കോണ്‍ഗ്രസുമായി തെരഞ്ഞെടുപ്പ് സഖ്യം വേണ്ടെന്ന് യെച്യൂരി, സ്വകാര്യ സേനകള്‍ രാജ്യത്തിന്റെ ഐക്യത്തിന് തടസം നില്‍ക്കുന്നു

അക്രമം സി.പി.എം നയമല്ലെന്നും സഖാക്കള്‍ ആക്രമിക്കപ്പെട്ടാല്‍ പ്രതിരോധിക്കുമെന്നും പാര്‍ട്ടി ജനറല്‍ സെക്രട്ടറി സീതാറാം യെച്യൂരി. സംസ്ഥാന സമ്മേളനം തൃശൂരില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ജനകീയപോരാട്ടത്തില്‍ നിരവധി പേരെയാണ് പാര്‍ട്ടിക്ക് നഷ്ടമായത്. പാര്‍ട്ടിക്ക് തെറ്റുപറ്റിയാല്‍ തിരുത്തും. സഖാക്കള്‍ ആക്രമിക്കപ്പെടുമ്പോള്‍ അവര്‍ക്ക് സംരക്ഷണം ഒരുക്കേണ്ടി വരും. പ്രതിരോധത്തെ തെറ്റായി ചിത്രീകരിക്കാന്‍ ചിലര്‍ ശ്രമിക്കുന്നുണ്ട്. 577 സഖാക്കളാണ് എതിരാളികളുടെ ആക്രമത്തില്‍ കൊല്ലപ്പെട്ടത്. മാര്‍ക്‌സിസം ലെനിനിസം ഉയര്‍ത്തി ഇവര്‍ നടത്തിയ പ്രവര്‍ത്തനങ്ങളാണ് എതിരാളികളെ ചൊടിപ്പിച്ചത്.
ഉള്‍പ്പാര്‍ട്ടി ജനാധിപത്യമാണ് സി.പി.എമ്മിന്റെ ശക്തി. കരട് രാഷ് ട്രീയ പ്രമേയം ഉള്‍പാര്‍ട്ടി ജനാധിപത്യത്തിന്റെ ഉല്‍പന്നമാണെന്നും അദ്ദേഹം പറഞ്ഞു. ആര്‍.എസ്.എസിന്റെ സംസ്‌കാരമാണ് ആക്രമണം. വര്‍ഗീയ ലഹളകളും കലാപങ്ങളും നടത്തിയിട്ടുള്ളത് ആര്‍.എസ്.എസ് ആണ്. അവരെയും ബി.ജെ.പിയെയും പരാജയപ്പെടുത്തണം. ജനാധിപത്യമായ രീതിയില്‍ ശത്രുക്കളെ നേരിടണം. ബി.ജെ.പി- ആര്‍.എസ്.എസ് ആക്രമണങ്ങളെ ജനങ്ങളെ മുന്‍നിര്‍ത്തി എതിര്‍ക്കണം. ബി.ജെ.പി വിരുദ്ധ വോട്ടുകള്‍ പിടിക്കണം. കോണ്‍ഗ്രസുമായി തെരഞ്ഞെടുപ്പ് സഖ്യം വേണ്ടെന്നും യെച്യൂരി വ്യക്തമാക്കി.
ചങ്ങാത്തമുതലാളിത്തത്തിനും കുത്തകവല്‍ക്കരണത്തിനും എതിരെ ഇടത് ബദല്‍ ഉണ്ടാക്കി ജനകീയ പോരാട്ടങ്ങള്‍ നടത്തണം. അതിനായി പാര്‍ട്ടിയുടെ ശക്തി വര്‍ദ്ധിപ്പിക്കണം. നവഉദാരവല്‍ക്കരണ നയങ്ങള്‍, ഹിന്ദുത്വ ദേശീയത, ഭരണകുടങ്ങളുടെ സ്വഭാവത്തിലുണ്ടാകുന്ന മാറ്റം, വിദേശനയത്തിലെ മാറ്റം എന്നിവയാണ് രാജ്യം നേരിടുന്ന പ്രധാന വെല്ലുവിളികള്‍. ഇവയെ സാര്‍വദേശീയ പരിഗണനയോടെ നേരിടാനാവണം. മോദി രാജ്യത്തെ വിറ്റഴിക്കുകയാണ്. ഐക്യത്തിന് പ്രധാനമന്ത്രി തന്നെ ഭീഷണിയാണ്. അക്രമങ്ങള്‍ക്ക് ഭരണകൂടം നേതൃത്വം നല്‍കുന്നു. ത്രിപുരയില്‍ തീവ്രവാദ ശക്തികളെ കൂട്ടുപിടിച്ചാണ് ബി.ജെ.പി തെരഞ്ഞെടുപ്പിനെ നേരിട്ടത്. അവിടെ അവര്‍ പരാജയപ്പെടും.
