ഭൂമി കച്ചവട വിവാദം; കര്‍ദ്ദിനാളിന് പിന്തുണ പ്രഖ്യാപിച്ച് സീറോ മലബാര്‍ സഭയിലെ രൂപതകള്‍ ഇന്ന് ഉപവാസ പ്രാര്‍ത്ഥനാദിനമായി ആചരിക്കും

ഭൂമി കച്ചവട വിവാദത്തില്‍ കര്‍ദ്ദിനാളിന് പിന്തുണ പ്രഖ്യാപിച്ച് സീറോ മലബാര്‍ സഭയിലെ രൂപതകള്‍ ഇന്ന് ഉപവാസ പ്രാര്‍ത്ഥനാദിനമായി ആചരിക്കും. കര്‍ദ്ദിനാള്‍വിരുദ്ധ നിലപാട് സ്വീകരിച്ച എറണാകുളം അങ്കമാലി അതിരൂപതയില്‍ മുതിര്‍ന്ന വൈദികര്‍ ചേര്‍ന്ന് രൂപം കൊടുത്ത എഎംപിയുടെ നേതൃത്വത്തിലാണ് പ്രാര്‍ത്ഥനാദിനാചരണം. പ്രാര്‍ത്ഥനാദിനാചരണത്തിന് പുറമെ കര്‍ദ്ദിനാളിന് പിന്തുണ പ്രഖ്യാപിച്ച് പ്രകടനങ്ങള്‍ നടത്താനും വിവിധ രൂപതകള്‍ തീരുമാനിച്ചിട്ടുണ്ട്.
സീറോ മലബാര്‍ സഭയെ പിടിച്ചുകുലുക്കിയ ഭൂമി കച്ചവട വിവാദത്തില്‍ കര്‍ദിനാളിന് പിന്തുണ പ്രഖ്യാപിച്ച് രൂപതകള്‍ സ്വന്തം നിലക്കാണ് പ്രാര്‍ത്ഥനാദിനാചരണം പ്രഖ്യാപിച്ചത്. ഇന്ത്യക്ക് അകത്തും പുറത്തുമുള്ള സീറോ മലബാര്‍ സഭയുടെ 28 രൂപതകള്‍ ഇന്ന് ഉപവാസ പ്രാര്‍ത്ഥനാദിനാമാചരിക്കാന്‍ നിലപാടെടുത്തത്. ഇതിനു പിന്നാലെ സീറോ മലബാര്‍ സഭാ സിനഡും പ്രാര്‍ത്ഥനാദിനാചരണത്തിന് ആഹ്വാനം നല്‍കിയിട്ടുണ്ട്. മാര്‍ച്ച് 23നാണ് സിനഡിന്റെ ഉപവാസ ആചരണം.
കര്‍ദ്ദിനാള്‍ വിരുദ്ധ നിലപാട് സ്വീകരിക്കുന്ന എറണാകുളം അങ്കമാലി അതിരൂപതയിലും പ്രാര്‍ത്ഥനാദിനാചരണം നടക്കും. അതിരൂപതയിലെ സീനിയര്‍ വൈദികര്‍ അല്‍മായര്‍ക്കൊപ്പം ചേര്‍ന്ന് രൂപികരിച്ച എഎംപിയുടെ നേതൃത്വത്തിലാണ് പ്രാര്‍ത്ഥനാദിനാചരണം നടക്കുന്നത്. ബിഷപ്പ് സെബാബാസ്റ്റ്യന്‍ ഇടയന്ത്രത്തിനും വിമതവൈദികര്‍ക്കും എതിരെ അതിരൂപതയിലെ മുതിര്‍ന്ന വൈദികര്‍ സ്ഥിരം സിനഡിന് പരാതി നല്‍കിയിരുന്നു.
https://www.facebook.com/Malayalivartha

























