ആട് 2 ന്റെ വിജയാഘോഷ വേളയിൽ കോട്ടയം കുഞ്ഞച്ചന്റെ രണ്ടാം ഭാഗം വരുന്നു എന്ന് പ്രഖ്യാപിച്ച മമ്മൂട്ടിയെ പ്രതിസന്ധിയിലാക്കിയ നിർമ്മാതാവ് എം.മണിയെ അനുനയിപ്പിക്കാൻ മമ്മൂട്ടി രംഗത്ത്...

പ്രോജക്ട് അനൗൺസ് ചെയ്ത് പുലിവാല് പിടിച്ച അവസ്ഥയിലാണ് മമ്മുട്ടി. താൻ ഒരു കാര്യം പ്രഖ്യാപിച്ചാൽ അത് നടക്കണമെന്ന കാര്യത്തിൽ മമ്മൂട്ടിക്ക് വാശിയുണ്ട്. എന്നാൽ കോട്ടയം കുഞ്ഞച്ചന്റെ നിർമ്മാതാവ് എം മണി ഉടക്കിട്ടതോടെ മമ്മൂട്ടി വെള്ളത്തിലായി.
കോട്ടയം കുഞ്ഞച്ചൻ എന്ന നിത്യഹരിത ചിത്രത്തിന്റെ രണ്ടാം പതിപ്പ് ഇറക്കാൻ ആട് 2 ന്റെ നിർമ്മാതാവ് വിജയ് ബാബു തീരുമാനിച്ചതോടെയാണ് വിവാദം കൊഴുത്തത്. 1990ലാണ് ചിത്രം പുറത്തിറങ്ങിയത്. അക്കാലത്തെ സൂപ്പർ ഹിറ്റ് ചിത്രമായിരുന്നു ഇത്. രണ്ടാം ഭാഗം മിഥുൻ മാനുവൽ സംവിധാനം ചെയ്യുമെന്നും മമ്മുട്ടി പ്രഖ്യാപിച്ചു. എന്നാൽ യഥാർത്ഥ നിർമ്മാതാവ് എം മണി താൻ ഇക്കാര്യം അറിഞ്ഞിട്ടില്ലെന്ന് പരസ്യമായി പ്രഖ്യാപിച്ചു. കോട്ടയം കുഞ്ഞച്ചന്റെ റൈറ്റ് എം.മണിക്കാണ് ഉള്ളത്. റൈറ്റ് വാങ്ങണമെങ്കിൽ എഴുതി വാങ്ങണം. എന്നാൽ നിർമ്മാതാവ് വിജയ് ബാബു മണിയോട് ഫോണിൽ സംസാരിക്കുക മാത്രമാണ് ചെയ്തത്. തനിക്ക് വിരോധമില്ലെന്ന് മണി പറഞ്ഞതായാണ് വിജയുടെ വാദം. വാക്കാൽ പോലും താൻ അനുമതി നൽകിയിട്ടില്ലെന്ന് മണി പറഞ്ഞു.
എന്നാൽ നടന്നത് മറ്റൊന്നാണ്. ആട് 2 ൽ ആവേശഭരിതനായ മമ്മൂട്ടി തന്റെ ടിപ്പിക്കൽ അച്ചായൻ വേഷത്തിന്റെ രണ്ടാം ഭാഗം എടുക്കുന്ന കാര്യം വിജയോട് സംസാരിച്ചു. മണിയെ മണിയാക്കിയ താൻ പറയുന്നത് എം മണി അനുസരിക്കുമെന്നാണ് മമ്മൂട്ടി കരുതിയത്. മമ്മൂട്ടി പറഞ്ഞത് അനുസരിച്ചാണ് വിളിക്കുന്നതെന്ന് വിജയ് മണിയോട് പറഞ്ഞു. എന്നാൽ മമ്മൂട്ടിക്ക് വേണമെങ്കിൽ അദ്ദേഹം വിളിക്കട്ടെ എന്ന് മണി കരുതിയിരിക്കാം. സിനിമയിൽ സജീവമല്ലാത്ത മണിയെ സംബന്ധിച്ചടത്തോളം ഇനി മമ്മൂട്ടിയുടെ ആവശ്യമില്ല.
അതേ സമയം മമ്മൂട്ടിക്ക് കുഞ്ഞച്ചൻ മാനിയ പിടിപ്പെട്ട് കഴിഞ്ഞു. അതായത് കുഞ്ഞച്ചന്റെ രണ്ടാം ഭാഗം ചെയ്യാതെ ഇനി ഉറക്കമില്ല. മണിയുടെ നിലപാടിൽ മമ്മൂട്ടിക്ക് വളരെയേറെ ഈർഷ്യയുണ്ട്. പഴയ കാലത്തായിരുന്നെങ്കിൽ മെഗാ താരം കാണിച്ചു കൊടുത്തേനെ. ആട് 3 താൻ അനൗൺസ് ചെയ്താൽ എങ്ങനെയിരിക്കും എന്നാണ് മണി ചോദിച്ചത്. ഇതിനിടെ ചിത്രത്തിന്റെ കാര്യങ്ങൾ ചർച്ച ചെയ്യാൻ വിജയുടെ പ്രൊഡക്ഷൻ മാനേജർ മണിയെ ഫോണിൽ വിളിച്ചതും അദ്ദേഹത്തെ അലോസരപ്പെടുത്തിയിട്ടുണ്ട്.
താൻ ഫോണിൽ വിളിച്ചിട്ട് മണി ഫോൺ പോലും എടുക്കുന്നില്ലെന്ന് വിജയ് ബാബു പരാതിപ്പെടുന്നു. മണിക്ക് വിരോധമുണ്ടെങ്കിൽ താൻ സിനിമ എടുക്കുന്നില്ലെന്ന് വിജയ് ബാബു പറഞ്ഞു. എന്നാൽ മമ്മൂട്ടിയെ നായകനാക്കി താൻ സിനിമയെടുക്കുമെന്ന് വിജയ് ബാബു തറപ്പിച്ച് പറയുന്നു.സുരേഷ് ബാബുവാകട്ടെ താൻ കോട്ടയം കുഞ്ഞച്ചന്റെ രണ്ടാം ഭാഗം ചെയ്യാനുള്ള തയ്യാറെടുപ്പിലാണെന്ന് പറയുന്നു.
https://www.facebook.com/Malayalivartha