രാജ്യത്തെ മുസ്്‌ലിം, ക്രിസ്ത്യന്‍, കമ്മ്യൂണിസ്റ്റ് വിഭാഗങ്ങള്‍ ഹിന്ദു രാഷ്ട്രത്തിന് ആഭ്യന്തര തടസം നില്‍ക്കുന്നെന്നാണ് ആര്‍.എസ്.എസ് ആരോപിക്കുന്നത്. പലതരം സ്വകാര്യ സേനകളെ ആര്‍.എസ്.എസ് വളര്‍ത്തുന്നു. അവര്‍ ഭരണഘടനയെ വെല്ലുവിളിക്കുന്നു. എന്ത് കഴിക്കണം, എന്ത് വസ്ത്രം ധരിക്കണം, ആരെ വിവാഹം കഴിക്കണം, എന്ത് എഴുതണം, എന്ത് കാണണം എന്നെല്ലാം സ്വകാര്യ സേനകള്‍ തീരുമാനിക്കുന്ന നിലയിലേക്ക് കാര്യങ്ങള്‍ നീങ്ങുന്നു. ഇതിനെ ചെറുക്കണം. ന്യൂനപക്ഷ സംരക്ഷണം സി.പി.എമ്മിന്റെ ചുമതലയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ഇന്ത്യയുടെ ബഹുസ്വരത തകര്‍ക്കാനാണ് ബി.ജെ.പി- ആര്‍.എസ്.എസ് ശ്രമം. മതനിരപേക്ഷത തകര്‍ത്ത് മത രാഷ്ട്രമാക്കാനാണ് ബി.ജെ.പി ശ്രമം. മതനിരപേക്ഷത തകര്‍ക്കാനുള്ള ശ്രമത്തെ സി.പി.എം ചെറുക്കും. രാജ്യം വലിയ വെല്ലുവിളി നേരിടുന്നു. നവ ഉദാരവല്‍ക്കരണ നയങ്ങളോട് വിട്ടുവീഴ്ചയില്ല. കുഭകോണങ്ങളില്‍ പ്രതികരണമില്ലാത്ത മോദി മൗനി മോദിയായിരിക്കുന്നു. മിക്കമാധ്യമങ്ങളും മോദിക്ക് കീഴടങ്ങിയിരിക്കുന്നു. കേരളത്തിലേത് പോലെ രാജ്യത്ത് മറ്റിടങ്ങളിലും പാര്‍ട്ടിയെ ശക്തമാക്കുകയാണ് ലക്ഷ്യം. ഇടതുപക്ഷ ഐക്യം ശക്തിപ്പെടുത്തി ബദല്‍ നയങ്ങള്‍ ഉയര്‍ത്തി മുന്നോട്ട് പോകും.
ബദല്‍ നയം ഉയര്‍ത്തി ജനകീയ സര്‍ക്കാരായി കേരള സര്‍ക്കാര്‍ മുന്നോട്ടു പോകുന്നത് ബി.ജെ.പിയെ ചൊടിപ്പിച്ചിരിക്കുന്നു. രാജ്യത്തിന് മാതൃകയായ പ്രവര്‍ത്തനങ്ങളാണ് എല്‍.ഡി.എഫ് സര്‍ക്കാര്‍ കാഴ്ച വെക്കുന്നത്. അതു കൊണ്ട് സര്‍ക്കാരിനെതിരെ എന്ത് നീചമായ നടപടികളും സ്വീകരിക്കാന്‍ അവര്‍ മടിക്കില്ല. സംസ്ഥാനത്ത് അക്രമം അഴിച്ചു വിടുന്നതുംം നുണ പ്രചരണം നടത്തുന്നതും ഇതിന്റെ ഭാഗമാണ്. എന്നാല്‍ കേരള ജനത ഒറ്റക്കെട്ടായി ഈ കുതന്ത്രങ്ങളെ ചെറുക്കുമെന്നും യെച്യൂരി വ്യക്തമാക്കി.
https://www.facebook.com/Malayalivartha























