ഉന്നത വിദ്യാഭ്യാസത്തിന് അയൽ സംസ്ഥാനത്ത് പോകുന്ന നമ്മുടെ മക്കൾ സുരക്ഷിതരോ?...

എന്ത് പറ്റി നമ്മുടെ യുവ തലമുറയ്ക്ക്? എങ്ങനെയാണ് അവർക്ക് ഇത്ര ക്രൂരമാവാൻ കഴിയുന്നത്? പറഞ്ഞു വരുന്നത് മറ്റൊന്നുമല്ല. വാർത്തകൾ കാണുമ്പോൾ ഭയമാകുന്നു. ഉപരിപഠനത്തിന് അന്യസംസ്ഥാനങ്ങളെ ആശ്രയിക്കുന്ന നമ്മുടെ സഹോദരങ്ങൾക്ക് എന്ത് സുരക്ഷിതത്വമാണ് ഉള്ളത്? ഇത് വരെ കണ്ടിട്ടുള്ളത് ക്രൂരമായ റാഗിംഗ് പീഢനങ്ങളുടെ കാഴ്ചയായിരുന്നെങ്കിൽ ഇപ്പോഴത് കൊലപാതകത്തിൽ വരെ എത്തി നിൽകുന്നു. ഏറെ പ്രതീക്ഷയോടെ ഉന്നത വിദ്യാഭ്യാസത്തിന് കുട്ടികളെ അന്യനാടുകളിലേയ്ക്ക് പറഞ്ഞു വിടുന്ന രക്ഷിതാക്കൾക്ക് എന്ത് മനസ്സമാധാനം ഉണ്ടാകും?
കേരളത്തിലായാലും അന്യസംസ്ഥാനങ്ങളിലായാലും നമ്മുടെ കുട്ടികൾ സുരക്ഷിതരാണോ? അറിവ് പകർന്നു നൽകേണ്ട അധ്യാപകർ തന്നെ കൊലയാളികളാകുന്നു. മക്കളെപ്പോലെ സംരക്ഷിക്കേണ്ട അധ്യാപകർ വിദ്യാർത്ഥികളെ പീഡനത്തിനിരയാക്കുന്നു. പ്രണയാഭ്യർത്ഥന നിരസിച്ചാൽ അവൾ ഇനി ജീവിച്ചിരിക്കരുതെന്ന ക്രിമിനൽ വാസനയിലൂടെ കൊലപാതകികളായി മാറുന്ന മറ്റൊരു കൂട്ടം വിദ്യാർത്ഥികൾ... ദിവസങ്ങൾ ചെല്ലുംതോറും സമൂഹമാധ്യമങ്ങളിൽ നിറയുന്നത് ക്രൂരതയുടെ പല പല മുഖങ്ങളാണ്.
ഏറ്റവുമൊടുവിൽ വന്ന ദുരന്ത വാർത്ത പ്രണയാഭ്യര്‍ത്ഥന നിരസിച്ചതിന്റെ പേരില്‍ സഹപാഠി കുത്തിക്കൊന്ന അക്ഷിതയുടെ മരണമാണ്. രണ്ടാം വർഷ ബി.എസ്.സി വിദ്യാർത്ഥിയായിരുന്ന അക്ഷിതയെ കൊലപ്പെടുത്തിയത് പ്രണയാഭ്യര്‍ത്ഥന നടത്തിയതിന്റെ മൂന്നാം നാളായിരുന്നു. മുള്ളേരിയ ടൗണില്‍ വാഴക്കുല കച്ചവടം നടത്തുന്ന കാറഡുക്ക ശാന്തിനഗറിലെ രാധാകൃഷ്ണ ഭട്ടിന്റെയും ദേവകിയുടേയും ഇളയമകളാണു കൊല്ലപെട്ട അക്ഷിത.
