ബാർ കോഴക്കേസിൽ കെ.എം. മാണി പണം വാങ്ങിയതിന് തെളിവു കണ്ടെത്താനായില്ലെന്ന് വിജിലൻസ്

മുൻ മന്ത്രിയും കേരള കോൺഗ്രസ് (എം) നേതാവുമായ കെ.എം. മാണി പ്രതിയായ ബാർ കോഴക്കേസിൽ തെളിവില്ലെന്ന് വിജിലൻസ് റിപ്പോർട്ട്. അന്വേഷണം മുന്നോട്ടുകൊണ്ടുപോകാനാകില്ലെന്ന് അറിയിച്ചുള്ള അന്തിമ റിപ്പോർട്ട് മുദ്രവച്ച കവറിൽ വിജിലൻസ് ഹൈക്കോടതിയിൽ സമർപ്പിച്ചു.
കേസിൽ സാഹചര്യത്തെളിവുകളോ ശാസ്ത്രീയത്തെളിവുകളോ കണ്ടത്താനായിട്ടില്ലെന്ന വിജിലൻസ് റിപ്പോർട്ടിൽ പറയുന്നു. കേസിൽ കോഴ വാങ്ങിയതായും തെളിവില്ല. സിഡിയിൽ കൃത്രിമമുണ്ടെന്നു ഫൊറൻസിക് ഫലം കണ്ടെത്തിയിട്ടുണ്ട്.
ഈ സാഹചര്യം നിലനിക്കുമ്പോൾ തന്നെ അന്വേഷണം പൂർത്തിയാക്കാൻ ഹൈക്കോടതി 45 ദിവസം സമയം അനുവദിച്ചു. അതിനിടയിൽ അന്തിമ റിപ്പോർട്ട് വിജിലൻസ് കോടതിയിൽ സമർപ്പിക്കണം. 30 ദിവസം അന്വേഷണം നടത്താനും 15 ദിവസം റിപ്പോർട്ട് തയാറാക്കി സമർപ്പിക്കാനുമാണ് കോടതി നൽകിയിരിക്കുന്നത്
കോഴ ആരോപണത്തിൽ തെളിവില്ലെന്ന് ആദ്യ രണ്ടു അന്വേഷണത്തിലും വിജിലൻസ് കണ്ടെത്തിയിരുന്നു. എന്നാൽ വീണ്ടും തുടരന്വേഷണത്തിന് അനുമതി നൽകിയതിനെതിരെ കെ.എം. മാണി നൽകിയ ഹർജിയിലാണ് ഇന്നു കോടതി 45 ദിവസത്തെ സാവകാശം നൽകിയത്.
മുൻമന്ത്രി കെ.എം. മാണി ബാറുടമകളിൽനിന്ന് ഒരു കോടിരൂപ കൈക്കൂലി വാങ്ങിയെന്ന ആരോപണത്തിൽ മുൻമുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദൻ, എൽഡിഎഫ് കൺവീനർ വൈക്കം വിശ്വൻ, മന്ത്രി വി.എസ്. സുനിൽകുമാർ, ബാറുടമ ബിജു രമേശ്, ബിജെപി നേതാവ് വി. മുരളീധരൻ എന്നിവരുടെ പരാതിയിലാണ് വിജിലൻസ് അന്വേഷണം നടക്കുന്നത്.. 148 ബാറുകൾ തുറക്കാൻ മാണി അഞ്ചു കോടി ആവശ്യപ്പെട്ടെന്നാണു ബിജു രമേശിന്റെ ആരോപണം. കെ.എം. മാണിയെ കുറ്റവിമുക്തനാക്കി അന്വേഷണ ഉദ്യോഗസ്ഥൻ ആർ. സുകേശൻ നൽകിയ റിപ്പോർട്ട് കോടതി തള്ളിയിരുന്നു. അതിനെതിരെ പരാതിക്കാർ വിജിലൻസ് കോടതിയെ സമീപിച്ചാണ് തുടരന്വേഷണ അനുമതി നേടിയെടുത്തത്.
https://www.facebook.com/Malayalivartha























