില്ലെന്ന് ഹൈക്കോടതി നിരീക്ഷണം. അതിനാല്‍ കോട്ടയം വിജിലന്‍സ് കോടതിയുടെ നിര്‍ദ്ദേശപ്രകാരം എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യേണ്ട ആവശ്യമില്ലെന്നും കോടതി പറഞ്ഞു. തോമസ് ചാണ്ടിക്കെതിരായ രണ്ട് ഹര്‍ജികള്‍ ഹൈക്കോടതി തീര്‍പ്പാക്കി. മൂന്ന് മാസത്തിനുള്ളില്‍ കയ്യേറിയ ഭൂമിയുടെ സര്‍വേ നടപടികള്‍ സര്‍ക്കാര്‍ പൂര്‍ത്തിയാക്കണം. അതിന് ശേഷം നോട്ടീസ് നല്‍കി കക്ഷികളെ വിളിച്ചുവരുത്തി അവരുടെ ഭാഗം കേള്‍ക്കണമെന്നും കോടതി പറഞ്ഞു. ഹര്‍ജി നല്‍കിയ പഞ്ചായത്തംഗം വിനോദും സിപിഐ നേതാവ് മുകുന്ദനും ഇതിനെതിരെ സുപ്രീംകോടതിയെ സമീപിക്കും.
എന്‍.സി.പിയുടെ എം.എല്‍.എമാരായ തോമസ് ചാണ്ടിക്കും എ.കെ ശശീന്ദ്രനും കേസുള്ളതിനാല്‍ കേരളാ കോണ്‍ഗ്രസ് ബി എം.എല്‍.എ ഗണേഷ് കുമാറിനെയോ, ആര്‍.എസ്.പി ലെനിനിസ്റ്റ് എം.എല്‍.എ കോവൂര്‍ കുഞ്ഞുമോനെയോ മന്ത്രിസഭയിലെത്തിക്കാന്‍ സംസ്ഥാന നേതാക്കള്‍ ശ്രമം നടത്തുന്നതിനിടെയാണ് ഹൈക്കോടതിയില്‍ നിന്ന് ഇത്തരത്തിലൊരു നിരീക്ഷണം ഉണ്ടാകുന്നത്. ഒരു സംസ്ഥാനത്തും എന്‍.സി.പിക്ക് മന്ത്രിമാരില്ലാത്തതിനാല്‍ കേരളത്തിലെ സീറ്റ് ഒഴിച്ചിടരുതെന്ന് ദേശീയ അധ്യക്ഷന്‍ ശരത്പവാര്‍ സംസ്ഥാന പ്രസിഡന്റ് ടി.പി പീതാംബരന്‍ മാസ്റ്ററോടും മറ്റും നിര്‍ദ്ദേശിച്ചിട്ടുണ്ട്. ഇതോടെയാണ് എല്‍.ഡി.എഫുമായി സഹകരിക്കുന്ന ചെറുപാര്‍ട്ടികളെ ലയിപ്പിച്ച് അവരുടെ എം.എല്‍.എയെ മന്ത്രിക്കസേരയിലെത്തിക്കാന്‍ നീക്കം നടത്തിയത്.
തോമസ് ചാണ്ടിയാണോ? എ.കെ ശശീന്ദ്രനാണോ? ആദ്യം കുറ്റവിമുക്തനാകുന്നത് അയാള്‍ക്ക് മന്ത്രിപദത്തിലെത്താമെന്ന് എന്‍.സി.പി സംസ്ഥാന നേതൃത്വം വ്യക്തമാക്കിയിരുന്നു. എ.കെ ശശീന്ദ്രനെതിരായ ഹണിട്രാപ്പ് കേസില്‍ മാധ്യമപ്രവര്‍ത്തക കേസ് പിന്‍വലിക്കാന്‍ തയ്യാറാകാത്തതിന് തുടര്‍ന്ന് ശശീന്ദ്രന്റെ വഴിയടഞ്ഞിരുന്നു. തനിക്കെതിരായ ഹൈക്കോടതി നടത്തിയ പരാമര്‍ശം നീക്കാന്‍ സുപ്രീംകോടതിയെ സമീപിച്ചിരിക്കുകയാണ് തോമസ് ചാണ്ടി. അത് കൂടി നീക്കിക്കിട്ടിയാല്‍ സുഗമായി മന്ത്രി ക്കസേരയില്‍ തിരികെയെത്തും.
https://www.facebook.com/Malayalivartha