നാല് ദിവസം മുമ്പാണ് കാർത്തിക് ആദ്യമായി പ്രണയഭ്യാർത്ഥനയുമായെത്തുന്നത്. തുടർന്ന് രണ്ട് വട്ടം കൂടെ കാർത്തിക് പ്രണയാഭ്യാർത്ഥനയുമായെത്തി. അനുകൂലമല്ലായിരുന്നു അക്ഷിതയുടെ പ്രതികരണം. അക്ഷിതയെ അക്രമിക്കാനായി മൂർച്ചയേറിയ കത്തി ബാഗിലൊളിപ്പിച്ചാണ് സംഭവ ദിവസം ദിവസം പ്രതി കാർത്തിക് കോളേജിലെത്തിയത്.
കഴിഞ്ഞ വർഷമാണ് അക്ഷിത ഡിഗ്രി പഠനത്തിനായി കർണാക സുള്ള്യയിലെ നെഹ്രു മെമ്മോറിയൽ കോളേജിൽ ചേർന്നത്. രണ്ടാം വർഷ ബി.എസ്.സി വിദ്യാർത്ഥിയായിരുന്നു. കേരളത്തിൽ ബസ് സമരമായതിനാൽ അക്ഷിത നേരത്തെ കോളേജിൽ നിന്നും ഇറങ്ങി. പിന്തുടർന്നെത്തിയ പ്രതി സുള്ള്യ ബസ്സ്റ്റാന്റിന് അടുത്ത് വച്ചാണ് അക്ഷിതയെ തടഞ് നിർത്തി കുത്തിയത്. ആദ്യ കുത്തേറ്റ് ഓടിയ അക്ഷിതയെ പിന്തുടർന്ന് വീണ്ടും കുത്തുകയായിരുന്നു. മാരകമായ ഏഴ് മുറിവുകളാണ് അക്ഷിതയ്ക്കേറ്റത്.
നിരവധി പേർ സംഭവ സ്ഥലത്തുണ്ടായിരുന്നെങ്കിലും ആരും തടയാൻ ശ്രമിച്ചില്ല. സമീപത്തെ ഹോട്ടലിലുണ്ടായിരുന്ന ആളാണ് അക്ഷിതയെ ആശുപത്രിയിലെത്തിച്ചത്. സാരമായ പരിക്കേറ്റതിനാൽ മംഗലാപുരത്തെ ആശുപത്രിയിലേക്ക് കൊണ്ടു പോകുന്നതിനിടയിലായിരുന്നു മരണം. സംഭവ സ്ഥലത്ത് വച്ച് തന്നെ കൈരഞരമ്പ് മുറിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ച കാർത്തികിനെ വിദ്യാർത്ഥികളാണ് പിടിച്ച് പൊലീസിലേൽപ്പിച്ചത്. സുള്ള്യ നാർണകജെ സ്വദേശിയാണ് കാർത്തിക്.
എഞ്ചിനീയറിംഗ് പഠനം ഉപേക്ഷിച്ചാണ് ബി.എസ്.സി പഠനത്തിനായി എൻ.എം.സി കോളേജിൽ ചേർന്നത്. ക്ലാസിൽ ആരുമായും അടുപ്പം കാണിക്കാത്ത പ്രകൃതകാരനാണ്. പ്രതിയ്ക്ക് മാനസിക രോഗമുണ്ടെന്ന് കാണിച്ച് കേസിൽ നിന്നും രക്ഷപ്പെടാൻ ശ്രമം നടക്കുന്നതായും ആക്ഷേപമുണ്ട്. അതേ സമയം അക്ഷിതയുടെ മരണവാർത്ത വീട്ടുകാർ അറിയുന്നത് പോലും നവമാധ്യമങ്ങൾ വഴിയായിരുന്നു. ഉത്തരവാദിത്തപ്പെട്ട അധികാരികൾ പോലുമില്ലാത്ത വിദ്യാഭ്യാസ സ്ഥാപനങ്ങളിലാണോ നാളെയുടെ സ്വപ്നങ്ങൾ നിറവേറ്റാനായി നമ്മുടെ മക്കളെ പറഞ്ഞുവിടുന്നത്. അവർ പഠിക്കുന്ന സ്ഥാപനങ്ങൾക്കും ഉത്തരവാദിത്തം ഇല്ലാത്ത അവസ്ഥ. വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ വച്ച് പോലും പലരും മരിക്കുന്ന വാർത്ത ഈ അടുത്തു കാണുന്നു... ഇതിനൊക്കെ എതിരെ നമുക്ക് എന്ത് ചെയ്യാൻ കഴിയും?
