നിയമസഭയിലെ കയ്യാങ്കളി കേസില്‍ ആന്റി ക്‌ളൈമാക്‌സ്; കേസ് പിന്‍വലിച്ച കാര്യം സര്‍ക്കാര്‍ കോടതിയെ അറിയിച്ചില്ല, മന്ത്രി കെ.ടി ജലീല്‍ ഉള്‍പ്പെടെ കോടതിയില്‍ ഹാജരാകണം

2015ല്‍ ധനമന്ത്രി കെ.എം മാണിയുടെ ബജറ്റ് അവതരണം തടസപ്പെടുത്താന്‍ പ്രതിപക്ഷം കാട്ടിക്കൂട്ടിയ കയ്യിങ്കളിക്കിടെ സ്പീക്കറുടെ കസേര ഉള്‍പ്പെടെയുള്ള പൊതുമുതലുകള്‍ നശിപ്പിച്ച കേസ് പിന്‍വലിക്കാന്‍ ഉത്തരവിറക്കിയിട്ടും സര്‍ക്കാര്‍ ഇക്കാര്യം കോടതിയെ അറിയിച്ചില്ല. ഇതോടെ മന്ത്രി കെ.ടി ജലീല്‍ ഉള്‍പ്പെടെയുള്ള ആറ് പ്രതികള്‍ ഏപ്രില്‍ 25ന് കോടതിയില്‍ നേരിട്ട് ഹാജരാകണം. കേസില്‍ മുമ്പ് കുറ്റപത്രം സമര്‍പ്പിച്ചിരുന്നു. പ്രതികള്‍ ഹാജരാകുമ്പോഴത് വായിക്കും. മുന്‍ എം.എല്‍.എ വി.ശിവന്‍കുട്ടി നല്‍കിയ അപേക്ഷയെ തുടര്‍ന്ന് ഈമാസം ഒന്‍പതിനാണ് കേസ് പിന്‍വലിച്ച് സര്‍ക്കാര്‍ ഉത്തരവിറക്കിയത്. ഇതിനെതിരെ വ്യാപകപ്രതിഷേധം ഉയര്‍ന്നിരുന്നു. കേസ് ഇന്ന് തിരുവനന്തപുരം സി.ജെ.എം കോടതി പരിഗണിച്ചപ്പോള്‍ പിന്‍വലിച്ച കാര്യം പ്രോസിക്യൂഷന്‍ അറിയിച്ചില്ല.
കേസ് പിന്‍വലിച്ചതിനെതിരെ ആംആദ്മി പാര്‍ട്ടി നേതാവ് ഉള്‍പ്പെടെ മുന്ന് പേര്‍ തടസഹര്‍ജി നല്‍കി. എന്നാല്‍ കേസ് പിന്‍വലിക്കാത്തതിനാല്‍ എന്തിനാണ് തടസഹര്‍ജിയെന്ന് കോടതി ആരാഞ്ഞു. പിന്‍വലിക്കുന്ന സാഹചര്യം ഉണ്ടായാല്‍ ഹര്‍ജി പരിഗണിച്ചാല്‍ മതിയെന്ന് ഇവര്‍ അറിയിച്ചു.
ഇ.പി. ജയരാജന്‍, കെ.അജിത്, കെ. കുഞ്ഞഹമ്മദ്, സി.കെ.സദാശിവന്‍ എന്നിവരാണു മറ്റു പ്രതികള്‍. യുഡിഎഫിന്റെ പ്രതിഷേധം അതിരുകടക്കുന്നുവെന്ന വിശദീകരണവുമായി സ്പീക്കര്‍ നടത്തിയ പത്രസമ്മേളനത്തില്‍, താന്‍ കൂടി ഉള്‍പ്പെട്ട കയ്യാങ്കളിക്കേസ് പിന്‍വലിക്കുന്നതു സംബന്ധിച്ചു ചോദ്യമുയര്‍ന്നെങ്കിലും അദ്ദേഹം പ്രതികരിച്ചില്ല. ബാര്‍ കോഴ ആരോപണം ഉന്നയിച്ചു 2015 മാര്‍ച്ച് 13ന് അന്നത്തെ ധനമന്ത്രിയുടെ ബജറ്റ് അവതരണമാണു തടസ്സപ്പെടുത്തിയത്.
നിയമസഭാ സെക്രട്ടറിയുടെ പരാതിയിലാണ് കന്റോണ്‍മെന്റ് പൊലീസ് ജാമ്യമില്ലാ വകുപ്പു ചുമത്തി കേസ് റജിസ്റ്റര്‍ ചെയ്തത്. അഞ്ചു ലക്ഷം രൂപയുടെ നഷ്ടം സര്‍ക്കാരിന് ഉണ്ടായെന്നാണ് കേസ്. മുന്‍ എം.എല്‍.എ ശിവന്‍കുട്ടി കത്ത് നല്‍കിയതിനെ തുടര്‍ന്ന് മുഖ്യമന്ത്രി അഡ്വക്കറ്റ് ജനറലിന്റെ നിയമോപദേശം തേടിയിരുന്നു. നിയമസഭയുടെ അന്തസ്സിനു കളങ്കമുണ്ടാക്കി വസ്തുവകകള്‍ നശിപ്പിച്ച കേസ് പിന്‍വലിച്ചതിനെതിരെ നിയമപരമായി നേരിടുന്നതിനെക്കുറിച്ചു വിദഗ്ധരുമായി ആലോചിക്കുമെന്നു പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു.
https://www.facebook.com/Malayalivartha

