മക്കളുടെ ഉന്നത വിദ്യാഭ്യാസത്തിനുവേണ്ടി മറ്റൊരു സംസ്ഥാനത്ത് കോളേജിൽ സീറ്റ് ഉറപ്പിച്ച് താമസ സൗകര്യവും ആവശ്യത്തിന് കാശും നൽകിയാൽ തീരുന്നതാണോ മാതാപിതാക്കളുടെ ഉത്തരവാദിത്വം ? ഒരു കുട്ടിയെ പഠിക്കാൻ വിട്ടാൽ ഇനി മുതൽ കുടുംബത്തോടെ ആ നാട്ടിലേയ്ക്ക് താമസം മാറ്റുന്നതാവും ഏറെ ഉചിതവും സുരക്ഷിതവും. അല്ലെങ്കിൽ പഠിച്ച് വിജയിച്ച് വരാൻ മക്കൾ ബാക്കിയുണ്ടാവില്ല. എല്ലാത്തരം ദുശ്ശീലങ്ങളും പഠിക്കാൻ അവർക്ക് അവസരം ഉണ്ടാക്കി കൊടുക്കാൻ പറ്റിയ സാഹചര്യം. ഇഷ്ടത്തിനൊത്ത് ജീവിക്കാനുള്ള ചുറ്റുപാടുകൾ. ആവശ്യത്തിന് പണം. എത്ര നല്ല കുട്ടിയാണെങ്കിലും അത്യാവിശ്യം നശിക്കാൻ ഇവയൊക്കെ മതി.
ഒരുമിച്ചു താമസിക്കുന്ന സുഹൃത്തുക്കളുടെ ജീവിത ചുറ്റുപാടുകൾ അന്വേഷിക്കേണ്ട ബാധ്യതയും മാതാപിതാക്കൾക്ക് ഉണ്ട്. പലപ്പോഴും നമ്മുടെ നാട്ടിലെ കുട്ടികൾ പല കാരണങ്ങൾകൊണ്ടും മരണപ്പെടുന്നുണ്ട്. അത് ചിലപ്പോൾ കൊലപാതകമോ, പീഡനമോ, ആത്മഹത്യയോ ആകാം.. എന്നിരുന്നാൽ പോലും അത്തരം കേസുകളുടെ സത്യാവസ്ഥ പുറത്തുകൊണ്ടുവരാൻ മെനക്കെടാതെ പോലീസ് സ്വാഭാവിക മരണമെന്ന നിലയിൽ കേസുകൾ ഒതുക്കിത്തീർക്കാറുണ്ട്. അന്യസംസ്ഥാനങ്ങളിലെത്തിയാൽ നമ്മുടെ കുട്ടികളുടെ ജീവന് വിലയില്ലാതാകുമെന്നാണോ?
അന്തി ചർച്ചകൾക്ക് മത്സരിക്കുന്ന മാധ്യമങ്ങളിൽ പോലും ഇത്തരം വിഷയങ്ങൾ ഉയരുന്നില്ല. അവർക്ക് രാഷ്ട്രീയം മതി! രാഷ്ട്രീയത്തിന് അമിത പ്രാധാന്യം നൽകുന്നതാണ് രാഷ്ട്രീയ കൊലപാതകങ്ങൾക്കെല്ലാം കാരണം, ഇത് പോലെ ജനങ്ങളെ ബാധിക്കുന്ന ജനം മുൻകരുതൽ എടുക്കേണ്ട, സർക്കാർ മുൻകരുതൽ എടുക്കേണ്ട എത്രയോ വിഷയങ്ങൾ ഉണ്ട്. ഇതെല്ലാമാണ് ചർച്ച ചെയ്യപ്പെടേണ്ടത്! ഇത്തരം കണ്ണില്ലാത്ത ക്രൂരതകൾക്കെതിരെ നമുക്ക് എന്ത് ചെയ്യാൻ കഴിയും എന്ന് നമ്മൾ ചിന്തിക്കണം. ഇതിനായി അന്യസംസ്ഥാനങ്ങളിൽ പഠിക്കുന്ന മലയാളി വിദ്യാർത്ഥികളുടെ സ്ഥിതി വിവരകണക്കുകൾ ശേഖരിക്കാൻ സംസ്ഥാന സർക്കാർ തയാറാകണം. അതോടൊപ്പം ഇവരുടെ സുരക്ഷാ ഉറപ്പാക്കാൻ അയൽ സംസ്ഥാനങ്ങളോട് അഭ്യർത്ഥികയും വേണം. റാഗിങ്ങ് നടക്കുന്ന കോളേജുകളിലെ അംഗീകാരം ഇല്ലാതാകണമെന്നും സർക്കാരിന് ആവശ്യപ്പെടാം.
കേരളത്തിൽ ഇത്രയേറെ എഞ്ചിനീയറിംഗ് കോളേജുകളും പോളിടെക്നിക് സ്ഥാപനങ്ങളും ഉണ്ടായിട്ടും എന്തിന് ഇപ്പോഴും അന്യ ദേശത്തെ സ്ഥാപനങ്ങളെ ആശ്രയിക്കണം. ഒരു പക്ഷെ ഇവിടെ ഗവണ്മെന്റ് ക്വട്ട കഴിഞ്ഞാൽ പിന്നെ ബാക്കിയാവുന്ന സീറ്റുകളിലെ ഭാരിച്ച ഫീസ് പല കുട്ടികളുടെയും മാതാപിതാക്കൾക്ക് താങ്ങാനാവുന്നതായിരിക്കില്ല. അപ്പോൾ സ്വാഭാവികമായും അന്യസംസ്ഥാനങ്ങളിലെ കോളേജുകളിൽ കുറഞ്ഞ ഫീസിൽ പഠിക്കാൻ കുട്ടികളെ അയക്കുകയല്ലാതെ മറ്റ് മാർഗ്ഗങ്ങൾ ഇല്ല. സുരക്ഷിതമല്ലാത്ത ഈ പ്രവണത വല്ലാതെ വളർന്നു വരുന്നു. കൊലപാതകവും റാഗിങ്ങും മാത്രമല്ല. പലതരത്തിലുള്ള ലൈംഗിക ചൂഷണങ്ങളും അന്യസംസ്ഥാനത്ത് പഠിക്കാൻ പോകുന്ന ആൺ-പെൺ കുട്ടികൾക്ക് നേരെ വർദ്ധിച്ച് വരുന്നുണ്ട്. ഒരുപക്ഷെ ഇതിപ്പോൾ നിയന്ത്രിക്കാൻ കഴിയാവുന്ന അവസ്ഥയിൽ നിന്നും ഒരുപാട് ഉയരങ്ങളിൽ ആയിരിക്കും. കഴിവതും കുട്ടികളെ അന്യസംസ്ഥാനങ്ങളിലേയ്ക്ക് അയക്കാതിരിക്കുക. കണ്മുന്നിൽ മാത്രം നിർത്തി പഠിപ്പിച്ച് അതല്ലാതെ നാളെയുടെ യൗവനത്തെ സംരക്ഷിക്കാൻ നമുക്ക് വേറെ വഴിയില്ല.
https://www.facebook.com/Malayalivartha























